മൊബൈല്‍ നമ്പര്‍ കിട്ടാനും പണമടക്കേണ്ടി വരുമോ? വിശദീകരണവുമായി ട്രായ്

പത്തില്‍നിന്ന് 13 അക്കത്തിലേക്ക് മൊബൈല്‍ നമ്പര്‍ മാറ്റാനും ട്രായ് ആലോചിക്കുന്നുണ്ട്

Update: 2024-06-15 09:29 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി: ഇനി മൊബൈല്‍-ടെലിഫോണ്‍ നമ്പറുകള്‍ക്കും പണം നല്‍കേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). വാര്‍ത്ത അടിസ്ഥാനരഹിതവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ട്രായ് വ്യക്തമാക്കി.

ഫോണ്‍ നമ്പറുകളുയമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊതുജനാഭിപ്രായം തേടി ജൂണ്‍ ആറിന് ട്രായ് 'റിവിഷന്‍ ഓഫ് നാഷനല്‍ നമ്പറിങ്' എന്ന പേരില്‍ കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സിം കാര്‍ഡ് എടുക്കാനും ഇനി പണം നല്‍കേണ്ടിവരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. മൊബൈല്‍-ടെലിഫോണ്‍ നമ്പറുകള്‍ക്ക് ഫീ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ് ട്രായ് എന്നായിരുന്നു വാര്‍ത്ത. നിലവിലുള്ള നമ്പറുകളും പുതിയ നമ്പറുകളും കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ടെലകോം അതോറിറ്റി ലക്ഷ്യമിടുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

നിരവധി വിദേശരാജ്യങ്ങള്‍ ടെലികോം ഓപറേറ്റര്‍മാരില്‍നിന്നോ വരിക്കാരില്‍നിന്നോ ടെലിഫോണ്‍-മൊബൈല്‍ നമ്പറുകള്‍ക്ക് പണം ഈടാക്കുന്നുണ്ട്. ആസ്‌ട്രേലിയ, സിംഗപ്പൂര്‍, ബെല്‍ജിയം, ഫിന്‍ലന്‍ഡ്, ബ്രിട്ടന്‍, ലിത്വാനിയ, ഗ്രീസ്, ഹോങ്കോങ്, ബള്‍ഗേറിയ, കുവൈത്ത്, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, പോളണ്ട്, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ നമ്പറുകള്‍ക്ക് പണമീടാക്കുന്നതായി ട്രായ് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടുകള്‍ വലിയ ചര്‍ച്ചയ്ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയതോടെയാണ് ഇപ്പോള്‍ ട്രായ് തന്നെ വിശദീകരണം പുറത്തിറക്കിയത്. ഒന്നിലേറെ സിം കാര്‍ഡുകളും നമ്പറുകളും ഉപയോഗിക്കുന്നവരില്‍നിന്ന് ട്രായ് പണം ഈടാക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും അഭ്യൂഹങ്ങളും തീര്‍ത്തും തെറ്റാണെന്ന് അതോറിറ്റി വാര്‍ത്താ കുറിപ്പിലൂടെ വ്യക്തമാക്കി. അത്തരം വാദങ്ങള്‍ അടിസ്ഥാനരഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമായി പടച്ചുവിട്ടതാണെന്നും ട്രായ് കുറ്റപ്പെടുത്തി.

ഫോണ്‍ നമ്പറുകളുടെ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ വേണ്ടിയാണ് കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ പുറത്തിറക്കിയതെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യങ്ങള്‍ക്കനുസരിച്ച് നമ്പറുകള്‍ ലഭ്യമാക്കാന്‍ വേണ്ടി നിയമത്തില്‍ ചില ഭേദഗതികള്‍ ആലോചിക്കുന്നുണ്ടെന്നും ട്രായ് സൂചിപ്പിച്ചു.

ഇക്കാര്യത്തില്‍ വലിയ രീതിയില്‍ ഇടപെടാതിരിക്കുക എന്ന നിലപാടാണ് അതോറിറ്റിക്കുള്ളത്. ടെലികോം കമ്പനികള്‍ സ്വയം നിയന്ത്രണം കൊണ്ടുവരുന്നതിനാണ് അതോറിറ്റി പ്രോത്സാഹനം നല്‍കുന്നത്. എന്നാല്‍, തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ നടക്കുന്ന അഭ്യൂഹങ്ങളെയും പ്രചാരണങ്ങളെയും പൂര്‍ണമായി തള്ളിക്കളയുന്നുവെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

നിശ്ചിത സമയപരിധിക്കപ്പുറം ഉപയോഗിക്കാതെ കിടക്കുന്ന നമ്പറുകള്‍ നിലനിര്‍ത്തുന്നതിന് ടെലികോം കമ്പനികളില്‍നിന്ന് പിഴ ഈടാക്കണോ എന്നു ജനങ്ങളോട് അഭിപ്രായം തേടിയിട്ടുണ്ട്. അടുത്ത ഭാവിയില്‍ നമ്പറുകള്‍ തികയാതെ വരുമോ എന്ന കാര്യവും ട്രായ് ചോദിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ നമ്പറുകള്‍ അനുവദിക്കാനുള്ള മാനദണ്ഡങ്ങളില്‍ എന്തെങ്കിലും പുനരാലോചനകള്‍ വേണമോയെന്നും അഭിപ്രായം തേടിയിട്ടുണ്ട്.

പത്തക്കത്തില്‍നിന്ന് മൊബൈല്‍ നമ്പര്‍ മാറ്റാനും ട്രായ് ആലോചിക്കുന്നുണ്ട്. 13 അക്കമാക്കാനാണു നീക്കം. ഇതേക്കുറിച്ച് കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ അഭിപ്രായമാരാഞ്ഞിട്ടുണ്ട്. എത്രയും വേഗത്തില്‍ 13 അക്ക നമ്പറിലേക്കു മാറണമെന്ന് 2020 മേയില്‍ ട്രായ് കേന്ദ്രത്തിനുമുന്നില്‍ നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തിലാണിപ്പോള്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടിയിരിക്കുന്നത്.

Summary: TRAI refutes reports on levying charges for holding multiple SIM cards

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News