വിമർശകരേ...തുടരുക; സഞ്ജു ഇവിടെത്തന്നെയുണ്ടാകും
ജൊഹാനസ്ബർഗിലും മാർക്കോ ജാൻസൻ തന്നെയാണ് ആദ്യ ഓവർ എറിയാനെത്തിയത്. സ്‌ട്രൈക്കേഴ്‌സ് എന്‍റില്‍ അഭിഷേക് ശർമയല്ല. സഞ്ജു തന്നെയാണ്
ജെറാഡ് കോയെറ്റ്‌സി എറിഞ്ഞ 18ാം ഓവറിലെ അഞ്ചാം പന്തിൽ സിംഗിളെടുത്ത് മൂന്നക്കം തികക്കുമ്പോൾ അമിതാവേശത്തിന്റെ ഒരു ചെറുകണിക പോലും അയാളുടെ മുഖത്താരും കണ്ടില്ല. ഹെൽമറ്റൂരിയില്ല. തനിക്കായി എഴുന്നേറ്റ് നിന്ന് കയ്യടിച്ച ഡഗ്ഗൗട്ടിലേക്കൊന്ന് ബാറ്റ് ചൂണ്ടി. തിലക് വർമയെ ഒന്നാലിംഗനം ചെയ്തു. പിന്നെ വീണ്ടും ക്രീസിലേക്ക്.
'അധികമൊന്നും പറയുന്നില്ല. കഴിഞ്ഞ തവണ സെഞ്ച്വറി നേടിയപ്പോൾ ഒരുപാട് സംസാരിച്ചു. പിന്നെ രണ്ട് തവണയാണ് സംപൂജ്യനായി മടങ്ങിയത്. ഇനി എന്ത് ചെയ്യണമെന്നായിരുന്നു എന്റെ ചോദ്യം. കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഒടുവിൽ മൈതാനത്ത് അത് വീണ്ടും സംഭവിച്ചു. കളിക്ക് ശേഷം സഞ്ജു ഇക്കുറി പെട്ടെന്നെല്ലാം പറഞ്ഞവസാനിപ്പിച്ചു.
സെഞ്ചൂറിയനിലും സെന്റ് ജോർജ് പാർക്കിലും മാർക്കോ ജാൻസന്റെ പന്തുകൾക്ക് മുന്നിൽ നിസ്സഹായനായി വീണ് മടങ്ങുമ്പോൾ കമന്ററി ബോക്‌സൊരിക്കൽ ശബ്ദിച്ചത് 'ഫ്രം ഹീറോ ടു സീറോ' എന്നാണ്. അതെ നിങ്ങളെ ആകാശത്തോളം ഉയർത്തിയ മനുഷ്യർ തന്നെ വീഴ്ച്ചകളിൽ വലിച്ച് താഴെയിടാൻ മൈതാനത്തിന് പുറത്തുണ്ടാവും എന്നയാൾക്ക് നന്നായറിയാം. സമീപകാലത്ത് ഇന്ത്യൻ ക്രിക്കറ്റിൽ അയാളുടെ വീഴ്ച്ചകളേക്കാൾ ഉച്ചത്തില്‍ ആഘോഷമാക്കപ്പെട്ട മറ്റൊന്നുമുണ്ടായിട്ടില്ലല്ലോ.
ജൊഹാനസ്ബർഗിലും മാർക്കോ ജാൻസൻ തന്നെയാണ് ആദ്യ ഓവർ എറിയാനെത്തിയത്. സ്‌ട്രൈക്കേഴ്‌സ് എന്റിൽ അഭിഷേക് ശർമയല്ല. സഞ്ജു തന്നെയാണ്. ഇക്കുറി അയാൾ ഒരൽപം കരുതലോടെയാണ് തുടങ്ങിയത്. 134 കിലോമീറ്റർ വേഗതയിൽ പാഞ്ഞെത്തിയ ആദ്യ രണ്ട് പന്തുകളെ ഭംഗിയായി പ്രതിരോധിച്ചു. മൂന്നാം പന്തിനെ തേർഡ് മാനിലേക്കടിച്ചിട്ടൊരു സിംഗിൾ. ആ സെഞ്ച്വറിയിലേക്കുള്ള ആദ്യ ചുവടയാൾ മാർക്കോ ജാൻസന്റെ പന്തിൽ നിന്നാണ് തുടങ്ങിയത്.
