'ഇന്‍സ്റ്റഗ്രാമിന്‍റെ രഹസ്യ വിഭാഗത്തില്‍ ബി.ജെ.പിയുടെ അമിത് മാളവ്യയും; പ്രത്യേക പരിഗണന, റിപ്പോര്‍ട്ട് ചെയ്താല്‍ ചോദ്യമില്ലാതെ അക്കൗണ്ടുകൾ പൂട്ടും'-വെളിപ്പെടുത്തല്‍

ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ റിപ്പോര്‍ട്ട് ചെയ്ത 705 പോസ്റ്റുകളാണ് കഴിഞ്ഞ മാസം മാത്രം ഒരു പരിശോധനയും നടത്താതെ നീക്കം ചെയ്തത്

Update: 2022-10-11 09:18 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഇൻസ്റ്റഗ്രാം ഉടമകളായ മെറ്റയും ബി.ജെ.പി ഐ.ടി സെല്ലും തമ്മിലുള്ള രഹസ്യബന്ധം വെളിപ്പെടുത്തി റിപ്പോർട്ട്. ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാളവ്യ മെറ്റയുടെ രഹസ്യ ഗ്രൂപ്പുകളുടെ ഭാഗമാണെന്നും പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നും അടക്കമുള്ള വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ദേശീയ വാർത്താ പോർട്ടലായ 'ദ വയർ' ആണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. മാളവ്യ ഒരു പോസ്റ്റ് റിപ്പോർട്ട് ചെയ്താൽ മറ്റൊരു നോട്ടവുമില്ലാതെ കമ്പനി അതു നീക്കം ചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിന്റെ ഒരു ആഭ്യന്തര റിപ്പോർട്ടിലാണ് മെറ്റയ്ക്കു കീഴിൽ രഹസ്യമായി പ്രവർത്തിക്കുന്ന 'എക്‌സ് ചെക്ക്', 'ക്രോസ് ചെക്ക്' തുടങ്ങിയ പ്രോഗ്രാമുകളിൽ അമിത് മാളവ്യ അംഗമാണെന്ന് വെളിപ്പെടുത്തലുള്ളത്. രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും അടക്കമുള്ള ഉന്നതതലങ്ങളിലുള്ള വ്യക്തികൾ അടങ്ങുന്ന പ്രത്യേക വിഭാഗമാണിത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അടക്കം മെറ്റ ഉപയോക്താക്കൾക്കു വച്ചിട്ടുള്ള നിയമങ്ങളും നിയന്ത്രണങ്ങളുമൊന്നും ഇവർക്ക് ബാധകമല്ല.

അടുത്തിടെയാണ് അമിത് മാളവ്യ പട്ടികയിലുള്ള വിവരം പുറത്തുവരുന്നത്. എക്‌സ് ചെക്ക് പ്രോഗ്രാം ഇന്ത്യയിൽ ഏതുതരത്തിലാണ് പ്രവർത്തിക്കുന്നതെന്ന കാര്യം ഇനിയും വ്യക്തമല്ല. എന്നാൽ, അമിത് മാളവ്യയ്ക്ക് ഈ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന കാര്യം ഇൻസ്റ്റഗ്രാം ആഭ്യന്തര റിപ്പോർട്ടിലുണ്ട്. പട്ടികയുടെ ഭാഗമായുള്ള ആദ്യ ഇന്ത്യക്കാരൻരെ പേരാണ് പുറത്തുവരുന്നത്.

സെപ്റ്റംബറില്‍ മാത്രം നീക്കം ചെയ്തത് 700 പോസ്റ്റുകള്‍

അമിത് മാളവ്യ ഒരു പോസ്റ്റ് റിപ്പോർട്ട് ചെയ്താൽ അതേക്കുറിച്ച് കൂടുതൽ അന്വേഷണം വേണ്ടതില്ലെന്നാണ് നിർദേശം. ഇത്തരത്തിൽ ആയിരക്കണക്കിനു പോസ്റ്റുകളാണ് ഇൻസ്റ്റഗ്രാം നക്കം ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം മാത്രം മാളവ്യ റിപ്പോർട്ട് ചെയ്ത 705 പോസ്റ്റുകൾ ഇൻസ്റ്റഗ്രാം ഡിലീറ്റ് ചെയ്തിട്ടുണ്ട്.

