ഇന്ത്യാ പോസ്റ്റിന്റെ പേരില്‍ നിങ്ങള്‍ക്കും കിട്ടിയോ ഇങ്ങനെയൊരു എസ്.എം.എസ്? സൂക്ഷിക്കുക
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് ഇതേക്കുറിച്ചുള്ള വിശദീകരണം പുറത്തിറക്കിയിരിക്കുന്നത്
ന്യൂഡല്‍ഹി: ''താങ്കളുടെ സാധനം ഇവിടെ ഗൗഡൗണില്‍ എത്തിയിട്ടുണ്ട്. രണ്ടുതവണ സാധനം അയയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപൂര്‍ണമായ വിലാസം കാരണം പരാജയപ്പെട്ടു. 48 മണിക്കൂറിനകം താങ്കളുടെ വിലാസവും വിവരങ്ങളും താഴെ പറയുന്ന ലിങ്കില്‍ ചേര്‍ക്കണം. ഇല്ലെങ്കില്‍ സാധനം തിരിച്ചയയ്ക്കുന്നതായിരിക്കും.''
ഇന്ത്യാ പോസ്റ്റിന്റെ പേരില്‍ താങ്കള്‍ക്കും സമാനമായൊരു എസ്.എം.എസ് ഫോണുകളില്‍ ലഭിച്ചിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കണമെന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പി.ഐ.ബി) അറിയിക്കുന്നത്. ഈ സന്ദേശം വ്യാജമാണെന്നും വിലാസങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ പോസ്റ്റ് ആര്‍ക്കും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയയ്ക്കുന്നില്ലെന്നും പി.ഐ.ബി ഫാക്ട് ചെക്ക് വിഭാഗം എക്‌സില്‍ അറിയിച്ചു. മെസേജിനൊപ്പം നല്‍കിയിരിക്കുന്നത് വ്യാജ ലിങ്കാണെന്നും അതില്‍ ക്ലിക്ക് ചെയ്യരുതെന്നും പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഈ തട്ടിപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും മുന്നറിയിപ്പുണ്ട്.
BV-INDPOST എന്ന പേരിലുള്ള അക്കൗണ്ടില്‍നിന്നാണ് ഈ മെസേജ് വ്യാപകമായി പ്രചരിക്കുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള സന്ദേശം ടെക്സ്റ്റ് മെസേജ് ആയി ലഭിച്ചിട്ടുണ്ട്. indiaposgvs.top/in എന്ന വ്യാജ വെബ്‌സൈറ്റ് ലിങ്കാണ് മെസേജില്‍ ചേര്‍ത്തിട്ടുള്ളത്. ഈ ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് യു.ആര്‍.എല്‍ ആയ indiapost.gov.inനോട് സാമ്യതയുള്ളതിനാല്‍ ആളുകള്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയേറെയാണ്. മേല്‍പറഞ്ഞ വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ തട്ടിപ്പുകാര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുമെന്നാണ് ഐ.ടി വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ലിങ്ക് വഴി വൈറസുകളും അപകടകാരികളായ സോഫ്റ്റ്‌വെയറുകളും ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തായിരിക്കും രഹസ്യവിവരങ്ങള്‍ ചോര്‍ത്തുക.
ഇന്ത്യാ പോസ്റ്റിന്റെ പേരില്‍ വ്യാപകമായി ഇത്തരത്തിലുള്ള മെസേജ് പ്രചരിക്കുന്നതായി പരാതി ലഭിച്ചതോടെയാണ് പി.ഐ.ബി ഫാക്ട് ചെക്കിങ് വിഭാഗം വിശദീകരണം പുറത്തിറക്കിയത്. മേല്‍പറയപ്പെട്ട മെസേജിനു പുറമെ ആര്‍ടിക്കിള്‍ നമ്പര്‍ എന്ന പേരില്‍ അക്കങ്ങളടങ്ങിയ വേറെയും സന്ദേശങ്ങളും ലഭിച്ചതായും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മെസേജില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് പി.ഐ.ബി സന്ദേശത്തില്‍ പറയുന്നു.
ഇന്ത്യാ പോസ്റ്റ് അയച്ചതല്ല മെസേജ് എന്നും ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. ഇനിയും സമാനമായ മെസേജുകള്‍ ലഭിച്ചാല്‍ 1930 എന്ന നമ്പറില്‍ വിളിച്ച് പൊലീസ് സൈബര്‍ സെല്ലില്‍ വിവരം നല്‍കാം. അല്ലെങ്കില്‍ cybercrime.gov.in എന്ന സൈബര്‍ സെല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചു പരാതി രേഖപ്പെടുത്തുകയും ചെയ്യാം.
ഇത്തരം തട്ടിപ്പുകളില്‍നിന്നും വിവര ചോര്‍ച്ചകളില്‍നിന്നും സുരക്ഷിതമായിരിക്കാന്‍ നാലു വഴികള്‍ ശ്രദ്ധിക്കുക
1. വെരിഫൈഡ് അല്ലാത്ത അക്കൗണ്ടുകളില്‍നിന്നും നമ്പറുകളില്‍നിന്നുമുള്ള ഒരു മെസേജും വിവരങ്ങളും കണ്ണുംചിമ്മി വിശ്വസിക്കരുത്. ബന്ധപ്പെട്ട വ്യക്തികളെയോ സ്ഥാപനങ്ങളെയോ സമീപിച്ച് സ്ഥിരീകരണം നടത്തുക
2. ഇത്തരത്തിലുള്ള മെസേജുകളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക
3. വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാതിരിക്കുക
4. ദുരൂഹമോ സംശയാസ്പദമോ ആയ ടെക്‌സ്റ്റ്-ഇമെയില്‍ സന്ദേശങ്ങള്‍ ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യുക
Summary: PIB Fact Check alerts that the India Post SMS is fake, threat to personal data safety