കരുത്തോടെ വരും, ആപ്പിളിന്റെ ഫോള്‍ഡബിൾ ഐഫോണ്‍

ഇപ്പോഴിതാ ആപ്പിളിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീനുള്ള ഐഫോണ്‍ 2024ല്‍ പുറത്തിറങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. ഡിസ്‌പ്ലേ അനലിസ്റ്റായ റോസ് യങാണ് ഇക്കാര്യം പറയുന്നത്.

Update: 2021-12-15 12:16 GMT
Editor : rishad | By : Web Desk
Advertising

ഫോള്‍ഡബിള്‍(മടക്കാവുന്ന) സ്മാര്‍ട്ട്‌ഫോണുകളുമായി ആന്‍ഡ്രോയിഡ് കമ്പനികള്‍ നേരത്തെ തന്നെ വരവറിയിച്ചിരുന്നു. എന്നാല്‍ ആപ്പിള്‍ അത്തരത്തിലൊരു പരീക്ഷണത്തിന് മുതിര്‍ന്നിരുന്നില്ല. എന്നിരുന്നാലും ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുമായി ആപ്പിള്‍ എത്തുമെന്ന് ഉറപ്പായിരുന്നു. ഇത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളും ടെക്‌ലോകത്ത് പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ ആപ്പിളിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീനുള്ള ഐഫോണ്‍ 2024ല്‍ പുറത്തിറങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. ഡിസ്‌പ്ലേ അനലിസ്റ്റായ റോസ് യങാണ് ഇക്കാര്യം പറയുന്നത്. ഫോള്‍ഡബിള്‍ ഉപകരണങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ ആപ്പിളിന്റെ അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ പ്രോടോ ടൈപ്പുകളും നിര്‍മിച്ചിട്ടുണ്ടെന്നാണ് സൂചന.

ആപ്പിളും എൽജിയും ചേര്‍ന്ന് മടക്കാവുന്ന ഒഎൽഇഡി പാനൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ബിസിനസ് കൊറിയ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സംവിധാനം പരമാവധി കുറ്റമറ്റതാവും വരെ കാത്തിരിക്കുക എന്ന നിലപാടായിരുന്നു ആപ്പിളിന്. അതാണ് നിര്‍മ്മാണം വൈകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016 മുതൽ ആപ്പിൾ ഫോള്‍ഡബിള്‍ ഉപകരണങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നുണ്ടെന്ന് ആപ്പിൾ അനലിസ്റ്റ് മിംഗ്-ചി കുവോ വ്യക്തമാക്കിയിരുന്നു. എന്നാൽ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അടുത്തിടെയാണ് ശക്തമായത്.

ഗാലക്‌സി ഇസഡ് ഫ്ലിപ്പ് പോലെയുള്ള ഡിസൈന്‍ ആപ്പിള്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണിന്റെ മാറ്റുകൂട്ടുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എതിരാളികളുമായി കിടപിടിക്കുന്ന ഡിസൈനാകും ഇതെന്നാണ് വിലയിരുത്തലുകള്‍. അതേസമയം ഇതുവരെ ഫോൾഡബിൾ ഫോൺ പദ്ധതിയെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഒന്നും കമ്പനി നടത്തിയിട്ടില്ല. ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണിന്റെ പണിപ്പുരയിലാണ് ആപ്പിളെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News