'ഈ മനുഷ്യന്റെ വിശ്വസ്തനായതാണ് എന്റെ കരിയറിലെ ഏറ്റവും ആസ്വദിച്ച നിമിഷങ്ങൾ'- ധോണിയുമായുള്ള സൗഹൃദം പറഞ്ഞ് വിരാട് കോഹ്‌ലി
ധോണി വിരമിക്കും വരെ കോഹ്‌ലിക്ക് ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തും ധോണി ഉപദേശങ്ങൾ നൽകിയിരുന്നു.
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ പ്രകീർത്തിച്ചു കൊണ്ടുള്ള വിരാട് കോഹ്‌ലിയുടെ സമൂഹ മാധ്യമ പോസ്റ്റ് വൈറലാകുന്നു. ഇരുവരും ഒന്നിച്ച് ഇന്ത്യൻ ടീമിൽ കളിക്കുന്ന സമയം മുതൽ ഇരുവരും കമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ഇരുവരും ചേർന്ന് കെട്ടിപ്പടുത്ത വലിയ പാർട്ണർഷിപ്പുകൾ ഇന്ത്യൻ ക്രിക്കറ്റിന്റെ റെക്കോർഡിന്റെ ഭാഗമാണ്. ധോണി നായകനായിരുന്നപ്പോഴും പിന്നീട് കോഹ്‌ലി നായകനായപ്പോഴും ആ ബന്ധം ഇരുവരും കാത്തുസൂക്ഷിച്ചിരുന്നു.
ഇപ്പോൾ ഹൃദയസ്പർശിയായ വരികളോടെയാണ് കോഹ്‌ലി ഇരുവരുടെയും ചിത്രം പങ്കുവെച്ചിരിക്കുന്നത്.
' ഈ മനുഷ്യന്റെ വിശ്വസ്തനായ കളിക്കാരനായതാണ് എന്റെ കരിയറിലെ ഏറ്റവും ആസ്വദിച്ച ഉത്സാഹഭരിതമായ സമയം, ഞങ്ങളുണ്ടാക്കിയ പാർട്ണർഷിപ്പുകൾ എന്നും എനിക്ക് പ്രത്യേകതയുള്ളതായിരിക്കും' കുറിപ്പിനൊപ്പം തന്റെ ജേഴ്‌സി നമ്പറായ 7 ഉം ധോണിയുടെ ജേഴ്‌സി നമ്പറായ 18 ഉം ചേർത്ത് 7+18 എന്നും വിരാട് എഴുതിയിട്ടുണ്ട്.
Being this man's trusted deputy was the most enjoyable and exciting period in my career. Our partnerships would always be special to me forever. 7+18 ❤️ pic.twitter.com/PafGRkMH0Y
— Virat Kohli (@imVkohli) August 25, 2022
ധോണി ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കോഹ്ലിയാണ് ധോണിയുടെ പിൻഗാമിയായി വന്നത്. ധോണി വിരമിക്കും വരെ കോഹ്‌ലിക്ക് ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തും ധോണി ഉപദേശങ്ങൾ നൽകിയിരുന്നു. പരസ്പരം യാതൊരു പ്രശ്‌നവുമില്ലാതെ ഇരുവരും ഇന്ത്യൻ സംയുക്ത നായകൻമാർ എന്ന നിലയിലായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത്. ധോണി വിരമിച്ചതിന് ശേഷം കളിക്കളത്തിൽ ഇരുവരും തമ്മിലുള്ള സൗഹൃദം അവസാനിച്ചെങ്കിലും ഐപിഎൽ പോലെയുള്ള വേദികളിൽ ഇരുവരും തങ്ങളുടെ സൗഹൃദം പുതുക്കുന്ന ദൃശ്യങ്ങൾ പുറത്തുവരാറുണ്ട്.