UPI യിൽ ആണോ പണമിടപാട്; എന്നാൽ ഈ ഫീച്ചർ ‘SAFE’ അല്ല, സൂക്ഷിച്ചില്ലേൽ പണികിട്ടും
കുറഞ്ഞ സമയം കൊണ്ട് നമ്മളറിയാതെ ബാങ്ക് അക്കൗണ്ട് കാലിയാക്കുന്നതാണ് ഈ സംവിധാനം


സാങ്കേതികവിദ്യ നമ്മുടെ ദൈനംദിന ജോലികൾ പലതും എളുപ്പമാക്കിയിരിക്കുകയാണെന്നത് യാഥാർത്ഥ്യമാണ്. നിരവധി ആപ്പുകളും വിവിധ സേവനങ്ങളും എല്ലാം ലളിതമാക്കി. അതിനൊപ്പം തന്നെ വലിയ കെണികളും ഈ ഡിജിറ്റൽ സേവനങ്ങൾക്കൊപ്പം നമ്മളെത്തേടിയെത്തി. അത് തിരിച്ചറിഞ്ഞ് ഗൗരവത്തോടെ സമീപിച്ചില്ലെങ്കിൽ അക്കൗണ്ട് കാലിയാകും.
2016-ൽ അവതരിപ്പിച്ച ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് എന്ന യുപിഐ സംവിധാനം ഉപയോഗിക്കാത്തവരുണ്ടാകില്ല. ഇ-പേയ്‌മെന്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിവേഗം പണം കൈമാറാനും ബില്ലുകൾ അടയ്ക്കാനും കഴിയുമെന്നതായതോടെ എല്ലാവരും യുപിഐ അധിഷ്ഠിത ഡിജിറ്റൽ ഇടപാടിലേക്ക് മാറി.
സ്മാർട്ട് ഫോണും ഗൂഗ്ൾപേ, ഫോൺപേ, പേടി എം, ക്രെഡ് തുടങ്ങിയ നിരവധി ആപ്പുകളും ചേർന്ന് നമ്മുടെ പണമിടപാട് രീതികളെ പൂർണമായും മാറ്റിമറിച്ചു.ആപ്പുകൾ ‘ഓട്ടോപേ’ എന്ന സംവിധാനം അവതരിപ്പിച്ചതോടെ കാര്യങ്ങൾ കൂടുതൽ ലളിതമായി. നമ്മളൊന്നം അറിയണ്ട ബില്ലുകൾ അടക്കലും സബ്‌സ്‌ക്രിപ്‌ഷനുകൾ പുതുക്കലുമൊക്കെ ആപ്പുകൾ ചെയ്ത് തരും. അക്കൗണ്ടിൽ പണമുണ്ടെങ്കിൽ എല്ലാം ആപ്പ് തന്നെ കൃത്യസമയത്ത് അടച്ച് എല്ലാം ആക്ടീവാക്കി നിർത്തും. വലിയ സൗകര്യമാണൊരുക്കിയതെങ്കിലും ഓട്ടോപേ ഓപ്ഷന് പിന്നിൽ വലിയ കെണിയുമുണ്ട്.
അക്കൗണ്ട് കാലിയാക്കാനും വലിയ കടക്കെണിയിലേക്കെത്തിക്കാനുമൊക്കെ ‘ഓട്ടോപേ’ക്ക് കഴിയും. അക്കൗണ്ടിലെ യുപിഐ ഓട്ടോ പേ ഓപ്ഷൻ ഡീആക്ടിവേറ്റ് ചെയ്യുക എന്നതാണ് പണം നഷ്ടമാകാതിരിക്കാനുള്ള ഏകവഴി. കാരണം 199 രൂപയുടെ ബിൽ സബ്സ്ക്രിപ്ഷൻ പുതുക്കാനാണുള്ളതെങ്കിലും 1 ലക്ഷം രൂപവരെ ഉപയോഗിക്കാനുള്ള പരിധിയാകും ആക്ടീവായിട്ടുണ്ടാവുക. തട്ടിപ്പുകാരോ ഹാക്കർമാരോ നുഴഞ്ഞുകയറുകയോ, ഫോൺ നഷ്ടമാവുകയോ ചെയ്താൽ പണം പോകുന്ന വഴി അറിയില്ല.
ഓട്ടോപേ ഓപ്ഷൻ ഡീ ആക്ടിവേറ്റ് ചെയ്താലും പിന്നീട് വീണ്ടും സജീവമാക്കാം. അനാവശ്യ പേയ്‌മെന്റുകൾ ഒഴിവാക്കാനും, ആവശ്യമുള്ള സേവനങ്ങൾക്ക് മാത്രം പണം നൽകാനുമുള്ള മികച്ച മാർഗമാണിത്.