ബെര്‍ണബ്യൂവില്‍ റയല്‍ തരിപ്പണം; ഇഞ്ചുറി ടൈമില്‍ വലന്‍സ്യ ഷോക്ക്

പെനാല്‍ട്ടി പാഴാക്കി വിനീഷ്യസ്

Update: 2025-04-05 16:40 GMT

മാഡ്രിഡ്: ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. 15ാം സ്ഥാനക്കാരായ വലൻസ്യയാണ് സാന്റിയാഗോ ബെർണബ്യൂവിൽ വച്ച് റയലിന്റെ കഥ കഴിച്ചത്. ഇഞ്ചുറി ടൈമിൽ ഹ്യൂഗോ ഡ്യൂറോ നേടിയ ഗോളിലാണ് വലൻസ്യയുടെ ആവേശ ജയം. ആദ്യ പകുതിയിൽ റയലിന് അനുകൂലമായി ലഭിച്ച പെനാൽട്ടി സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പാഴാക്കി.

കളത്തിലും കണക്കിലും റയലായിരുന്നു മുന്നിലെങ്കിലും വലൻസ്യ ഗോൾകീപ്പർ മമർഡാഷ്‍വിലിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ റയൽ താരങ്ങൾക്ക് ആയുധം വച്ച് കീഴടങ്ങേണ്ടി വന്നു. ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങളാണ് ജോര്‍ജിയന്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയത്.

Advertising
Advertising

മത്സരത്തിന്റെ 13ാം മിനിറ്റിൽ പെനാൽട്ടി ബോക്‌സിൽ വച്ച് എംബാപ്പെയെ വീഴ്ത്തിയതിന് റയലിന് അനുകൂലമായി ലഭിച്ച പെനാൽട്ടി വിനീഷ്യസ് പാഴാക്കി. 15ാം മിനിറ്റിൽ റയലിനെ ഞെട്ടിച്ച് വലൻസ്യ  വലകുലുക്കി. കോർണർ കിക്കിന് തലവച്ച് മൗക്ടർ ഡിയാകാബിയാണ് വലൻസ്യയെ മുന്നിലെത്തിച്ചത്.

രണ്ടാം പകുതിയാരംഭിച്ച് അഞ്ച് മിനിറ്റ് പിന്നിടും മുമ്പേ റയലിന്റെ മറുപടിയെത്തി. 50ാം മിനിറ്റിൽ വിനീഷ്യസിന്റെ വകയായിരുന്നു ഗോൾ. ജയം പിടിക്കാനായി വലൻസ്യ ഗോൾമുഖത്ത് ലോസ് ബ്ലാങ്കോസ് പിന്നീട് നിരന്തരം അപകടം വിതച്ചെങ്കിലും മമർഡാഷ്വില്ലി വലൻസ്യയുടെ രക്ഷകനായി പലവുരു അവതരിച്ചു.

കളി സമനിലയിലേക്ക് എന്ന് തോന്നിച്ച ഘട്ടത്തിലാണ് 95ാം മിനിറ്റിൽ റയലിനെ ഞെട്ടിച്ച് ഹൂഗോ ഡൂറോയുടെ ഗോൾ പിറന്നത്. റഫാ മിറിന്റെ തകർപ്പൻ ക്രോസിന് തലവച്ച് ഡ്യൂറോ വലൻസ്യക്ക് ആവേശ ജയം സമ്മാനിച്ചു. മത്സരത്തിൽ 9 ഓൺ ടാർജറ്റ് ഷോട്ട് ഉതിർത്തിട്ടും റയലിന് ഒന്നിലധികം തവണ വലകുലുക്കാനായില്ല. വലൻസ്യയാവട്ടെ ഓൺ ടാർജറ്റിൽ ആകെ ഉതിർത്ത രണ്ട് ഷോട്ടുകളും വലയിലെത്തിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News