അഹ്‌മദാബാദിനു പിറകെ ലോകത്തെ മൂന്നാമത്തെ വലിയ ക്രിക്കറ്റ് സ്‌റ്റേഡിയവും ഇന്ത്യയിൽ ഒരുങ്ങുന്നു
ഇന്ത്യയുടെ പിങ്ക് നഗരം ജെയ്പൂരിലാണ് ഒരേസമയം 75,000 പേർക്ക് ഇരുന്ന് കളി ആസ്വദിക്കാവുന്ന ഭീമൻ സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിക്കാനിരിക്കുന്നത്
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം സ്ഥിതി ചെയ്യുന്ന രാജ്യമെന്ന സവിശേഷത ഇന്ത്യയ്ക്ക് ലഭിക്കുന്നത് ഈ വർഷം ആദ്യത്തിലാണ്. അഹ്‌മദാബാദിലെ നവീകരിച്ച മൊട്ടേര സ്‌റ്റേഡിയത്തിലൂടെയായിരുന്നു അത്; പുതിയ നരേന്ദ്ര മോദി സ്‌റ്റേഡിയം. ഇപ്പോൾ ലോകത്തെ മൂന്നാമത്തെ വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം കൂടി രാജ്യത്ത് സജ്ജമാകുകയാണ്.
പിങ്ക് നഗരം ജെയ്പൂരിലാണ് ഈ ഭീമൻ സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിക്കാനിരിക്കുന്നത്. 75,000 പേർക്ക് ഒരേസമയം ഇരുന്ന് കളി ആസ്വദിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുങ്ങുന്നത്. രണ്ട് ഘട്ടങ്ങളിലായി സ്റ്റേഡിയം നിർമാണം പൂർത്തീകരിക്കും. ആദ്യഘട്ടത്തിൽ 45,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഒരുക്കുക. പിന്നീട് 30,000 പേർക്കുകൂടി ഇരിപ്പിട സൗകര്യമൊരുക്കുമെന്ന് ആർസിഎ പ്രസിഡന്റ് വൈഭവ് ഗെഹ്ലോട്ട് അറിയിച്ചു.
ജെയ്പൂരിനടുത്തുള്ള ഗ്രാമപ്രദേശമായ ചോമ്പിലെ ഡൽഹി റോഡിനോട് ചേർന്നുള്ള 100 ഏക്കർ ഭൂമിയിലാണ് സ്‌റ്റേഡിയം വരുന്നത്. 650 കോടി രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന നിർമാണച്ചെലവ്. ബിസിസിഐ ഇതിനായി 100 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. മൂന്നു വർഷംകൊണ്ട് സ്റ്റേഡിയം പൂർണമായി സജ്ജമാക്കാനാണ് ആർസിഎയുടെ പദ്ധതി.
രണ്ട് പ്രാക്ടീസ് ഗ്രൗണ്ടുകൾ, ക്രിക്കറ്റ് അക്കാദമി, ഹോട്ടൽ, അന്താരാഷ്ട്ര സ്‌റ്റേഡിയങ്ങളിലുള്ള മറ്റു സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടാകും. സ്റ്റേഡിയം നിർമാണത്തിനുള്ള ഭൂമി രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്(ആർസിഎ) ജെയ്പൂർ വികസന അതോറിറ്റി കൈമാറിക്കഴിഞ്ഞു.
ജെയ്പൂരിലെ സ്റ്റേഡിയംകൂടി സജ്ജമാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ മൂന്ന് ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളിൽ രണ്ടും ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാകും. അഹ്‌മദാബാദ് സ്റ്റേഡിയത്തിൽ 1,32,000 പേർക്കാണ് ഇരിപ്പിടസൗകര്യമുള്ളത്. 1,00,024 പ്രേക്ഷകർക്ക് ഒരേസമയം ഇരുന്ന് കളി കാണാവുന്ന ഓസ്‌ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയമാണ് രണ്ടാം സ്ഥാനത്തുള്ളത്.