നിങ്ങളുടെ ഐ.ഡി പ്രവര്‍ത്തനരഹിതമായേക്കാം; യു.പി.ഐ ഇടപാടിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്
ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് പണം പിൻവലിക്കാവുന്ന യു.പി.ഐ എ.ടി.എം സേവനം അധികം വൈകാതെ രാജ്യത്തുടനീളം ലഭ്യമാകും
മുംബൈ: പുതുവത്സരത്തിൽ യൂനിഫൈഡ് പേമെന്റ് ഇന്റർഫേസ്(യു.പി.ഐ) ഇടപാടിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. യു.പി.ഐ ഇടപാടുകളെ കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു പുതിയ നയംമാറ്റം അവതരിപ്പിക്കുന്നത്.
ഒരു വർഷത്തിലേറെയായി ഉപയോഗിക്കാത്ത ഐ.ഡികളും നമ്പറുകളും ഡിആക്ടിവേറ്റ് ചെയ്യുമെന്നതാണു സുപ്രധാനമായൊരു വിവരം. ഗൂഗിൾ പേ, ഫോൺപേ, പേടിഎം ഉൾപ്പെടെയുള്ള ആപ്ലിക്കേഷനുകൾക്ക് നാഷനൽ പേമെന്റ്‌സ് കോർപറേഷൻ ഒാഫ് ഇന്ത്യ(എൻ.പി.സി.ഐ) ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ നൽകിക്കഴിഞ്ഞതായി 'ന്യൂസ് 18' റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം വ്യാപാര സ്ഥാപനങ്ങളിലെ യു.പി.ഐ ഇടപാടിൽ ഇന്റർചേഞ്ച് ഫീ ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ വാലറ്റുകൾ, പ്രീപേഡ് പേമെന്റ് ഇൻസ്ട്രുമെന്റ്‌സ്(പി.പി.ഐ) അടക്കമുള്ള സംവിധാനങ്ങളിലൂടെ 2,000 രൂപയ്ക്കു മുകളിൽ ഇടപാട് നടത്തിയാൽ ഇനിമുതൽ 1.1 ശതമാനമാണ് ഫീയായി ഈടാക്കുക.
പണമിടപാടിനുണ്ടായിരുന്ന ദൈനംദിന പരിധി നേരത്തെ കുത്തനെ കൂട്ടിയിരുന്നു. ഒരു ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷമായാണു പരിധി ഉയർത്തിയത്. ആശുപത്രി, വിദ്യാഭ്യാസ ആവശ്യങ്ങൾക്കു വേണ്ടിയിലുള്ള ഇടപാടിനായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ ഡിസംബർ എട്ടിനാണ് ഈ മാറ്റം എൻ.പി.സി.ഐ പ്രഖ്യാപിച്ചത്.
ഇതുവരെ ഇടപാട് ബന്ധമില്ലാത്ത ഉപയോക്താവുമായി നടത്തുന്ന ആദ്യത്തെ ഇടപാടിനും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ ഇടപാട് 2,000 രൂപയ്ക്കു മുകളിലാണെങ്കിൽ അടുത്ത നാലു മണിക്കൂർ യു.പി.ഐ പണമിടപാടിനു നിയന്ത്രണമുണ്ടാകും. ഓൺലൈൻ പേമെന്റ് തട്ടിപ്പുകേസുകൽ ദിനംപ്രതിയെന്നോണം വർധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണു മുൻകരുതലെന്നോണം ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് എൻ.പി.സി.ഐ വിശദീകരിക്കുന്നത്.
tap and pay ഫീച്ചർ അധികം വൈകാതെ യു.പി.ഐ ഉപയോക്താക്കൾക്കെല്ലാം ലഭ്യമാകും. ഉപയോക്താക്കൾക്ക് ഏറെ സന്തോഷം പകരുന്ന മറ്റൊരു വാർത്തയുമുണ്ട്. രാജ്യത്തുടനീളം നടപ്പാക്കാനിരിക്കുന്ന യു.പി.ഐ എ.ടി.എമ്മുകളാണത്. ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് പണം പിൻവലിക്കാവുന്ന എ.ടി.എം സംവിധാനം അധികം വൈകാതെ ഇന്ത്യയിലുടനീളം വരുമെന്നാണു വിവരം. ജപ്പാൻ കമ്പനിയായ ഹിറ്റാച്ചിയുമായി സഹകരിച്ചാണ് ആർ.ബി.ഐ ഇത്തരമൊരു സംവിധാനം കൊണ്ടുവരുന്നത്.
മൊബൈൽ വഴി അനായാസം പണമിടപാട് നടത്താൻ സഹായിക്കുന്ന യു.പി.ഐ നിലവിൽ രാജ്യത്തെ ഏറ്റവും ജനപ്രിയ പേമെന്റ് സംവിധാനമാണ്. യു.പി.ഐ ഇടപാടുകൾ ഓരോ വർഷവും കുതിച്ചുയരുകയാണെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. കഴിഞ്ഞ ആഗസ്റ്റിൽ യു.പി.ഐ 10 ബില്യൻ ഇടപാടുകൾ എന്ന സുപ്രധാന നാഴികക്കല്ലും പിന്നിട്ടിരുന്നു.
Summary: RBI announces regulations and changes applicable from January 1, 2024 in UPI transactions