'സ്റ്റോറേജ് ലാഭിക്കാം'; പുതിയ ഫീച്ചറുകളുമായി ആൻഡ്രോയിഡ് 15 വരുന്നു
ഫോണിന്റെ സ്റ്റോറേജ് സ്പേസ് ലാഭിക്കാനും അതുവഴി ഫോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കഴിയും
ന്യൂയോര്‍ക്ക്: പുതിയ ഫീച്ചറുകളും ഡിസൈന്‍ മാറ്റങ്ങളും ഉള്‍പ്പടെ പുതുമകള്‍ നിറഞ്ഞ അപ്ഡേറ്റുമായി ആന്‍ഡ്രോയിഡ് 15. അതില്‍ ഒന്നാണ് ഫോണുകളിലെ സ്റ്റോറേജ് കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ സംവിധാനം.
ആന്‍ഡ്രോയിഡ് 15 ഒഎസില്‍ മൊബൈല്‍ ആപ്പുകള്‍ ആര്‍ക്കൈവ്(സൂക്ഷിച്ചുവെക്കുക) ചെയ്യാനുള്ള സൗകര്യം ഉണ്ടാവും. ഫോണിന്റെ സ്റ്റോറേജ് സ്പേസ് ലാഭിക്കാനും അതുവഴി ഫോണിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കഴിയും. സ്ഥിരമായി ഉപയോഗിക്കാതെ കിടക്കുന്ന ആപ്പുകള്‍ പലതും നിങ്ങളുടെ ഫോണിലുണ്ടാവാം. എന്നാല്‍ അവയ്ക്കെല്ലാം സ്റ്റോറേജ് ആവശ്യമുണ്ട്.
പരിമിതമായ സ്റ്റോറേജ് മാത്രമുള്ള ഫോണുകളില്‍ അത് ഒരു പ്രശ്നമാണ്. ആ ആപ്പുകള്‍ പൂര്‍ണമായും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാതെ ഫോണില്‍ തന്നെ ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഫോണിലെ സ്റ്റോറേജ് ലാഭിക്കുക മാത്രമല്ല ഈ സംവിധാനത്തിലൂടെ നിങ്ങളുടെ ഡാറ്റയും സുരക്ഷിതമാക്കാന്‍ കഴിയും.
ആന്‍ഡ്രോയിഡിന്റെ പുതിയ അപ്‌ഡേറ്റായ ആന്‍ഡ്രോയിഡ് 15 ഈ വര്‍ഷം മേയ് 14 ന് നടക്കുന്ന ഗൂഗിള്‍ ഐഒ കോണ്‍ഫറന്‍സില്‍ വെച്ച് പ്രഖ്യാപിക്കും.
നിലവിൽ ഈ ഫീച്ചർ ഗൂഗിൾ പ്ലേ സ്‌റ്റോർ ക്രമീകരണങ്ങളിലൂടെ ഉറപ്പാക്കാമെങ്കിലും ഗൂഗിള്‍ നിര്‍ദേശിക്കുന്ന ആപ്പുകളില്‍ മാത്രമെ പ്രാവര്‍ത്തികമായിരുന്നുള്ളൂ. മാത്രമല്ല ആർക്കൈവ് ചെയ്യേണ്ട ആപ്പുകൾ ഉപയോക്താക്കൾക്ക് നേരിട്ട് തിരഞ്ഞെടുക്കാനും പറ്റില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് 15ല്‍ എല്ലാ ആപ്പുകളും ഇങ്ങനെ ആര്‍ക്കൈവ് ചെയ്യാനാകും. അതേസമയം ആപ്പിളിന് ആപ്പ് ഓഫ് ലോഡിംഗ് എന്ന സമാനമായ സവിശേഷതയുണ്ടെങ്കിലും ആൻഡ്രോയിഡ് 15 നല്‍കുന്നത് പോലെ വിപുലമായ 'അധികാരങ്ങള്‍' നല്‍കുന്നത് അല്ല. ഡിസൈനില്‍ വരുന്ന സമൂലമായ മാറ്റങ്ങളാണ് ആന്‍ഡ്രോയിഡ് 15ല്‍ വരുന്ന മറ്റൊരു മാറ്റം.