'വിമര്‍ശകരോട് പോയി പണി നോക്കാന്‍ പറ'; സൂര്യയുടെ ക്യാച്ച് നേരില്‍ കണ്ട അനുഭവം പങ്കിട്ട് രവിശാസ്ത്രി
'20 അടി മുകളിൽ നിന്ന് ഞാൻ നേരിട്ട് കണ്ട കാഴ്ചയെക്കാൾ വലുതൊന്നുമല്ല ഒരു ദൃശ്യവും'
ഒന്നരപ്പതിറ്റാണ്ടിന് ശേഷം ഇന്ത്യ ടി20 വിശ്വകിരീടം ചൂടുമ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു സൂര്യകുമാർ യാദവ്. ഫൈനലിൽ വിജയത്തിലേക്ക് ബാറ്റേന്തിയ ഡേവിഡ് മില്ലറെ പുറത്താക്കാൻ അവസാന ഓവറിൽ സൂര്യ പറന്നെടുത്ത ക്യാച്ചാണ് കളിയുടെ വിധി നിർണയിച്ചത്. ബൗണ്ടറി ലൈന് തൊട്ടരികിൽ നിന്നെടുത്ത ക്യാച്ച് പിന്നീട് ചില വിവാദങ്ങൾക്കും വഴിയൊരുക്കി. സൂര്യയുടെ കാല് ബൗണ്ടറി ലൈനിൽ സ്പർശിച്ചിരുന്നു എന്ന തരത്തിൽ ചില വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു.
മുൻ ഇന്ത്യൻ താരവും പരിശീലകനുമായ രവി ശാസ്ത്രി അന്ന് കമന്ററി ബോക്‌സിലുണ്ടായിരുന്നു. ഇപ്പോഴിതാ ആ ക്യാച്ചുമായി ബന്ധപ്പെട്ട് ഉയർന്ന വിവാവദങ്ങളിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് രവിശാസ്ത്രി. തന്റെ കൺമുന്നിൽ വച്ചാണ് ആ സംഭവം അരങ്ങേറിയതെന്നും സൂര്യയുടെ കാല് ബൗണ്ടറി ലൈനിൽ തട്ടിയിട്ടില്ലെന്നും ശാസ്ത്രി ഉറപ്പിച്ച് പറഞ്ഞു.
''ആ സംഭവമെന്റെ മൂക്കിന് താഴെയാണ് നടന്നത്. അത് കൊണ്ട് ആരെക്കാളും വ്യക്തമായി അതെനിക്ക് കാണാനാവുമായിരുന്നു. ഒപ്പം എന്റെ മുന്നിൽ മോണിറ്ററുമുണ്ട്. മില്ലർ പന്ത് അടിച്ചുയർത്തിയപ്പോൾ അതെങ്ങോട്ടാണ് പായുന്നത് എന്ന് ഞാൻ എണീറ്റ് നിന്നാണ് നോക്കിയത്. അത് കണ്ടാൽ ഡേവിഡ് മില്ലറിന് ഇഷ്ടമാവില്ലെന്ന് ഉറപ്പാണ്. അത്രയും മനോഹരമായൊരു ക്യാച്ചായിരുന്നു അത്. അത് കൊണ്ട് വിമർശിക്കുന്നവരോട് പോയി പണി നോക്കാൻ പറയൂ. 20 അടി മുകളിൽ നിന്ന് ഞാൻ നേരിട്ട് കണ്ട കാഴ്ചയെക്കാൾ വലുതൊന്നുമല്ല ഒരു ദൃശ്യവും. അത് സിക്‌സായിരുന്നെങ്കിൽ ഡേവിഡ് മില്ലർ ആ കളിയുടെ ഗതി തിരിക്കുമായിരുന്നു. മില്ലറിന്റെ ടൈമിങ് ശരിയായില്ല''- ശാസ്ത്രി പറഞ്ഞു.
ലോകകപ്പിന് ശേഷം ടി20 യിൽ നിന്ന് വിരമിച്ച രോഹിത് ശർമക്ക് പകരക്കാരനായി ഇന്ത്യൻ നായക പദവിയിലേക്ക് സൂര്യയാണെത്തിയത്. ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. സൂര്യ തന്നെയായിരുന്നു പരമ്പരയുടെ താരം.