ജാൻസന്റെ ആദ്യ ഓവർ ഒരു പയ്യെപ്പോക്കിന്റെ സൂചനയൊന്നുമായിരുന്നില്ല. കോയെറ്റ്‌സിയെറിഞ്ഞ അടുത്ത ഓവറിൽ തന്നെ സഞ്ജുവിന്റെ ബാറ്റിൽ നിന്ന് ആദ്യ സിക്‌സറെത്തി. രണ്ടാ പന്ത് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ നിലംതൊടാതെ ഗാലറിയിൽ. അതേ ഓവറിലെ നാലാം പന്തിനെ അതിർത്തി കടത്തി ക്രീസിൽ നിലയുറപ്പിച്ചു. സിപംലയെറിഞ്ഞ നാലാം ഓവറിൽ വീണ്ടും തുടർ ബൗണ്ടറികൾ.
അഞ്ചാം ഓവറിൽ അഭിഷേക് ശർമയും ട്രാക്കിലായി. സിമിലാനെ എറിഞ്ഞ ഓവറിൽ പിറന്നത് മൂന്ന് പടുകൂറ്റൻ സിക്‌സറുകൾ. ആദ്യ ഓവറിൽ അയാളെ കൈവിട്ട് കളഞ്ഞതിന് പ്രോട്ടീസിന് കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്. സ്‌കോർബോർഡിൽ 36 റൺസ് ചേർത്താണയാൾ മടങ്ങിയത്.
ആറാം ഓവറിൽ വൺ ഡൗണായി തിലക് വർമ ക്രീസിലേക്ക്. തന്റെ മൂന്നാം നമ്പർ ഒരിക്കൽ കൂടി തിലകിന് നൽകാൻ തീരുമാനിച്ചു ഇന്ത്യൻ നായകൻ. സെഞ്ചൂറിയനിൽ മൂന്നാം ടി20 അരങ്ങേറുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സൂര്യയുടെ മുറിയിലെത്തി ചോദിച്ച് വാങ്ങിയതാണ് തിലകാ പൊസിഷൻ. അതിന് പ്രതിഫലമായി അയാൾ ഇന്ത്യൻ നായകന് നൽകിയത് പൊന്നും വിലയുള്ളൊരു സെഞ്ചുറി. ജൊഹാനസ്ബർഗിൽ ഒരിക്കൽ കൂടി അതാവർത്തിച്ചു.
പേസർമാർ പരാജയപ്പെട്ടിടത്ത് സ്പിൻ കെണിയൊരുക്കാൻ തീരുമാനിച്ചു പ്രോട്ടീസ് നായകൻ. ആദ്യ ഓവർ എറിയാനെത്തിയ കേശവ് മഹാരാജിന്റെ ഒരു ബൗണ്ടറി കൊണ്ടാണ് സഞ്ജു സ്വാഗതം ചെയ്തത്. അടുത്ത ഓവർ എറിഞ്ഞ എയ്ഡൻ മാർക്രമിനെതിരെ റിവേഴ്‌സ് സ്വീപ്പിൽ ഒരു മനോഹര ബൗണ്ടറി. സ്പിന്നർമാരെത്തിയതോടെ ചെറുതായൊന്നു റൺവേഗം കുറഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു മാർക്രം. എന്നാൽ ആ ആശ്വാസത്തിന് അൽപായുസേ ഉണ്ടായിരുന്നുള്ളൂ.
കേശവ് മഹാരാജെറിഞ്ഞ ഒമ്പതാം ഓവറിൽ തിലക് വർമ സംഹാരരൂപം പൂണ്ടു. രണ്ടും മൂന്നും പന്തുകൾ നിലം തൊടാതെ അതിർത്തി കടന്നു. ഇന്ത്യൻ സ്‌കോർ പത്തോവറിന് മുമ്പേ മൂന്നക്കം തൊട്ടു. പിന്നെ ജൊഹാനസ്ബർഗ് ഒരു പൂരപ്പറമ്പാവുന്ന കാഴ്ചക്കാണ് ഗാലറി സാക്ഷ്യം വഹിച്ചത്. ട്രിസ്റ്റൻ സ്റ്റബ്‌സ് എറിഞ്ഞ പത്താം ഓവറിലെ ആദ്യ പന്തിനെ ലോങ് ഓണിലൂടെ ഗാലറിയിലെത്തിച്ച് സഞ്ജു ഫിഫ്റ്റി പൂർത്തിയാക്കി. അയാൾ സെഞ്ച്വറി കണ്ട മുൻ മത്സരങ്ങളുടെ തനിയാവർത്തനം. അടുത്ത പന്ത് ഡീപ് മിഡ്‌വിക്കറ്റിന് മുകളിലൂടെ വീണ്ടും ഗാലറിയിലേക്ക് മൂളിപ്പറന്നു. അതേ ഓവറിൽ സ്റ്റബ്‌സിനെ തിലക് രണ്ട് തവണ അതിർത്തി കടത്തി.
