എ.ഐ ഉള്ളടക്കങ്ങൾ ഉപയോഗിച്ച് ചൈന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടപെട്ടേക്കും; മൈക്രോസോഫ്റ്റ്

ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിനെക്കൂടാതെ യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ഉള്‍പ്പടെ നടക്കുന്ന തെരഞ്ഞെടുപ്പുകളിലും ചൈനയുടെ ഇടപെടല്‍ ഉണ്ടായേക്കുമെന്നും മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Update: 2024-04-08 06:55 GMT
Editor : rishad | By : Web Desk
Advertising

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കാലത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ(എ.ഐ) ഇടപെടല്‍ ചര്‍ച്ചയാകുന്നതിനിടെ പുതിയ മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ചൈന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യതയുണ്ടെന്നാണ് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിനെക്കൂടാതെ യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ഉള്‍പ്പടെ നടക്കുന്ന തെരഞ്ഞെടുപ്പുകളിലും ചൈനയുടെ ഇടപെടല്‍ ഉണ്ടായേക്കുമെന്നും മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.   

ജനുവരിയില്‍ തായ്‌വാനില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചൈനയുടെ എ.ഐ നിര്‍മ്മിത വ്യാജ വിവരണ പ്രചാരണം നടന്നിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഒരു വിദേശ തെരഞ്ഞെടുപ്പില്‍ എ.ഐ നിര്‍മിത ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ഇടപെടാന്‍ സര്‍ക്കാര്‍ പിന്തുണയുള്ള ഒരു ഏജന്‍സി ശ്രമിക്കുന്നത് തങ്ങള്‍ ആദ്യമായാണ് കാണുന്നതെന്നും മൈക്രോസോഫ്റ്റ് പറയുന്നു.  

ഐ.ഐ വഴി സൃഷ്ടിക്കുന്ന ഉള്ളടക്കത്തിൻ്റെ ആഘാതം നിലവില്‍ വളരെ കുറവാണെങ്കിലും, ഈ സാങ്കേതികവിദ്യയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന പരീക്ഷണങ്ങൾ കാലക്രമേണ കൂടുതൽ ഫലപ്രദമായി മാറിയേക്കാമെന്നും മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ മാസം, മൈക്രോസോഫ്റ്റിൻ്റെ സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡല്‍ഹിയില്‍ വെച്ച് സന്ദർശിച്ചിരുന്നു. സാമൂഹിക ആവശ്യങ്ങൾ, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, ആരോഗ്യം, കാർഷിക മേഖലകളിലെ നവീകരണം എന്നിവയ്ക്കായി എ.ഐ എങ്ങനെയാണ് ഉപയോഗിക്കുക എന്നത് കൂടിക്കാഴ്ചയില്‍ ചർച്ചാ വിഷയമായെന്നാണ് സൂചന.

അതേസമയം ഇന്ത്യയില്‍ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19നാണ് ആരംഭിക്കുന്നത്. ജൂൺ 1നാണ് അവസാന ഘട്ടം. ഇതിനൊപ്പം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ജൂൺ 4നാണ് ഫലപ്രഖ്യാപനം.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News