ലോകകപ്പില്‍ എതിരാളികള്‍ കരുതിയിരിക്കുക; സ്കൈ ഓണ്‍ ഫയര്‍

ഹൈദരാബാദിനെതിരെ വെറും 51 പന്തിൽ 12 ഫോറുകളുടേയും ആറ് സിക്‌സുകളുടേയും അകമ്പടിയോടെയാണ് സൂര്യ മൂന്നക്കം തൊട്ടത്

Update: 2024-05-07 10:26 GMT

surya kumar yadav

Advertising

'ഏറെ നാളുകൾക്ക് ശേഷമാണ് എനിക്ക് ഇങ്ങനെ കളിക്കാനാവുന്നത്. കഴിഞ്ഞ ഡിസംബറിന് ശേഷം ഇതാദ്യമായാണ് ഞാൻ 20 ഓവർ ഫീൽഡ് ചെയ്യുന്നതും 18 ഓവർ ബാറ്റ് ചെയ്യുന്നതും. തുടരെ മൂന്ന് വിക്കറ്റുകൾ വീണപ്പോൾ ക്രീസിൽ നിലയുറപ്പിക്കേണ്ടത് അനിവാര്യതയാണെന്ന് എന്‍റെ മനസ്സ് പറഞ്ഞു. മുംബെയെ ഞാൻ വിജയതീരമണക്കണം എന്നായിരുന്നു ആ സമയം എന്നോട് ആവശ്യപ്പെട്ടത്'- സൂര്യകുമാർ യാദവ് പറഞ്ഞു വച്ചു.

നടരാജനെറിഞ്ഞ 18ാം ഓവറിലെ രണ്ടാം പന്ത് ഡീപ് എക്‌സ്ട്രാ കവറിലൂടെ ഗാലറിയിലെത്തിച്ച് സ്‌കൈ സെഞ്ച്വറിയിലും മുംബൈയുടെ വിജയത്തിലും തൊടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മുഴുവൻ മനസ്സ് നിറഞ്ഞ് കാണണം. ടി20 ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കേ സൂര്യയുടെ മിന്നും ഫോം ആരാധകർക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. രണ്ടാം ഓവറിൽ ഇഷാൻ കിഷൻ, നാലാം ഓവറിൽ രോഹിത്, അഞ്ചാം ഓവറിൽ നമൻ ദീർ. എളുപ്പത്തിൽ മറികടക്കുമെന്ന് കരുതിയൊരു വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈയുടെ മുൻനിര ചീട്ടു കൊട്ടാരം പോലെ തകർന്നടിയുന്നതാണ് വാംഖഡേ കണ്ടത്. പക്ഷെ പിന്നീട് ക്രീസിലൊന്നിച്ച തിലക് വർമയും സൂര്യകുമാർ യാദവും ചേർന്ന് ആതിഥേയരെ കൈപിടിച്ചുയർത്തി.

ആറാം ഓവറിൽ ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസിനെ ഒരു സിക്‌സും രണ്ട് ഫോറും പറത്തിയ തിലക് ഒരു സമ്മർദവും തന്നെ ബാധിച്ചിട്ടില്ലെന്ന് ഉറക്കെ വിളിച്ച് പറഞ്ഞു. തൊട്ടടുത്ത ഓവറിൽ മാർക്കോ ജാൻസനെ രണ്ട് ഫോറും രണ്ട് സിക്‌സും പറത്തിയ സൂര്യ ജയിക്കാൻ 20 ഓവർ വേണ്ടിവരില്ലെന്ന് പ്രഖ്യാപിച്ചു. തിലക് സൂര്യ ജോഡി ഒരു വന്മരം കണക്കിന് ക്രീസിൽ നിലയുറപ്പിച്ചതോടെ ഹൈദരാബാദിന്റെ വിജയപ്രതീക്ഷകൾ അസ്തമിച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 143 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. വെറും 51 പന്തിൽ 12 ഫോറുകളുടേയും ആറ് സിക്‌സുകളുടേയും അകമ്പടിയോടെയാണ് സൂര്യ മൂന്നക്കം തൊട്ടത്.

ഈ സീസണിൽ ആകെ മുംബൈയുടെ പ്രകടനങ്ങൾ ദയനീയമാണെങ്കിലും സൂര്യകുമാർ യാദവിന്റെ മിന്നും ഫോം ആരാധകർക്ക് നൽകുന്ന ആശ്വാസം വലുതാണ്. തന്റെ തിരിച്ചു വരവിൽ മുംബൈക്കായി 9 ഇന്നിങ്‌സുകളിൽ നിന്നായി 334 റൺസാണ് സൂര്യ ഇതുവരെ അടിച്ച് കൂട്ടിയത്. മൂന്ന് അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ആ ബാറ്റിൽ നിന്ന് പിറന്ന് കഴിഞ്ഞു. 176.71 സ്‌ട്രൈക്ക് റൈറ്റിൽ ബാറ്റ് വീശുന്ന സൂര്യ കുട്ടി ക്രിക്കറ്റിൽ തനിക്ക് എതിരാളികളില്ലെന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടേയിരിക്കുന്നു. ഐ.സി.സി ടി 20 റാങ്കിങ്ങിൽ ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന സൂര്യക്ക് സമീപകാലത്തൊന്നും വലിയ എതിരാളികളുണ്ടായിട്ടില്ലെന്നതാണ് യാഥാർഥ്യം. റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ഫിൽ സാൾട്ടിന് 802 പോയിന്റാണെങ്കിൽ സൂര്യക്ക് 861 പോയിന്‍റുണ്ട്. ബഹുദൂരം മുന്നിൽ.