ഉത്തർപ്രദേശ് സ്വദേശിയായ പ്രഭാകർ മൗര്യ നിർമിച്ച യോഗി ആദിത്യനാഥിന്റെ പേരിൽ ക്ഷേത്രവും വിഗ്രഹവും സംബന്ധിച്ചുള്ള ട്രോൾ ഇൻസ്റ്റഗ്രാം നീക്കം ചെയ്തിരുന്നു. Superhumans of Cringetopia എന്ന പേരിലുള്ള അക്കൗണ്ടിലായിരുന്നു പോസ്റ്റുണ്ടായിരുന്നത്. നഗ്നതയും ലൈംഗിക ഉള്ളടക്കവും ചൂണ്ടിക്കാട്ടിയായിരുന്നു ഇൻസ്റ്റഗ്രാം നടപടി സ്വീകരിച്ചത്. എന്നാൽ, ഒരു തരത്തിലുമുള്ള നഗ്നതയും ലൈംഗിക ഉള്ളടക്കവും പോസ്റ്റിലുണ്ടായിരുന്നില്ല.

ആദ്യം അൽഗോരിതം പ്രശ്‌നമാണെന്ന് കരുതിയെങ്കിലും പിന്നീടാണ് അമിത് മാളവ്യയുടെ ആവശ്യപ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന കാര്യം വെളിപ്പെടുന്നത്. മെറ്റയിലെ തന്നെ ഒരു വിശ്വസ്ത ജീവനക്കാരനിൽനിന്നാണ് 'വയറി'ന് വിവരം ലഭിച്ചത്.

എക്‌സ് ചെക്ക് പരിഗണനയുള്ള ഉപയോക്താവായതിനാൽ പരിശോധന ആവശ്യമില്ലെന്നാണ് ഇൻസ്റ്റഗ്രാം ആഭ്യന്തര റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇതേകാരണത്താൽ ഓട്ടോ മോഡറേഷൻ ഒഴിവാക്കിയെന്നും പറയുന്നുണ്ട്.

എന്നാൽ, ഇതിനുശേഷവും ഇതേ ഐ.ഡിയുടെ ആറു പോസ്റ്റുകൾ ഇത്തരത്തിൽ ഇൻസ്റ്റഗ്രാം നീക്കം ചെയ്തു. ഇതിൽ ഒന്ന് ലൈംഗിക ഉള്ളടക്കം കാണിച്ചായിരുന്നു നീക്കിയത്. ബാക്കി അഞ്ചെണ്ണത്തിൽ ആക്രമണ ഉള്ളടക്കവും ചൂണ്ടിക്കാട്ടി. എന്നാൽ, ഇതിലൊന്നും പറയപ്പെട്ട കാരണങ്ങൾ വ്യക്തമല്ലായിരുന്നുവെന്നാണ് പേജിന്റെ അഡ്മിൻ പാനൽ പറയുന്നത്.

എന്താണ് എക്‌സ് ചെക്ക്? ആരാണ് ഈ ഹൈ പ്രൊഫൈല്‍ ഗ്രൂപ്പ്?

സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ അടക്കമുള്ള ഹൈപ്രൊഫൈൽ അക്കൗണ്ടുകൾക്കെതിരായ നടപടികൾ വിലയിരുത്താൻ ആരംഭിച്ച രഹസ്യ സംവിധാനമാണ് എക്‌സ് ചെക്കും ക്രോസ് ചെക്കും. എന്നാൽ, കമ്പനിയുടെ സ്വാഭാവിക നടപടിക്രമങ്ങളിൽനിന്നും നിയമങ്ങളിൽനിന്നും ചടങ്ങളിൽനിന്നും വി.ഐ.പി ഉപയോക്താക്കൾക്ക് രക്ഷപ്പെടാനുള്ള ഒരു മാർഗമായാണ് ഇതു മാറിയതെന്ന് 2021 സെപ്റ്റംബർ 13ന് വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിയമവിരുദ്ധമായി പറയുന്ന നിയമങ്ങളെല്ലാം ഈ വിഭാഗത്തിലുള്ളവർക്ക് ബാധകമല്ല. പീഡനമോ അപകീർത്തിപ്പെടുത്തലോ അടങ്ങിയ പോസ്റ്റുകളുടെയും അക്രമണത്തിനു പ്രേരണ നൽകുന്ന കുറിപ്പുകളുടെയും പേരിൽ ഈ വിഭാഗക്കാർക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ല. ഫുട്‌ബോൾ താരം നെയ്മർ മുതൽ മുൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഹിലരി ക്ലിന്റൺ അടക്കമുള്ള പ്രമുഖർക്ക് ഈ പരിഗണന കിട്ടിയിട്ടുണ്ടെന്ന് 2019ലെ ഫേസ്ബുക്കിൻരെ ആഭ്യന്തര റിപ്പോർട്ട് ചൂണ്ടിക്കാട്ടി വാൾസ്ട്രീറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

Summary: Meta-owned Instagram would take down a post if it is reported by the Bharatiya Janata Party's (BJP) IT Cell head Amit Malviya. An internal Instagram report revealed that Malviya is part of Meta's secret 'XCheck', or 'Cross Check' programme, which allows a list of 'elite' handles to violate the very rules of the company for the users

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News