കരാർ റദ്ദാക്കും? അയ്യർക്കും ഇഷാനുമെതിരെ കടുത്ത നടപടിയിലേക്ക് ബി.സി.സി.ഐ

ദേശീയ ടീമിലില്ലാത്ത താരങ്ങൾ എത്ര സീനിയറായാലും രഞ്ജി ട്രോഫിയിൽ അവരുടെ സംസ്ഥാനത്തിന് വേണ്ടി കളിക്കണമെന്ന കർശന നിർദേശം ബിസിസിഐ നേരത്തേ പുറപ്പെടുവിച്ചിരുന്നു

Update: 2024-02-28 12:11 GMT

രഞ്ജി ട്രോഫി മത്സരങ്ങളില്‍ കളിക്കാന്‍ വിമുഖത കാണിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ബി.സി.സി.ഐ കഴിഞ്ഞ ദിവസങ്ങളില്‍ വടിയെടുത്തിരുന്നു. രഞ്ജി കളിക്കാതെ ഐപിഎല്ലിനായി തയാറെടുക്കുന്ന താരങ്ങൾക്ക് മുന്നറിയിപ്പുമായാണ് ബിസിസിഐ രംഗത്തെത്തിയത്. ദേശീയ ടീമിലില്ലാത്ത താരങ്ങൾ എത്ര സീനിയറായാലും രഞ്ജി ട്രോഫിയിൽ അവരുടെ സംസ്ഥാനത്തിന് വേണ്ടി കളിക്കണമെന്ന കർശന നിർദേശമാണ് ബിസിസിഐ പുറപ്പെടുവിച്ചു.

നേരത്തെ പരിക്കൊന്നുമില്ലാതിരുന്നിട്ടും സ്വന്തം സംസ്ഥാനമായ ജാർഖണ്ഡിന്റെ രഞ്ജി ടീമിൽ കളിക്കാൻ ഇഷാൻ കിഷൻ തയാറായിരുന്നില്ല. പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ നിർദേശം പോലും അവഗണിച്ചായിരുന്നു 25 കാരന്റെ പെരുമാറ്റം. ഇതോടെയാണ് കർശന നിർദേശവുമായി ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. ചിലർ ഇപ്പോഴേ ഐപിഎൽ മോഡിലാണെന്ന് ബിസിസിഐ കുറ്റപ്പെടുത്തി.

Advertising
Advertising

മറ്റൊരു ഇന്ത്യന്‍ താരമായ ശ്രേയസ് അയ്യറും രഞ്ജിയില്‍ കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. നടുവേദനയുള്ളതിനാൽ രഞ്ജി കളിക്കാൻ സാധിക്കില്ലെന്നായിരുന്നു താരം പറഞ്ഞത്. രഞ്ജി ക്വാർട്ടർ പോരാട്ടത്തിൽ മുംബൈക്കായി ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ശ്രേയസ് നടുവേദനയുണ്ടെന്ന് പരാതിപ്പെട്ടത്. എന്നാല്‍ താരത്തിന് പരിക്കുകളൊന്നുമില്ലെന്നും ഫിറ്റ്‌നസ് വീണ്ടെടുത്തതായും ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി ബി.സി.സി.ഐക്ക് റിപ്പോർട്ട് നൽകി. ഇന്ത്യൻ ടീം വിട്ടതിന് ശേഷം താരത്തിന് മറ്റ് പരിക്കുകളൊന്നുമുണ്ടായിട്ടില്ല എന്ന് ദേശിയ ക്രിക്കറ്റ് അക്കാദമിയിലെ സ്‌പോർട്‌സ് ആൻഡ് സയൻസ് മെഡിസിൻ വിഭാഗം മേധാവി നിതിൻ പട്ടേൽ അയച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

ഇപ്പോഴിതാ താരങ്ങള്‍ക്കെതിരെ ബി.സി.സി.ഐ കടുത്ത നടപടികളിലേക്ക് കടക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഇഷാന്‍ കിഷന്‍റെയും ശ്രേയസ് അയ്യറുടെയും കരാര്‍ റദ്ദാക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതത്. ''ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന്  ബിസിസിഐയുടെ നിർദ്ദേശം ഉണ്ടായിരുന്നിട്ടും  കളിക്കാന്‍ കൂട്ടാക്കത്തതിനാല്‍ കിഷനും അയ്യരും ബി.സി.സി.ഐ കരാര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട്” ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രഞ്ജിയില്‍ കളിക്കാനില്ലെന്ന് പ്രഖ്യാപിച്ച താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനും രംഗത്തെത്തി.ഇന്ത്യൻ ക്രിക്കറ്റിൽ ഓരോ കളിക്കാർക്കും ഓരോ നിയമമാണോ എന്ന് പത്താൻ ചോദിച്ചു. പരിക്ക് പറ്റുമെന്ന് കരുതി ചിലർ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് മനപ്പൂർവം വിട്ട് നിൽക്കുകയാണെന്ന് മുൻ ഇന്ത്യൻ താരം കുറ്റപ്പെടുത്തി.

ഇന്ത്യൻ ടീമിൽ കളിക്കാത്ത പല താരങ്ങളും രഞ്ജി ട്രോഫിയിൽ പങ്കെടുക്കാൻ വിമുഖത കാണിക്കാറുണ്ട്. ഇതിന് പകരം, ഐപിഎല്ലിനായി ഒരുങ്ങുന്നതിനായി മാസങ്ങളായി മാറി നിൽക്കുകയാണ്. ഈ പ്രവണത വർധിച്ചതോടെയാണ് ഫ്രാഞ്ചൈസി ലീഗല്ല, രഞ്ജിയാണ് സെലക്ഷൻ മാനദണ്ഡമെന്ന തരത്തിൽ ബിസിസിഐ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതികരണം നടത്തിയത്. ഐപിഎൽ മുംബൈ ഇന്ത്യൻസ് താരമാണ് ഇഷാന്‍ കിഷൻ. .

ദക്ഷിണാഫ്രിക്കൻ പരമ്പരക്കിടെ വിശ്രമം ആവശ്യപ്പെട്ട് ടീം വിട്ട ഇഷാൻ കിഷൻ പിന്നീട് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇടക്ക് ദുബൈയിൽ സഹോദരന്റെ ജൻമ ദിന പാർട്ടിയിൽ പ്രത്യക്ഷപ്പെട്ടതും ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു. നിലവിൽ ഇംഗ്ലണ്ടിനെതിരെ നടന്നു വരുന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം ഐപിഎലാണ് പ്രധാന ഇവന്റ്. ഐപിഎല്ലിലെ പ്രകടനമായിരിക്കും ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ സെലക്ഷൻ മാനദണ്ഡമെന്നതാണ് സീനിയർ താരങ്ങളെ രഞ്ജിയിൽ നിന്ന് മാറി നിൽക്കാൻ പ്രേരിപ്പിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News