ടി20 ലോകകപ്പ് പ്രഖ്യാപനമെത്തിയ ശേഷം പല ഇന്ത്യൻ താരങ്ങളുടേയും ഫോം ഔട്ടിനെ കുറിച്ച ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കേയാണ് സൂര്യയുടെ കൺസിസ്റ്റൻസി ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ആരാധകരെ ഏറെ നിരാശപ്പെടുത്തിയ സൂര്യ താനൊരു ടി20 സ്‌പെഷ്യലിസ്റ്റാണെന്ന് ഉറക്കേ ഉറക്കേ വിളിച്ച് പറയുകയാണിപ്പോൾ.

മൈതാനത്ത് നിന്നും കിടന്നും ഇരുന്നും ചെരിഞ്ഞുമൊക്കെ അനായാസം പന്തിനെ അതിർത്തി കടത്തുന്ന സൂര്യയെ മിസ്റ്റർ 360 എന്നാണ് ആരാധകർ വിശേഷിപ്പിക്കാറുള്ളത്. നേരത്തേ എ.ബി.ഡിവില്ലിയേഴ്‌സിന് മാത്രം സാധ്യതമായത് എന്ന് ആരാധകർ കരുതിയിരുന്ന പലതും പിന്നീട് സൂര്യകുമാർ യാദവിന്റെ ബാറ്റിൽ നിന്നും പിറവിയെടുത്തു. ഗ്രൗണ്ടിന്റെ ഏത് വശത്തേക്കും അനായാസം സൂര്യയുടെ ബാറ്റിൽ നിന്ന് പന്ത് പാഞ്ഞു. ഇന്നലെ വാംഖഡെയിലും 360 ഡിഗ്രി ഷോട്ടുകൾ പലവുരു ഗാലറി തൊടുന്നത് ആരാധകർ കണ്ടു.

തന്റെ 31ം വയസ്സിലാണ് സൂര്യ ടി20 ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. 2021 മാർച്ച് 14 ന് ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ മത്സരം. കരിയർ അന്ത്യത്തിലേക്ക് കടക്കുന്ന സമയത്തൊരാൾ കുട്ടിക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത് ആരാധകർക്ക് അത്ഭുത കാഴ്ചയായിരുന്നു. എന്നാൽ പിന്നീട് സ്‌കൈ ടി20 ക്രിക്കറ്റിൽ ലിമിറ്റുകളില്ലാത്ത ദൂരമായി മാറി.

2022 സൂര്യയുടെ ക്രിക്കറ്റ് കരിയറിലെ സുവർണ വർഷമായിരുന്നു. ആ വർഷം വെറും 31 ഇന്നിങ്‌സുകളിൽ നിന്ന് 1164  റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 2022 ൽ ടി20 ക്രിക്കറ്റിൽ 1000 റൺസ് തികച്ച രണ്ടേ രണ്ട് താരങ്ങളേയുണ്ടായിരുന്നുള്ളൂ. 187 ആയിരുന്നു അക്കാലത്ത് സൂര്യയുടെ സ്‌ട്രൈക്ക് റൈറ്റ്. രണ്ട് സെഞ്ച്വറികളും 9 അർധ സെഞ്ച്വറികളും ആ വർഷം താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ഒടുവിൽ ഐ.സി.സി യുടെ ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്‌കാരവും സൂര്യയെ തേടിയെത്തി. അവിടന്നിങ്ങോട്ട് കുട്ടിക്രിക്കറ്റിന്റെ രാജാവെന്നാണ് സൂര്യയെ ആരാധകർ വിശേഷിപ്പിച്ച് പോന്നത്. ഇപ്പോഴും അതിന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല.

സൂര്യകുമാർ യാദവിനെ പോലൊരു ബാറ്റർക്ക് പന്തെറിയുക എന്നത് ഏറെ പണി പിടിച്ച കാര്യമാണെന്നാണ് ഇന്നലെ മുംബൈക്കെതിരായ മത്സര ശേഷം ഹൈദരാബാദ് അസിസ്റ്റന്റ് കോച്ച് സൈമൺ ഹെൽമറ്റ് പറഞ്ഞത്. 'ഫോമിലേക്കെത്തിയാൽ അയാൾ മൈതാനത്ത് അധികം അബദ്ധങ്ങൾ വരുത്താറില്ല. അയാളെ പുറത്താക്കാൻ പലവഴികളും ഞങ്ങൾ പയറ്റി. പക്ഷെ വാംഖഡെയിൽ ഇന്നയാൾ അജയ്യനായിരുന്നു'- ഹെൽമറ്റ് പറഞ്ഞു. ഏതായാലും ടി20 ലോകകപ്പില്‍ എതിരാളികള്‍ക്ക് സൂര്യകുമാര്‍ യാദവെന്ന വന്മരം വലിയ വെല്ലുവിളിയാകുമെന്നുറപ്പ്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News