ഇനി 'കെക്കിയസ് മാക്‌സിമസ്': എക്സ് പ്രൊഫൈലിൽ അടിമുടി മാറ്റം വരുത്തി എലോൺ മസ്‌ക്
പുതിയ പ്രൊഫൈൽ ചിത്രം 'പെപ്പെ ദി ഫ്രോഗ്' എന്ന പ്രശസ്തമായ മീം ആണ്
എക്സ് പ്രൊഫൈലിൽ അടിമുടി മാറ്റം വരുത്തി ശത കോടീശ്വരൻ എലോൺ മസ്ക്. പേരും പ്രൊഫൈൽ പിക്ച്ചറും അടക്കമുള്ള വിവരങ്ങളാണ് മാറ്റിയത്. പ്രൊഫൈലിന്റെ പേര് എലോൺ മസ്ക് എന്നുള്ളത് 'കെക്കിയസ് മാക്‌സിമസ്' എന്നാക്കി മാറ്റി. പുതിയ പ്രൊഫൈൽ ചിത്രം 'പെപ്പെ ദി ഫ്രോഗ്' എന്ന പ്രശസ്തമായ മീം ആണ്.
സ്വർണ്ണ കവചം ധരിച്ച് വീഡിയോ ഗെയിം കൺട്രോളർ പിടിച്ചിരിക്കുന്ന 'പെപ്പെ ദി ഫ്രോഗ്' ആണ് മസ്കിന്റെ പ്രൊഫൈൽ ചിത്രം. വർഷങ്ങളായി ഓൺലൈനിൽ ട്രെൻഡിങ്ങാണ് ഈ ചിത്രം. അടുത്തിടെ ക്രിപ്‌റ്റോകറൻസി വിപണിയിൽ തരംഗം സൃഷ്‌ടിച്ച കെകിയസ് എന്ന ജനപ്രിയ മെമെകോയിനിൽ നിന്നാണ് 'കെക്കിയസ് മാക്‌സിമസ്' എന്ന പേര് ഉണ്ടായത്. മസ്ക് പ്രൊഫൈൽ വാൾ മാറ്റിയതോടെ വലിയ ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ആരംഭിച്ചിരിക്കുന്നത്.
പെട്ടെന്നുള്ള പേര് മാറ്റൽ മസ്കിന്റെ ക്രിപ്റ്റോ വിപണിയിലേക്കുള്ള കടന്നുവരവിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. മസ്ക് പലപ്പോഴും ക്രിപ്‌റ്റോകറൻസിയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനായി ഫോളോവേഴ്സിനെ വാങ്ങുന്നതടക്കമുള്ള ക്രമക്കേടുകൾ കാണിക്കുന്നതിനെതിരെ മസ്‌ക് അടുത്തിടെ എക്‌സിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടതാണ് പേര് മാറ്റം എന്നും ചർച്ചകൾ ഉണ്ട്.
പുതിയ മാറ്റങ്ങളെ പരിഹസിച്ച് കൊണ്ടും നിരവധി പേരാണ് എക്‌സിൽ രംഗത്ത് വന്നത്.