വ്യാജവാർത്ത; എട്ട് യൂട്യൂബ് ചാനലുകൾ പൂട്ടിച്ച് കേന്ദ്രസർക്കാർ

രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ എന്നിവർക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചു എന്നാണ് ആരോപണം

Update: 2023-08-11 12:58 GMT
Advertising

വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് എട്ട് യൂട്യൂബ് ചാനലുകൾ പൂട്ടിച്ച് കേന്ദ്രസർക്കാർ. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ എന്നിവർക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചു എന്നാണ് ആരോപണം. യഹാൻ സച് ദേഖോ, ക്യാപിറ്റൽ ടി.വി, കെ.പി.എസ് ന്യൂസ്, സർക്കാരി വ്‌ളോഗ്, ഏൺ ടെക് ഇന്ത്യാ, എസ്.പി.എൻ9 ന്യൂസ്, എജുക്കേഷണൽ ദോസ്ത്, വേൾഡ് ബെസ്റ്റ് ന്യൂസ് എന്നീ ചാനലുകളാണ് നിരോധിച്ചത്.

ഇതിൽ എസ്.പി.എൻ9 ന്യൂസിന് 48 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും 189 കോടി വ്യൂസുമുണ്ട്. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ എന്നിവരെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചു എന്നതാണ് എസ്.പി.എൻ9 ന്യൂസ് നേരിടുന്ന ആരോപണം.

പ്രധാനമന്ത്രിയെയും സർക്കാറിനെയും സർക്കാർ ഉത്തരവുകളെയും കുറിച്ച് തെറ്റായ വാർത്തകൾ നൽകി എന്നതാണ് ക്യാപിറ്റൽ ടീവി നേരിടുന്ന ആരോപണം. ഈ ചാനലിന് 35 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സും 160 കോടിയിലേറെ വ്യൂസുമുണ്ട്.

എജ്യൂക്കേഷണൽ ദോസ്ത് എന്ന ചാനലിന് 35 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സും 23 കോടിയിലേറെ വ്യൂസുമുണ്ട്. സർക്കാറിന്റെ പദ്ധതികളെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു എന്നതാണ് ഈ ചാനലിനെതിരെയുള്ള ആരോപണം. ഇന്ത്യൻ ആർമിയെ ക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു എന്നതാണ് വേൾഡ് ബേസ്റ്റ് ന്യൂസിനെതിരെയുള്ള ആരോപണം. ഈ ചാനലിന് 17 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സും 18 കോടി വ്യൂസും ഉണ്ട്.

സർക്കാറിന്റെ പദ്ധതികളെക്കുറിതച്ച് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് സർക്കാരി വ്‌ളോഗ് ചാന്ൽ നിരോധിച്ചത്. ഇതിന് 45 ലക്ഷത്തിലേറെ സ്ബ്‌സ്‌ക്രൈബേഴ്‌സും 9.4 കോടി വ്യൂസുമുണ്ട്. കെ.പി.എസ് ന്യൂസിന് 10 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സും 13 കോടി വ്യൂസുമാണുള്ളത്.

തെരഞ്ഞെടുപ്പ് കമ്മീഷനെയും, ചീഫ് ജസ്റ്റിസിനെയും കുറിച്ച് വ്യാജ വാർത്ത നൽകി എന്നാരോപിച്ചാണ് യഹാൻ സച് ദേഖാ ചാനൽ നിരോധിച്ചത്. ഇതിന് 30 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സും 100 ദശലക്ഷം വ്യൂസുമുണ്ട്. ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയവയെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചെന്നതാണ് ഏൺ ഇന്ത്യാ ടെക് ചാനലിനെതിരെയുള്ള ആരോപണം. ഈ ചാനലിന് 31,000 സബ്‌സ്‌ക്രൈബേഴ്‌സും 36 ലക്ഷത്തിലേറെ വ്യൂസുമുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News