ജിയോ-എയര്‍ടെല്‍ ഇരുട്ടടിയില്‍നിന്ന് തല്‍ക്കാലം രക്ഷപ്പെടാം; ഇതാ ഒരു കുറുക്കുവഴി
പ്രീപെയ്ഡ് യൂസര്‍മാര്‍ക്കു മാത്രമാണ് ഈ താല്‍ക്കാലികാശ്വാസം ലഭിക്കുക
മുംബൈ: മൊബൈല്‍ നിരക്ക് കുത്തനെ കൂട്ടി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും എയര്‍ടെല്ലും വൊഡാഫോണ്‍ ഐഡിയയുമെല്ലാം. 34 മുതല്‍ 60 രൂപ വരെയാണു പ്രതിമാസ അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകളുടെ നിരക്ക് കമ്പനികള്‍ കൂട്ടിയത്. എന്നാല്‍, ജിയോ-എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് താല്‍ക്കാലികമായി നിരക്ക് വര്‍ധനയില്‍നിന്നു രക്ഷപ്പെടാന്‍ ഇപ്പോഴൊരു വഴിയുണ്ട്.
പ്രീപെയ്ഡ് യൂസര്‍മാര്‍ക്കു മാത്രമാണ് ഈ താല്‍ക്കാലികാശ്വാസം ലഭിക്കുക. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം കിട്ടില്ല. ജൂലൈ മൂന്നു മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരിക. ഈ തിയതിക്കുമുന്‍പ് ഇഷ്ടമുള്ള പ്ലാന്‍ റീചാര്‍ജ് ചെയ്താല്‍ മതി. പിന്നീട് ഈ പ്ലാന്‍ ഇല്ലാതാകുകയോ നിരക്ക് വര്‍ധിപ്പിക്കുകയോ ചെയ്താലും നേരത്തെ റീചാര്‍ജ് ചെയ്തവരെ അതു ബാധിക്കില്ല.
ഈ സമയത്ത് നിലവിലെ പ്ലാന്‍ തീര്‍ന്നില്ലെങ്കിലും വിഷമിക്കേണ്ടതില്ല. നേരത്തെ തന്നെ റീചാര്‍ജ് ചെയ്ത് ഷെഡ്യൂള്‍ ചെയ്തുവയ്ക്കാനുള്ള ഓപ്ഷന്‍ ജിയോയിലും എയര്‍ടെല്ലിലുമുണ്ട്. ജൂലൈ മൂന്നിനുമുന്‍പ് റീചാര്‍ജ് ചെയ്താല്‍ നിലവിലെ പ്ലാന്‍ തീരുന്ന മുറയ്ക്കു പുതിയ പ്ലാനിലേക്കു മാറും. പുതിയ നിരക്കുമാറ്റം ഇതിനെ ബാധിക്കുകയുമില്ല. ഒരു വര്‍ഷത്തേക്കോ ആറു മാസത്തേക്കോ ഒരു മാസത്തേക്കോ നേരത്തെ റീചാര്‍ജ് ചെയ്താല്‍ പുതിയ നിരക്ക് വര്‍ധന തല്‍ക്കാലത്തേക്കെങ്കിലും ബാധിക്കില്ല.
അതേസമയം, വൊഡാഫോണ്‍ ഐഡിയയില്‍ ഇങ്ങനെ ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയില്ല. എയര്‍ടെല്ലില്‍ എത്ര റീചാര്‍ജുകള്‍ ഷെഡ്യൂള്‍ ചെയ്തുവയ്ക്കാനാകുമെന്നു വ്യക്തമല്ല. എന്നാല്‍, ജിയോയില്‍ 50 റീചാര്‍ജുകള്‍ വരെ ഇങ്ങനെ സാധിക്കുമെന്നാണു വിവരം.
ജിയോ അണ്‍ലിമിറ്റഡ് പ്ലാന്‍ നിരക്കില്‍ 12 മുതല്‍ 25 വരെ ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. എയര്‍ടെല്‍ 11 മുതല്‍ 21 വരെ ശതമാനവും നിരക്ക് കൂട്ടി. ദിവസം 1.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും നല്‍കുന്ന 239 രൂപയുടെ പ്രതിമാസ പ്ലാന്‍ ആണ് ജിയോയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നത്. ഇത് ഒറ്റയടിക്ക് 25 ശതമാനം വര്‍ധിച്ച് 299 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. എയര്‍ടെല്ലിന്റെ 299 രൂപയുടെ 1.5 ഡെയ്‌ലി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍ പ്ലാന്‍ നിരക്ക് 349 രൂപയായും കുത്തനെ കൂട്ടിയിട്ടുണ്ട്. ഒരു വര്‍ഷത്തെ കണക്ക് നോക്കുകയാണെങ്കില്‍ 600 രൂപയുടെ മാറ്റമാണ് രണ്ടിലുമുണ്ടാകുക.
അതേസമയം, എയര്‍ടെല്ലിന്റെ 5ജി അണ്‍ലിമിറ്റഡ് ഓഫറില്‍ മാറ്റമില്ല. എന്നാല്‍, ജിയോ ചില മാനദണ്ഡങ്ങള്‍ വച്ചിട്ടുണ്ട്. 2ജിബിയോ അതിനു മുകളിലോ ഉള്ള പ്ലാനുകള്‍ റീചാര്‍ജ് ചെയ്താലേ ജിയോയില്‍ സൗജന്യമായ 5ജി ഡാറ്റ ലഭിക്കൂ.
Summary: Reliance Jio, Airtel users can temporarily avoid upcoming price hike; here's how