കളി 12ാം ഓവറിലേക്ക് കടക്കുമ്പോഴേക്കും ഇന്ത്യൻ സ്‌കോർ 150 കടന്നു. ക്രീസില്‍ സഞ്ജുവിനേക്കാൾ അപകടകാരി തിലകായിരുന്നു. തലങ്ങും വിലങ്ങും അയാളുടെ ബാറ്റിൽ നിന്ന് പന്ത് ഗാലറിയിലേക്ക് പ്രവഹിച്ചു. പതിനാലാം ഓവറിൽ പ്രോട്ടീസ് നായകനെ അതിർത്തി കടത്തി അയാൾ അർധ സെഞ്ച്വറി പൂർത്തിയാക്കി. അതും വെറും 22 പന്തിൽ. ആ ഓവറിൽ മാർക്രമിനെ നാല് തവണയാണ് അയാൾ അതിർത്തി കടത്തിയത്. കളി പതിനഞ്ചാം ഓവറിലേക്ക് കടക്കുമ്പോഴേക്കും ഇന്ത്യൻ സ്‌കോർ 200 കടന്നു. പിന്നെ എല്ലാം വേഗത്തിലായിരുന്നു
17ാം ഓവറിൽ സഞ്ജു 90 കടക്കുമ്പോൾ തിലകും 90 ലെത്തി. സഞ്ജുവിനെ മുമ്പേ തിലക് സെഞ്ചുറിയിൽ തൊടുമോ എന്ന് പോലും ആരാധകർ ഒരുവേള മനസിൽ കരുതിക്കാണും. 90 കളിൽ ഭയലേശമന്യേ സഞ്ജു പ്രോട്ടീസ് ബോളർമാരെ നേരിട്ടു. ഒടുവിൽ കോയെറ്റ്‌സിയെറിഞ്ഞ 18ാം ഓവറിൽ മലയാളി താരത്തിന്റെ സെഞ്ച്വറിയെത്തി. അമിതാവേശമില്ലാതെ അയാൾ ഗാലറിയിലേക്ക് ഒരു തവണ ബാറ്റ് ചൂണ്ടി. പിന്നെ വീണ്ടും ക്രീസിലേക്ക്. വെറും 51 പന്തിൽ നിന്നാണ് ഇക്കുറി അയാളുടെ ബാറ്റിൽ നിന്ന് സെഞ്ച്വറി പിറന്നത്. അപ്പോഴേക്കും ഇന്ത്യൻ സ്‌കോർബോർഡിൽ ഒരു റൺമല പിറന്ന് കഴിഞ്ഞിരുന്നു.
അടുത്ത ഓവറിൽ തിലക് വർമയും മൂന്നക്കം തൊട്ടു. 41 പന്തിൽ നിന്നായിരുന്നു തിലകിന്റെ സെഞ്ച്വറി. രണ്ട് തവണ അയാളെ കൈവിട്ടതിന് പ്രോട്ടീസ് താരങ്ങൾ കൊടുക്കേണ്ടി വന്ന വിലയായിരുന്നു ആ സെഞ്ച്വറി. ഒടുവിൽ അവസാന ഓവറെറിഞ്ഞ മാർകോ ജാൻസനെ ലോങ് ഓഫിലൂടെ സിക്‌സർ പറത്തി സഞ്ജു ഇന്ത്യൻ ഇന്നിങ്‌സിന് മനോഹരമായി അടിവരയിട്ടു. ഒമ്പത് സിക്‌സും ആറ് ഫോറുകളും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നപ്പോൾ 10 സിക്‌സറുകളും ഒമ്പത് ഫോറുമാണ് തിലകിന്റെ ബാറ്റിൽ നിന്ന് പ്രവഹിച്ചത്. 47 പന്തിൽ 120 റൺസ് അടിച്ചെടുത്ത തിലകിന്റെ ഇന്നിങ്‌സിൽ 96 റൺസും പിറന്നത് ബൗണ്ടറികളിൽ നിന്ന്. സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്ന 109 റൺസിൽ 90 റൺസും കൊണ്ട് പോയതും സിക്‌സും ഫോറും. കളിയിലാകെ ഇന്ത്യൻ താരങ്ങളെ പന്തിനെ നിലം തൊടാതെ അതിർത്തി കടത്തിയത് 23 തവണ. 17 ഫോറുകളാണ് അഭിഷേകും സഞ്ജുവും തിലകും ചേർന്ന് അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങിൽ സ്വന്തം മണ്ണിൽ സൗത്ത് ആഫ്രിക്കക്ക് തൊട്ടതെല്ലാം പിഴച്ചു. ആദ്യ ഓവറിൽ തന്നെ റീസ ഹെൻഡ്രിക്‌സിന്റെ കുറ്റി തെറിപ്പിച്ച് അർഷദീപ് സിങ്ങ് പ്രോട്ടീസിന്റെ പതനത്തിന് തുടക്കമിട്ടു. പിന്നെ സ്‌കോർബോർഡിൽ പത്ത് റൺസ് ചേർക്കുമ്പോഴേക്കും