ക്ഷമിക്കൂ എന്ന് ഗില്‍; കാത്തിരിക്കാന്‍ തയ്യാറാണെന്ന് ആരാധകരുടെ മറുപടി
തോല്‍വിയിലും ടീമിനായി ക്രോസ് ബാറിന് കീഴില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പറെ ചേര്‍ത്തുപിടിച്ച് ആരാധകര്‍
ഐ.എസ്.എല്ലില്‍ ഹൈദരാബാദിനെതിരായ ഫൈനലിലെ തോല്‍വിക്ക് പിന്നാലെ കേരളത്തോട് ക്ഷമ ചോദിച്ച് ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ പ്രഭ്സുഖാൻ ഗില്‍. സോറി കേരള എന്നായിരുന്നു ഗില്‍ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ കാത്തിരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നായിരുന്നു ഗില്ലിന്‍റെ ക്ഷമയോട് ആരാധകരുടെ പ്രതികരണം. തോല്‍വിയിലും ടീമിനായി ക്രോസ് ബാറിന് കീഴില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പറെ ചേര്‍ത്തുപിടിക്കുന്നു എന്നതാണ് ഗില്ലിന്‍റെ ട്വീറ്റിന് താഴെ വരുന്ന കമന്‍റുകളില്‍ നിന്ന് മനസിലാകുന്നത്.
ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു കേരളം ഹൈദരാബാദിനോട് പരാജയപ്പെടുന്നത്. നിശ്ചിത സമയത്തും അധിക സമയത്തും 1–1 എന്ന സ്കോറില്‍ അവസാനിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുന്നത്. ഷൂട്ടൗട്ടിൽ 3–1നാണു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. ബ്ലാസ്റ്റേഴ്സിന്റെ 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ ഗോൾ കീപ്പർ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശില്‍പ്പി.
SORRY KERALA💔💔🙏🏻🙏🏻 pic.twitter.com/MvziKlkEho
— Prabhsukhan Singh Gill (@SukhanGill01) March 21, 2022
പകരക്കാരനായെത്തി, പകരം വെക്കാനാകാത്ത കാവൽക്കാരനായി മാറിയ താരം
പകരക്കാരനായെത്തി സീസണ്‍ മുഴുവന്‍ കളിച്ച് ഒടുവില്‍ ഗോള്‍ഡന്‍ ഗ്ലൗവുമായി മടങ്ങുക... ഒരു 21 കാരന്‍ ഗോള്‍കീപ്പറെ സംബന്ധിച്ച് മറ്റെന്തുവേണം. ഫൈനലിലെ തോല്‍വിയുടെ നിരാശയൊഴിച്ചാല്‍ പ്രഭ്സുഖാൻ ഗില്ലെന്ന ഗോള്‍കീപ്പര്‍ അക്ഷരാര്‍ഥത്തില്‍ കൊമ്പന്മാരുടെ കാവല്‍ മാലാഖയായിരുന്നു.അര്‍ഹിച്ച അംഗീകാരം തന്നെയാണ് ഐ.എസ്.എൽ എട്ടാം സീസണിലെഗോൾഡൻ ഗ്ലൗ പുരസ്‌കാരം ഗില്ലിനെ തേടിയെത്തിയത്. പകരക്കാരനായെത്തി, പകരം വെക്കാനാകാത്ത കാവൽക്കാരനായി മാറുകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന് ഗില്‍.ഫൈനലിലെ ഷൂട്ടൗട്ടിൽ തിളങ്ങാനായില്ലെങ്കിലും മത്സരത്തിലുടനീളം വ്യക്തിഗത മികവ് പ്രകടിപ്പിക്കാന്‍ ഗില്ലിനായി. ബ്ലാസ്റ്റേഴ്സ് ഗോൾപോസ്റ്റിന് മുന്നിൽ നെഞ്ചുറപ്പോടെ നിന്ന കാവൽക്കാരനാണ് പ്രഭ്സുഖാൻ ഗില്ലെന്ന് പറയുന്നത് വെറും വാക്കല്ലെന്നതിന് ഫൈനലിലേതടക്കം നിരവധി നിമിഷങ്ങൾ സാക്ഷിയാണ്. ഫൈനലില്‍ ജാവിയർ സിവേറിയോയുടെ തട്ടുതകർപ്പൻ ഹെഡ്ഡർ നെഞ്ച് വിരിച്ചായിരുന്നു ഗിൽ തിരിച്ചയച്ചത്. 49ാം മിനുട്ടിൽ ഹൈദരാബാദ് ക്യാപ്റ്റൻ ജോവോ തൊടുത്തുവിട്ട ലോംഗ് റേഞ്ചർ നീളത്തിൽ ചാടി ഗിൽ രക്ഷപ്പെടുത്തിയ കാഴ്ചയും അതിമനോഹരമായിരുന്നു. ഇങ്ങനെ ടൂർണമെൻറിലുടനീളം ടീമിന്റെ വലയിലേക്കെത്തുമായിരുന്നു തീയുണ്ടകൾ തട്ടിമാറ്റിയ ഗിൽ ഈ ഐ.എസ്.എല്‍ സീസണിന്‍റെ കണ്ടെത്തല്‍ കൂടിയാണ്.
