''ഞാന്‍ ഇന്ത്യക്കാരനെയേ തെരഞ്ഞെടുക്കൂ''; ലോകകപ്പിലെ ടോപ് സ്കോററെ പ്രവചിച്ച് സെവാഗ്
ഇന്ത്യൻ പിച്ചുകൾ ബാറ്റിങിന് അനുകൂലമാണെന്നും ഓപ്പണർമാർക്ക് കൂടുതൽ റൺ സ്‌കോർ ചെയ്യാനാവുമെന്നും സെവാഗ്
ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ ടോപ് സ്‌കോററാകുമെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. ഇന്ത്യൻ പിച്ചുകൾ ബാറ്റിങിന് അനുകൂലമാണെന്നും ഓപ്പണർമാർക്ക് കൂടുതൽ റൺ സ്‌കോർ ചെയ്യാനാവുമെന്നും സെവാഗ് പറഞ്ഞു. ഐ.സി.സിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സെവാഗ് ഇക്കാര്യം പറയുന്നത്.
''ഇന്ത്യയിലെ സാഹചര്യങ്ങൾ ബാറ്റിങ്ങിന് അനുകൂലമാണ്. അതിനാൽ തന്നെ ഓപ്പണർമാർക്ക് നന്നായി സ്‌കോർ ചെയ്യാനാവും. ടോപ് സ്‌കോറർ ആരാവുമെന്ന് എന്നോട് ചോദിച്ചാൽ രോഹിത് ശർമയെ ആവും ഞാൻ തെരഞ്ഞെടുക്കുക. മറ്റ് പല പേരുകളും ഉണ്ടായേക്കാം. പക്ഷെ ഞാൻ ഒരു ഇന്ത്യക്കാരനാണ്. ഞാനൊരു ഇന്ത്യൻ താരത്തെയെ തെരഞ്ഞെടുക്കൂ''- സെവാഗ് പറഞ്ഞു.
ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകളിൽ രോഹിതിന്റേത് മികച്ച റെക്കോർഡാണെന്നും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സെവാഗ് പറഞ്ഞു. 2019 ഏകദിന ലോകകപ്പിൽ രോഹിതായിരുന്നു ടോപ് സ്‌കോറർ. അന്ന് ഒമ്പത് മത്സരങ്ങളിൽ നിന്ന് 648 റൺസാണ് രോഹിത് അടിച്ച് കൂട്ടിയത്. 81 ആയിരുന്നു താരത്തിന്റെ ബാറ്റിങ് ആവറേജ്. അഞ്ച് സെഞ്ച്വറികളാണ് ടൂർണമെന്റിൽ രോഹിത് അടിച്ചത്.