'പന്തിന് വേഗം പോരല്ലോ'; പെര്‍ത്തിനെ പിടിച്ച് കുലുക്കിയ വാക് പോരുകള്‍
ലബൂഷൈനുമായി കൊമ്പു കോര്‍ത്ത സിറാജ് തന്നെ ഒടുക്കം ഓസീസ് താരത്തിന്‍റെ വിക്കറ്റ് വീഴ്ത്തിയത് ആരാധകര്‍ ആഘോഷമാക്കി
പെര്‍ത്തില്‍ ഇങ്ങനെയൊരു തോല്‍വി ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല. ആദ്യ ഇന്നിങ്സില്‍ സന്ദര്‍ശകരെ 150 റണ്‍സിന് കൂടാരം കയറ്റിയ ഓസീസിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച ഇന്ത്യ 295 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് കുറിച്ചത്. താരങ്ങളുടെ വാക്കേറ്റങ്ങളും സ്ലഡ്ജിങ്ങുകളും കൊണ്ട് ശ്രദ്ധ പിടിച്ച് പറ്റാറുള്ള ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്ക് ഇക്കുറിയും മാറ്റമൊന്നുമില്ല.
താരങ്ങളുടെ പല രസകരമായ സംഭാഷണങ്ങളും ഇക്കുറിയും സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്ത് ആരാധകര്‍ക്കെത്തിച്ചു. ഇന്ത്യയുടെ ആദ്യ ഇന്നിങ്സില്‍ ബാറ്റ് വീശുകയായിരുന്ന റിഷഭ് പന്തിന് അടുക്കലെത്തി 'ഇക്കുറി ഐ.പി.എല്ലില്‍ ഏത് ടീം നിന്നെ വിളിച്ചെടുക്കും' എന്നായിരുന്നു ഓസീസ് സ്പിന്നര്‍ നേഥന്‍ ലിയോണിന്‍റെ ചോദ്യം. നോ ഐഡിയ എന്നാണ് ഇതിന് ചിരിച്ച് കൊണ്ട് പന്ത് മറുപടി നല്‍കിയത്.
ഓസീസിന്‍റെ ആദ്യ ഇന്നിങ്സില്‍ മാര്‍നസ് ലബൂഷൈനുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് കൊമ്പുകോര്‍ത്തു. സിറാജ് എറിഞ്ഞ 13ാം ഓവറിലെ നാലാം പന്തിനെ ലബൂഷൈൻ പ്രതിരോധിച്ചു. ലബൂഷൈന്റെ പാഡിൽ തട്ടിയ പന്ത് നിലത്ത് വീഴുന്നു. ഈ സമയം ഓസീസ് താരം ക്രീസിന് വെളിയിലായിരുന്നു. പന്തെടുക്കാനായി സിറാജ് ഓടിയെത്തിയതും ലബൂഷൈൻ പന്തിനെ ബാറ്റ് കൊണ്ട് തട്ടി നീക്കി. ഇത് സിറാജിനെ ചൊടിപ്പിച്ചു. ഓസീസ് താരത്തോട് സിറാജ് കയർക്കുന്നത് കാണാമായിരുന്നു. പിന്നീട് സിറാജ് തന്നെ ലബൂഷൈന്‍റെ വിക്കറ്റ് വീഴ്ത്തി.
ഇന്ത്യൻ പേസർ ഹർഷിത് റാണയെറിഞ്ഞ ഒരു വേഗപ്പന്തിനെ പ്രതിരോധിക്കാനാവാതിരുന്ന ഓസീസ് താരം മിച്ചൽ സ്റ്റാർക്ക് റാണയോട് 'നിന്നെക്കാൾ വേഗതയിൽ എനിക്ക് എറിയാനാവുമെന്ന കാര്യം മറക്കേണ്ടെന്ന്' പറയുന്നത് സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു. ഇതിന് ഇന്ത്യൻ ഇന്നിങ്‌സിനിടെ മറുപടി നൽകിയത് യുവതാരം യശസ്വി ജയ്‌സ്വാളാണ്. സ്റ്റാർക്കെറിഞ്ഞ ഒരു പന്ത് മനോഹരമായി പ്രതിരോധിച്ച 22 കാരന്റെ കമന്റ് 'പന്തിന് വേഗം പോരല്ലോ' എന്നായിരുന്നു.