ഷൂട്ടൗട്ട് തോല്‍വി
നിശ്ചിത സമയത്തും അധിക സമയത്തും 1–1 സമനിലയിൽ അവസാനിച്ച മത്സരത്തിന്റെ പെനൽറ്റി ഷൂട്ടൗട്ടിൽ 3–1നാണു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ 3 കിക്കുകള്‍ രക്ഷപ്പെടുത്തിയ ഗോൾ കീപ്പർ ലക്ഷ്മീകാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ വിജയശില്‍പ്പി.
മാർക്കോ ലെസ്കോവിച്ചിന്റെ ആദ്യ കിക്ക്, നിഷു കുമാറിന്റെ 2–ാം കിക്ക്, ജീക്സൻ സിങ്ങിന്റെ 4–ാം കിക്ക് എന്നിവയാണ് കട്ടിമണി രക്ഷപ്പെടുത്തിയത്. ആയുഷ് അധികാരിക്കു മാത്രമാണു ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കാണാനായത്. ഹൈദരാബാദിനായി ഹാളിചരണ്‍ നര്‍സാരി, ഖാസ കമാറ, ജാവോ വിക്ടര്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. സിവെറിയോയുടെ ഷോട്ട് പുറത്തേക്ക് പോയി. 68-ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പി നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തത്. എന്നാല്‍ 88-ാം മിനിറ്റില്‍ സഹില്‍ ടവോരയിലൂടെ ഹൈദരാബാദ് ഒപ്പമെത്തുകയായിരുന്നു. പിന്നീട് ഇരു ടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല.
ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിന്റെ കലാശപ്പോരിൽ വീണുപോകുന്നത്. ഐഎസ്എല്ലിന്റെ കന്നി ടൂർണമെന്റിന്റെ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് പ്രവേശിച്ചപ്പോൾ എടികെ ആയിരുന്നു കേരളത്തിന്റെ വഴമുടക്കിയത്. 2016ലും എടികെ ടീമിന്റെ വഴിമുടക്കാനെത്തി. 2016ലെ തോൽവിയും പെനൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു.നിശ്ചിത സമയത്ത് 1-1 എന്ന സമനിലയിലായതിനെ തുടർന്നാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അവസാനം ഫലം വന്നപ്പോൾ 4-3ന് എടികെ കിരീടം സ്വന്താക്കി. അതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ഫൈനൽ കളിക്കുന്നത് 2022ലാണ്. അന്നും പെനൽറ്റി ഷൂട്ടൗട്ട് ബ്ലാസ്റ്റേഴ്‌സിന്റെ വിധിയെഴുതി.
കയറ്റിറക്കങ്ങൾ ഏറെ കണ്ട ടൂർണമെന്റായിരുന്നു ബ്ലാസ്റ്റേഴ്‌സിന് ഈ സീസൺ. തോൽവിയിലും സമനിലയിലും തളർന്ന ബ്ലാസ്റ്റേഴ്‌സ് ഏവരെയും അമ്പരപ്പിച്ച പ്രകടനവുമായാണ് ഫൈനലിൽ എത്തിയത്. മൂന്നാം തവണയും കപ്പിനും ചുണ്ടിനുമിയില്‍ കിരീടം നഷ്ടമായ കേരള ബ്ലാസ്റ്റേഴ്സ് പക്ഷേ ഇത്തവണ മടങ്ങുന്നത് തലയുയര്‍ത്തി തന്നെയാകും. കാരണം, ഇതിനുമുമ്പ് ഐ.എസ്.എല്ലിൽ ഏഴ് സീസണുകളിൽ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ പന്തു തട്ടിയുണ്ട്. രണ്ട് തവണ ഐസ്.എസ്. എൽ കലാശപ്പോരിന് യോഗ്യത നേടിയിട്ടുമുണ്ട്. എന്നാൽ ആരാധകരുടെ കണ്ണും മനസും കുളിര്‍പ്പിച്ച് ഇത്രയും മനോഹരമായി കൊമ്പന്മാര്‍ പന്തുകൊണ്ട് മാജിക് കാണിച്ച ഒരു സീസൺ മുമ്പൊന്നും വേറെയുണ്ടായിട്ടില്ല.ഐ.എസ്.എൽ കിരീടം നഷ്ടപ്പെട്ടെങ്കിലും അടക്കാനാവാത്ത സങ്കടം ഉള്ളിലൊതുക്കി ഓരോ ബ്ലാസ്‌റ്റേഴ്‌സ് ആരാധകനും പറയുന്നത് 'ഇട്ടിട്ടു പോകില്ല' എന്നുതന്നെയാണ്. ബ്ലാസ്റ്റേഴ്‌സ് ഞങ്ങൾക്ക് വെറുമൊരു ടീമല്ല, വികാരമാണ് എന്ന പോസ്റ്ററുകളാണ് ഗാലറിയില്‍ ആകെ നിറഞ്ഞത്.