കുട്ടികൾക്കുള്ള സോഷ്യൽമീഡിയ വിലക്ക്; ബിൽ പാസാക്കി ആസ്ത്രേലിയ
ഏറെ നാളത്തെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് ബിൽ പാർലമെന്റിൽ പാസാക്കുന്നത്
സിഡ്നി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽനിന്ന് 16 വയസുവരെയുള്ള കുട്ടികളെ നിരോധിക്കുന്ന ബിൽ പാസാക്കി ആസ്ത്രേലിയ. ഏറെ നാളത്തെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് ബിൽ പാർലമെന്റിൽ പാസാക്കുന്നത്. ബിൽ 16 വയസിനു താഴെയുള്ള കുട്ടികൾ ആപ്പുകളിൽ കയറുന്നത് തടയാൻ ടെക്ക് ഭീമന്മാരെ നിർബന്ധിതരാക്കുന്നു. ലോഗിൻ ചെയ്യുന്നത് തടയാൻ കഴിഞ്ഞില്ലെങ്കിൽ 49.5 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 270 കോടി രൂപ) വരെ പിഴ ചുമത്തും. ഇത് നടപ്പാക്കുന്നതിനുള്ള ട്രയൽ ജനുവരിയിൽ ആരംഭിക്കും.
ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കുട്ടികളെ സമൂഹമാധ്യമങ്ങളിൽ നിന്ന് വിലക്കുന്ന ബിൽ പാസാക്കുന്നത്. അവതരിപ്പിച്ച് ഒരാഴ്ചക്കുള്ളിലാണ് ബില്ലിന് സെനറ്റ് അംഗീകാരം നൽകിയത്. ഫ്രാൻസും ചില യുഎസ് സംസ്ഥാനങ്ങളും മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. എന്നാൽ ആസ്ത്രേലിയയിലെ വിലക്ക് സമ്പൂർണമാണ്.
‘ലോകത്തെ നയിക്കുന്നത്’ എന്ന് വിശേഷിപ്പിച്ചാണ് പാർലമെന്റിന്റെ അധോസഭയിൽ ഇതു സംബന്ധിച്ച ബില്ല് ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബാനീസ് അവതരിപ്പിച്ചത്. എക്സ്, ടിക്ടോക്ക്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലെ ദോഷങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് നിരോധനമെന്നാണ് ആന്‍റണി അൽബാനീസ് വ്യക്തമാക്കിയത്. ഇതൊരു ആഗോള പ്രശ്നമാണ്, ആസ്ത്രേലിയൻ യുവാക്കൾക്ക് ബാല്യം വേണം, മാതാപിതാക്കൾക്ക് മനസ്സമാധാനം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.
നിയമം പാസാക്കിയത്, അടുത്ത വർഷം തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന പ്രധാനമന്ത്രി ആൻ്റണി ആൽബനീസിന് രാഷ്ട്രീയ വിജയമാണ്. ബില്ലിന് ചില ബാലാവകാശ സംഘടനകളിൽ നിന്നു എതിർപ്പ് നേരിട്ടിരുന്നു. എന്നാൽ ഏറ്റവും പുതിയ അഭിപ്രായ വോട്ടെടുപ്പിൽ ജനസംഖ്യയുടെ 77 ശതമാനം പേരും ബില്ലിനെ പിന്തുണച്ചതായി കാണുന്നു.