നാല് ബാറ്റർമാർ കൂടാരം കയറി. റീസയും ക്ലാസനും മൈതാനംവിട്ടത് സംപൂജ്യരായി. ട്രിസ്റ്റൻ സ്റ്റബ്‌സും ഡേവിഡ് മില്ലറും ചേർന്ന് നടത്തിയ പോരാട്ടമൊന്നും പ്രോട്ടീസിനെ രക്ഷിക്കാൻ പോന്നതായിരുന്നില്ല. മൈതാനത്തിന് പുറത്തേക്ക് തുടരെ മില്ലർ പറത്തിയ സിക്‌സറുകളൊഴിച്ചാൽ ദക്ഷിണാഫ്രിക്കക്ക് ആ മത്സരത്തിൽ ഓർമിക്കാൻ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ഒടുവിൽ ഇന്ത്യ ഉയർത്തിയ റൺമലക്ക് മുന്നിൽ ദക്ഷിണാഫ്രിക്ക ആയുധം വച്ച് കീഴടങ്ങി. 135 റൺസിന്റെ പടുകൂറ്റൻ ജയത്തോടെ രാജകീയമായി ഇന്ത്യയുടെ പരമ്പരവിജയം.
ഇന്ത്യ കുറിച്ച ഐതിഹാസിക വിജയത്തോടെ ടി20 ക്രിക്കറ്റിലെ നിരവധി റെക്കോർഡുകളാണ് ഇന്നലെ ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ കടപുഴകിയത്. ടി20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റവും അധികം സെഞ്ച്വറികൾ നേടുന്ന താരമെന്ന റെക്കോർഡ് സഞ്ജുവിനെ തേടിയെത്തി. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് മാത്രം സഞ്ജു കുറിച്ചത് മൂന്ന് സെഞ്ച്വറികളാണ്. ടി20 ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടോട്ടലാണ് ഇന്നലെ ജൊഹാനസ്ബർഗിൽ പിറന്നത്. ഇന്ത്യ ഉയർത്തിയ രണ്ട് മികച്ച ടോട്ടലുകളിലും സഞ്ജു സാംസന്റെ സെഞ്ച്വറികളുണ്ടായിരുന്നു.
ഒരു ടി20 സീരീസിൽ രണ്ട് സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് സഞ്ജുവിനെ തേടിയെത്തി. സഞ്ജു ഈ റെക്കോർഡ് കുറിച്ച് മിനിറ്റുകൾക്കകം തന്നെ തിലക് വർമയും ആ പട്ടികയിൽ ഇടംപിടിച്ചു.
ഒരു ടി20 മത്സരത്തിൽ ഇന്ത്യ ഏറ്റവും കൂടുതൽ സിക്‌സർ പറത്തുന്ന മത്സരമായി വാണ്ടറേഴ്സിലെ നാലാം ടി20 മാറി. ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ രണ്ടാം വിക്കറ്റ് പാർട്ട്ണർഷിപ്പാണ് ഇന്നലെ സഞ്ജുവും തിലക് വര്‍മയും ചേർന്ന് പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് ഇന്ത്യൻ സ്‌കോർബോർഡിൽ ചേർത്തത് 210 റൺസ്. അങ്ങനെയങ്ങനെ റെക്കോര്‍ഡുകളുടെ ഒരു ഘോഷയാത്ര. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു തലമുറമാറ്റത്തിന്‍റെ കാഹളമാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പ്രോട്ടീസ് മണ്ണില്‍ മുഴങ്ങിക്കേട്ടത്. സൂര്യകുമാര്‍ യാദവെന്ന നായകന് കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇതാ ഒരു യുവനിര പിറന്നു കഴിഞ്ഞിരിക്കുന്നു. ക്രിക്കറ്റ് ലോകത്തിന്‍റെ നെറുകെയിലേക്കവര്‍ ഓടിക്കയറിത്തുടങ്ങിയിരിക്കുന്നു.