ജയിച്ചിട്ടും റയലിന് പ്ലേ ഓഫ് കടമ്പ; അവസാന ലാപ്പില്‍ സിറ്റിയുടെ കംബാക്ക്
ലിവര്‍പൂളിന് തോല്‍വി, ബാഴ്സക്ക് സമനില


ചാമ്പ്യൻസ് ലീഗിൽ പ്ലേ ഓഫ് കടമ്പ കടക്കാതെ റയൽ മാഡ്രിഡ്. ഫ്രഞ്ച് ക്ലബ്ബായ ബ്രെസ്റ്റിനെ പരാജയപ്പെടുത്തിയെങ്കിലും ആദ്യ റൗണ്ട് പോരാട്ടങ്ങൾ പൂർത്തിയായപ്പോൾ 11ാം സ്ഥാനത്താണ് റയൽ ഫിനിഷ് ചെയ്തത്. ഇതോടെ നിലവിലെ ചാമ്പ്യന്മാർ പ്ലേ ഓഫ് കളിക്കണമെന്നുറപ്പായി. മറ്റൊരു പ്രധാന മത്സരത്തിൽ ക്ലബ്ബ് ബ്രൂഗേയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ മാഞ്ചസ്റ്റർ സിറ്റി അവസാന ലാപ്പില്‍ പ്ലേ ഓഫിൽ കടന്ന് കൂടി. ഒരു സമനില പോലും സിറ്റിക്ക് പുറത്തേക്കുള്ള വഴിതുറക്കും എന്നിരിക്കേ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഗാര്‍ഡിയോളയും സംഘവും ക്ലബ്ബ് ബ്രൂഗെക്കെതിരെ മൂന്ന് ഗോളടിച്ച് തിരിച്ചെത്തിയത്. പ്ലേ ഓഫിൽ റയൽ മാഡ്രിഡിന് സിറ്റിയോ സെൽറ്റിക്ക് ക്ലബ്ബോ ആവും എതിരാളികൾ.
എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയൽ ബ്രെസ്റ്റിനെ തകർത്തത്. ബ്രസീലിയൻ താരം റോഡ്രിഗോ ഇരട്ട ഗോളുമായി കളംനിറഞ്ഞു. ജൂഡ് ബെല്ലിങ്ഹാമാണ് മറ്റൊരു സ്‌കോറർ. രണ്ടാം പകുതിയിൽ മതേവോ കൊവാസിച്ചും സവീന്യോയും ചേർന്നാണ് സിറ്റിയെ രക്ഷിച്ചത്. ജോയെൽ ഒർഡോനെസിന്റെ ഔൺ ഗോളും മുന്‍ ചാമ്പ്യന്മാര്‍ക്ക് തുണയായി.
മറ്റു പ്രധാന മത്സരങ്ങളിൽ ലിവർപൂളിനെ പി.എസ്.വി പരാജയപ്പെടുത്തി. നേരത്തേ തന്നെ പ്രീക്വാർട്ടർ പ്രവേശം ഉറപ്പിച്ച ലിവർപൂൾ രണ്ടാം നിരയുമായാണ് കളത്തിലിറങ്ങിയത്. ലിവർപൂൾ നിരയിൽ അമാറ നല്ലോ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഒളിമ്പിക്‌സ് ലൂയിസ് കമ്പനി സ്റ്റേഡിയത്തിൽ അറ്റ്‌ലാന്റയോടാണ് ബാഴ്‌സ സമനില വഴങ്ങിയത്. റൊണാൾഡ് ആരോഹുവും ലമീൻ യമാലുമാണ് ബാഴ്‌സക്കായി വലകുലുക്കിയത്. എഡേഴ്‌സണും പസാലിച്ചുമാണ് അറ്റ്‌ലാന്റയുടെ സ്‌കോറർമാർ. മറ്റു മത്സരങ്ങളിൽ പി.എസ്.ജിയും അത്‌ലറ്റിക്കോയും ഇന്ററും ജയിച്ചു കയറിയപ്പോൾ എ.സി മിലാനെ ഡൈനാമോ സാഗ്രബ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി.