'ആപ്പിൾ തിളങ്ങുക' സെപ്തംബർ 9ന്: ഐഫോൺ 16നുമായി ബന്ധപ്പെട്ട് ഇതുവരെ കേട്ടത്...
കഴിഞ്ഞ വർഷത്തേതിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഐഫോൺ 16 ഡിസൈനിൽ കണ്ടേക്കില്ല. ആപ്പിൾ ഇന്റലിജൻസാകും ശ്രദ്ധേയമാകുക
ന്യൂയോർക്ക്: സെപ്തംബർ 9നാണ് 16 പരമ്പരയിലെ മോഡലുകൾ ലോകത്തിന് മുന്നിൽ ആപ്പിള്‍ അവതരിപ്പിക്കുന്നത്. പതിവ് പോലെ നാല് മോഡലുകൾ ഇത്തവണയും ആപ്പിളിൽ നിന്നും പ്രതീക്ഷിക്കാം.
അടങ്ങിയ ഫീച്ചറുകളും മറ്റുമെല്ലാം റിപ്പോർട്ടുകളായി ഇതിനകം തന്നെ ആപ്പിൾ പ്രേമികൾക്ക് മുന്നിൽ എത്തിയതാണ്. കേട്ടതെല്ലാം സത്യമാണോ എന്നറിയാൻ കൂടിയാകും 'ഇറ്റ്‌സ് ഗ്ലോ ടൈം'(തിളങ്ങുന്ന സമയം) എന്ന പേരിൽ ആപ്പിൾ അവതരിപ്പിക്കുന്ന ചടങ്ങിലേക്ക് ഉറ്റുനോക്കുക. ആപ്പിൾ ഇന്റലിജൻസാകും ഈ വർഷത്തെ മോഡലുകളെ വേറിട്ടതാക്കുക.
എങ്ങനെയാകും മോഡലുകളുടെ വില? എ.ഐ എത്തുന്നതോടെ വിലയിൽ മാറ്റമുണ്ടാകുമോ എന്നറിയാനും ആവശ്യക്കാർ ഏറെയാണ്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെയാകും മോഡലുകളുടെ പേരുകൾ. കഴിഞ്ഞ വർഷത്തേതിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഐഫോൺ 16 ഡിസൈനിൽ കണ്ടേക്കില്ല.
ഫോർബ്‌സ് റിപ്പോര്‍ട്ട് അനുസരിച്ച്, പുതിയ ഐഫോൺ മോഡലുകളിൽ ഐഒഎസ് 18 എന്ന സോഫ്റ്റ്‌വെയറായിരിക്കും. ഇനി ഡിസ്‌പ്ലേയിലേക്ക് വരുമ്പോൾ, ഐഫോണ്‍16 ന് 6.1 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും. പ്ലസ് മോഡലിൽ 6.7 ഇഞ്ചിന്റെ വലിയ സ്‌ക്രീനാകും വാഗ്ദാനം ചെയ്യുക. പ്രോ, പ്രോ മാക്‌സ് വേരിയൻ്റുകളിൽ യഥാക്രമം 6.3 ഇഞ്ച്, 6.9 ഇഞ്ച് ഡിസ്‌പ്ലേകളായിരിക്കും. ബാറ്ററി കപ്പാസിറ്റി ഓരോ മോഡലിനും വെവ്വേറെയായിരിക്കും. ചില റിപ്പോർട്ടുകൾ അനുസരിച്ച് ബാറ്ററി സാങ്കേതിക വിദ്യയിൽ മാറ്റം വരാമെന്നാണ്. അതിനാല്‍ കൂടുതൽ ബാറ്ററി ലൈഫ് പ്രതീക്ഷിക്കാം.
ഇനി ക്യാമറകളിലേക്ക് വരുമ്പോൾ, കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ഫോബ്സിന്റെ തന്നെ മറ്റൊരു റിപ്പോര്‍ട്ട്. ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് എന്നിവയ്ക്ക് സമാനമായ ക്യാമറകളായിരിക്കും. അതായത്, 48 മെഗാപിക്സൽ സെൻസറും 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുമായിരിക്കും. അതേസമയം അള്‍ട്രാവൈഡ് സെന്‍സറില്‍ അപേര്‍ചര്‍ റേറ്റ് f/2.2 ആയിരിക്കുമെന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ പറയുന്നു. ഐഫോണ്‍ 15ല്‍ ഇത് f/2.4 ആയിരുന്നു. പുത്തന്‍ അപ്‌ഡേറ്റ് കൂടുതല്‍ പ്രകാശത്തെ ആകിരണം ചെയ്യാനും കുറഞ്ഞ ലൈറ്റില്‍ മികവാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ സഹായകമാകുന്നതുമാണ്.
ഐഫോണ്‍ 16 നോണ്‍-പ്രോ മോഡലുകളില്‍ വെര്‍ട്ടിക്കല്‍ ക്യാമറ സെറ്റപ്പാണ് പ്രതീക്ഷിക്കുന്നത്. ഇവയിലും 48 എംപിയുടെ പ്രധാന സെന്‍സറില്‍ മാറ്റം വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 3x ടെലിഫോട്ടോ സൂമിന് പകരം 5x ടെലിഫോട്ടോ സൂം ഐഫോണ്‍ 16 പ്രോയില്‍ വന്നേക്കും. ആപ്പിള്‍ എ.ഐ ഒക്കെ കൊണ്ടുവരുമെങ്കിലും വിലയില്‍ മാറ്റമുണ്ടാകില്ല. ഇപ്പോള്‍ തന്നെ വില കൂടുതലാണെന്ന ആക്ഷേപം കമ്പനിക്കുണ്ട്. അതേസമയം റിപ്പോർട്ടുകളായി പുറത്തുവന്ന ഈ ഫീച്ചറുകളൊക്കെ സത്യമാണോ എന്നറിയാൻ രണ്ടാഴ്ച കൂടി കാത്തിരിക്കേണ്ടി വരും.