'വെള്ളി മെഡൽ പങ്കിടണം'; വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ വിധി ചൊവ്വാഴ്ച

ഇന്ത്യൻ സമയം രാത്രി 9.30നാണ് അന്താരാഷ്ട്ര കായിക കോടതിയുടെ വിധിയുണ്ടാകുക

Update: 2024-08-11 04:11 GMT
Editor : Lissy P | By : Web Desk
Advertising

പാരീസ്:പാരീസ് ഒളിമ്പിക്സ് ഗുസ്തിയിൽ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധി ചൊവ്വാഴ്ച. ഇന്ത്യൻ സമയം രാത്രി 9.30നാണ് അന്താരാഷ്ട്ര കായിക കോടതിയുടെ വിധിയുണ്ടാകുക.വെള്ളിമെഡൽ പങ്കിടണമെന്നാണ് വിനേഷ് ഫോഗട്ടിന്‍റെ ആവശ്യം.

ഒളിമ്പിക്സ് തീരുന്നതിന് മുൻപ് വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ തീർപ്പുണ്ടാവുമെന്നായിരുന്നു വെള്ളിയാഴ്ച കോടതി അറിയിച്ചത്. ഇതിനിടെ ഇന്നലെ രാത്രി 09.30 യോടെ വിധിയുണ്ടാവുമെന്ന അറിയിപ്പ് വന്നു. പക്ഷേ തീരുമാനമെടുക്കാൻ കോടതി സമയം നീട്ടിച്ചോദിച്ച ആർബിട്രേറ്റർഅന്നാബെൽ ബെന്നറ്റ്  ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ഗുസ്തി 50kG ഫൈനലിന് തൊട്ടുമുന്നേയാണ് ഒരുരാജ്യത്തിന്റെ പ്രതീക്ഷയുമായി നിന്ന വിനേഷ് ഫോഗട്ടിന് തിരിച്ചടി നേരിട്ടത്.100 ഗ്രാം അധികമായതിനെ തുടർന്നാണ് ഒളിമ്പിക്സ് കമ്മിറ്റി അയോഗ്യയാക്കിയത്. വെള്ളിയാഴ്ചയാണ് മൂന്ന്മണിക്കൂർ നീണ്ട വാദം പൂർത്തിയായത്. സെമിവരെ മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സരിച്ചതെന്നും ഫൈനലിലെത്തിയത് കൊണ്ട് അർഹമായ വെള്ളി മെഡൽ നൽകണമെന്നും ഫോഗട്ട് വാദിച്ചു. മത്സരങ്ങൾക്കിടെയുള്ള തീരെ ചെറിയ ഇടവേളകളും ഭാരപരിശോധനയിൽ പരാജയപ്പെടാനുള്ള കാരണമായി ചൂണ്ടിക്കാട്ടി. സോളിസിറ്റർ ഹരീഷ് സാൽവെയുടെ നേതൃത്വത്തിലുള്ള അഭിഭാഷകർ ഫോഗട്ടിന് വേണ്ടി ഹാജരായി.

അതേസമയം, പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ പോരാട്ടങ്ങൾ അവസാനിച്ചു. അഞ്ച് വെങ്കല മെഡലും ഒരു വെള്ളി മെഡലുമാണ് ഇന്ത്യക്കുള്ളത്. ജാവലിൻ നീരജ് ചോപ്രയാണ് വെള്ളി മെഡൽ നേടിയത്.

ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ മനു ബാക്കറും സ്വപ്നിൽ കുസാലെയും വെങ്കല മെഡൽ നേടി. മിക്സഡ് ഇനത്തിൽ മനു ബാക്കർ സരഭ്ജോത് സിങ് സഖ്യവും വെങ്കല മെഡലിൽ മുത്തമിട്ടു. ഹോക്കിയിൽ തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും ഇന്ത്യ വെങ്കലം നേടി. ഗുസ്തിയിലൂടെ അമൻ സെഹ്റാവത്തിന്റെ വെങ്കല മെഡലോടെ ഇന്ത്യയുടെ മെഡൽ നേട്ടം ആറിൽ അവസാനിച്ചു.

വിനേഷ് ഫോഗട്ടിന്റെ അപ്പീലിലുള്ള വിധിയോടെ മെഡൽ പട്ടികയുടെ പൂർണ രൂപം തെളിയും. 37 -സ്വർണവുമായി ചൈനയും 35 എണ്ണവുമായി യുഎസുമാണ് ഒന്നുംരണ്ടും സ്ഥാനത്ത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News