'വാലറ്റ് ആപ്പ്' ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിൾ
ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു ആപ്പ് ആണിത്
ഡിജിറ്റല്‍ വാലറ്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു ആപ്പ് ആണിത്. ഡിജിറ്റല്‍ കാര്‍ കീ, മൂവി ടിക്കറ്റുകള്‍, യാത്രാ പാസുകൾ, ഗിഫ്റ്റ് കാർഡുകൾ എന്നിവയെല്ലാം ഡിജിറ്റലായി സൂക്ഷിക്കാന്‍ ഗൂഗിള്‍ വാലറ്റ് വഴി സാധിക്കും. രാജ്യത്തെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് വാലറ്റ് ആപ്പ് ലഭ്യമാവുക. പണമിടപാടല്ലാത്ത ഡിജിറ്റൽ ആവശ്യങ്ങൾക്കായാണ് ഈ ആപ്പ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിയർ ഒ.എസ്, ഫിറ്റ്ബിറ്റ് ഒ.എസ് എന്നിവയിലും ആപ്പ് ലഭ്യമാണ്. ഐഫോണില്‍ വാലറ്റ് ആപ്പ് അവതരിപ്പിക്കില്ലെന്നാണ് വിവരം. ഇന്ത്യയില്‍ ലഭ്യമായ കൂടുതല്‍ സേവനങ്ങള്‍ ഗൂഗിളുമായി സഹകരിക്കുന്നതോടെ വാലറ്റ് ആപ്പ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനകരമാവും.
ഗൂഗിള്‍പേ സ്വീകരിക്കുന്ന ഇടങ്ങളിൽ വേഗത്തില്‍ പണമടയ്ക്കുന്നതിനായി ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും. യഥാര്‍ഥ കാര്‍ഡ് നമ്പര്‍ ഒരിക്കലും പണമടയ്ക്കുന്നവരുമായി പങ്കിടില്ല. ലോഗിന്‍ സുരക്ഷയ്ക്ക് വേണ്ടി രണ്ട് ഘട്ട പരിശോധന ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോൺ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ നിങ്ങളുടെ വിവരങ്ങള്‍ എടുത്തു കളയാൻ റിമോട് ഡാറ്റ ഇറേസ്, കാര്‍ഡ് വിശദാംശങ്ങള്‍ പരിരക്ഷിക്കുന്നതിന് പേമെന്റ് കോഡുകളുടെ എന്‍ക്രിപ്ഷന്‍ എന്നിവയും ഉണ്ട്.
80 രാജ്യങ്ങളിൽ വാലറ്റ് ആപ്പ് ഉപയോഗത്തിലുണ്ട്. 2024 ജൂണ്‍ മുതല്‍ മിക്ക രാജ്യങ്ങളിലും ഗൂഗിള്‍ പേ ലഭ്യമാകില്ലെന്ന് ഗൂഗിള്‍ സൂചന നല്‍കിയിരുന്നു. ഗൂഗിