പണമൊഴുക്കാന്‍ സൗദി; ഐ.പി.എല്‍ മാതൃകയില്‍ വമ്പന്‍ ടി20 ലീഗ് നടത്താന്‍ നീക്കം
ലോകത്തെത്തന്നെ ഏറ്റവും സമ്പന്നമായ ടി20 ലീഗ് ആകും സൗദി അറേബ്യയില്‍ വെച്ച് നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐ.പി.എല്‍ മാതൃകയിൽ വമ്പന്‍ ടി20 ക്രിക്കറ്റ് ലീഗ് നടത്താൻ പദ്ധതിയുമായി സൗദി അറേബ്യ. ഇതുവരെയുള്ള ക്രിക്കറ്റ് ലീഗുകളെ അപേക്ഷിച്ച് ഏറ്റവുമധികം പണം ഇറക്കുന്ന ക്രിക്കറ്റ് ലീഗാണ് സൗദി ലക്ഷ്യമിടുന്നത്. സമ്മാനത്തുകയിലും താരങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലത്തിലുമെല്ലാം ഐ.പി.എല്ലിനെപ്പോലും കടത്തിവെട്ടുന്ന ലീഗാകും സൗദി അറേബ്യ ഒരുക്കുന്നത്.
ലോകത്തെത്തന്നെ ഏറ്റവും സമ്പന്നമായ ടി20 ലീഗ് ആകും സൗദി അറേബ്യയില്‍ വെച്ച് നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ പ്രാരംഭ ഘട്ടമെന്നോണം നടത്തിപ്പുകാര്‍ ഐ.പി.എൽ സംഘാടകരുമായും ടീം ഉടമകളുമായി പുതിയ ലീഗിനെ സംബന്ധിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ട്.
ഐ.പി.എല്ലില്‍ കളിക്കുന്ന ടീമുകളുടെ ഫ്രാഞ്ചൈസികൾ തന്നെ സൗദി ലീഗിലും ടീമുകൾ സ്വന്തമാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ വിദേശ ക്രിക്കറ്റ് ലീഗുകളിലൊന്നും കളിക്കാന്‍ ഇന്ത്യൻ താരങ്ങൾക്ക് ബി.സി.സി.ഐ അനുമതി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ സൗദി ലീഗ് വരുന്നതോടെ ഇക്കാര്യത്തില്‍ ഭേദഗതി കൊണ്ടുവരുന്നതിനെക്കുറിച്ച് ബി.സി.സി.ഐ ആലോചിക്കും. സൗദി ലീഗിൽ കളിക്കാൻ ഇന്ത്യൻ താരങ്ങളെ അനുവദിക്കുന്ന രീതിയിൽ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബി.സി.സി.ഐ തയ്യാറാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.