108 മെഗാപിക്സൽ ക്യാമറ, താഴെവീണാലും പൊട്ടില്ല; വമ്പൻ മോഡലുമായി ഹോണർ, വിപണിയിലേക്ക്
ഉറപ്പുള്ള ഡിസ്പ്ലേയ്ക്ക് പുറമേ ചില എ.ഐ ഫീച്ചറുകളും ഈ സ്മാർട്ട്ഫോണിനെ വേറിട്ടതാക്കുന്നു
ഷെൻഷെൻ(ചൈന): എക്‌സ് സീരിസിൽ പുതിയ മോഡലുമായി ഹോണർ. ഹോണർ എക്‌സ് 9ബി(Honor X9b) എന്ന മോഡൽ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചു. 8ജി റാം അടങ്ങിയ 4എൻ.എം സ്‌നാപ്ഡ്രാഗൺ 6ജെൻ 1 ചിപ് സെറ്റ് ആണ് മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. താഴെവീണാലും അത്ര എളുപ്പത്തിൽ പൊട്ടാത്ത അൾട്രാ ബൗൺസ് ആൻഡി ഡ്രോപ് ഡിസ്‌പ്ലെയും 108 മെഗാപിക്‌സലിന്റെ ക്യാമറയുമൊക്കെയാണ് മോഡലിന്റെ പ്രധാന പ്രത്യേകതകൾ.
35 വാട്ടിന്റെ വയേർഡ് ചാർജിങ്, വെള്ളം,പൊടി എന്നിവയിൽ നിന്നൊക്കെ സംരക്ഷണം നൽകുന്ന ഐപി53 റേറ്റിങ് ഒക്കെയാണ് മറ്റു പ്രത്യേകതകൾ. 25,999ലാണ് ഇന്ത്യയിലെ വില ആരംഭിക്കുന്നത്. 8ജിബി റാമും 256 ജിബി സ്റ്റോറേജും അടങ്ങിയതാണ് മോഡൽ. മിഡ്‌നൈറ്റ് ബ്ലാക്ക്, സൺറൈസ് ഓറഞ്ച് എന്നീ നിറങ്ങളിൽ മോഡൽ ലഭ്യമാകും. ഫെബ്രുവരി 16മുതൽ ആമസോണിലൂടെയും രാജ്യത്തെ 1800 റീട്ടെയിൽ ഷോപ്പുകളിലൂടെയും മോഡലുകൾ സ്വന്തമാക്കാം. ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് ഉപയോഗിക്കുകയാണെങ്കിൽ 3000 രൂപയുടെ ഡിസ്‌കൗണ്ടും നേടാം.
ആൻഡ്രോയിഡ് 13ൽ അധിഷ്ഠിതമായ മാജിക് ഒ.എസ് 7.2ൽ ആണ് ഫോൺ പ്രവർത്തിക്കുക. അമോലെഡ് സ്‌ക്രീൻ(120 എച്ച്.സെഡ് റീഫ്രഷ് റേറ്റ്). അൾട്രാ ബൗൺസ് ആൻഡി ഡ്രോപ് ഡിസ്‌പ്ലെയാണ് ഈ മോഡലിനെ വേറിട്ടതാക്കുന്നത്. വിവിധ ആംഗിളുകളിൽ താഴെ വീണാലൊന്നും വേഗത്തിൽ പൊട്ടില്ലെന്നാണ് ഈ ഡിസ്‌പ്ലെ കൊണ്ട് ലക്ഷ്യമിടുന്നത്. മൂന്ന് ലയർ പ്രൊട്ടക്ഷനാണ് നൽകിയിരിക്കുന്നത്. അതേസമയം ഇതിന്റെ ആധികാരികതയിൽ ചില സ്മാർട്ട്‌ഫോൺ റിവ്യൂവേഴ്‌സ് ആശങ്ക പങ്കുവെക്കുന്നുണ്ട്.
ഡിസ്പ്ലേയുടെ മികവിന്റെ സാക്ഷ്യപത്രമായി സ്വിറ്റ്‌സർലൻഡിൻ്റെ എസ്.ജി.എസിൽ നിന്ന് ഫൈവ് സ്റ്റാർ ഓവറോൾ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ ലഭിച്ചതായും ഇത്തരത്തില്‍ സാക്ഷ്യപത്രം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആണ് ഇതെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ഉറപ്പുള്ള ഡിസ്പ്ലേയ്ക്ക് പുറമേ ചില എ.ഐ ഫീച്ചറുകളും ഈ സ്മാർട്ട്ഫോണിനെ വേറിട്ടതാക്കുന്നു. സ്‌ക്രീൻ ടൈമിനെയും ചുറ്റുപാടുകളെയും അടിസ്ഥാനമാക്കി ഡിസ്‌പ്ലേയുടെ ബ്രൈറ്റ്നസ് സ്വയം ക്രമീകരിക്കാൻ ഈ ഫോണിൽ ഡൈനാമിക് ഡിമ്മിംഗ് സംവിധാനവുമുണ്ട്. ഇത് കണ്ണുകൾക്ക് സുഖകരമായ സാഹചര്യം ഒരുക്കാന്‍ പോന്നതാണ്.
ക്യാമറയുടെ കാര്യത്തിലും ഈ ഹോണർ മോഡല്‍ നിരാശപ്പെടുത്തില്ല. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഹോണർ ഈ, 5ജി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 108 മെഗാപിക്‌സൽ പ്രൈമറി സെൻസർ, 5 മെഗാപിക്‌സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്‌സൽ മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്നതാണ് ക്യാമറ മൊഡ്യൂള്‍. സെൽഫിക്കായി 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. മെയിൻ ക്യാമറയിൽ 4കെ വീഡിയോസ് ഷൂട്ട് ചെയ്യാനാകും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, 5,800എം.എ.എച്ച് ബാറ്ററി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.