ചാറ്റ്ജിപിടി സ്ഥാപകൻ സാം ആൾട്ട്മാൻ വിവാഹിതനായി; പങ്കാളി സുഹൃത്ത് ഒലിവർ മുൾഹെറിന്‍

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി യു.എസ് ഭരണകൂടം ഒരുക്കിയ വിരുന്നിൽ സാം ആൾട്ട്മാനും മുൾഹെറിനും അതിഥികളായി പങ്കെടുത്തിരുന്നു

Update: 2024-01-12 10:36 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: ചാറ്റ്ജിപിടി സ്ഥാപകനും മാതൃസ്ഥാപനം ഓപൺഎ.ഐയുടെ സി.ഇ.ഒയുമായ സാം ആൾട്ട്മാൻ വിവാഹിതനായി. ദീർഘകാല സുഹൃത്തും സോഫ്റ്റ്‌വെയർ എൻജിനീയറുമായ ഒലിവർ മുൾഹെറിനാണു പങ്കാളി. വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഹവായിയിൽ നടന്ന വിവാഹ പരിപാടിയിൽ ഇരുവരുടെയും കുടുംബങ്ങൾ പങ്കെടുത്തു. ഒലിവർ മുൾഹെറിന് സാം ആൾട്ട്മാൻ മോതിരം ഇട്ടുകൊടുക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയാണു പുറത്തുവന്നത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിലും പലതരത്തിലുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. എ.ഐ ഉപയോഗിച്ചു നിർമിച്ച ചിത്രമാണിതെന്നായിരുന്നു ഒരു പ്രചാരണം. എന്നാൽ, വിവാഹ വിവരം പിന്നീട് യു.എസ് ചാനലായ 'എൻ.ബി.സി ന്യൂസി'നോട് ആൾട്ട്മാൻ തന്നെ സ്ഥിരീകരിക്കുകയായിരുന്നു.

ആസ്‌ട്രേലിയൻ പൗരനാണ് ഒലിവർ മുൾഹെറിൻ. സാം ആൾട്ട്മാനുമായി ദീർഘകാലമായി അടുത്ത സുഹൃത്താണ്. ഏതാനും നാളായി ഇരുവരും കൂടെയാണു കഴിയുന്നത്. വാരാന്ത്യങ്ങളിൽ കാലിഫോർണിയയിലെ നാപയിലുള്ള വീട്ടിലും അല്ലാത്ത ദിവസങ്ങളിൽ സാൻഫ്രാൻസിസ്‌കോയിലെ റഷ്യൻ ഹില്ലിലുള്ള വീട്ടിലുമാണ് ഇവർ കഴിയുന്നത്.

കഴിഞ്ഞ വർഷം യു.എസ് ഭരണകൂടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരുക്കിയ വിരുന്നിൽ ആൾട്ട്മാനും മുൾഹെറിനും അതിഥികളായി പങ്കെടുത്തിരുന്നു. ഇരുവർക്കും കുട്ടികളുണ്ടാക്കാൻ ആഗ്രഹമുണ്ടെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ന്യൂയോർക്ക് മാഗസിനു നൽകിയ അഭിമുഖത്തിൽ ആൾട്ട്മാൻ വെളിപ്പെടുത്തിയിരുന്നു.

എ.ഐ ഗവേഷണരംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ച ചാറ്റ്ജിപിടിയുടെ ലോഞ്ചിങ്ങിലൂടെയാണ് സാം ആൾട്ട്മാൻ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടുന്നത്. എന്നാൽ, എ.ഐ സ്റ്റാർട്ട്അപ്പായ ഓപൺഎ.ഐയുടെ സി.ഇ.ഒ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കിയത് വിവാദമായി. എന്നാൽ, നാടകീയ നീക്കങ്ങൾക്കൊടുവിൽ അഞ്ചു ദിവസത്തിനുശേഷം ആൾട്ട്മാൻ വീണ്ടും സി.ഇ.ഒ സ്ഥാനത്തേക്ക് തിരിച്ചെത്തി.

Summary: OpenAI CEO and ChatGPT founder Sam Altman marries boyfriend Oliver Mulherin

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News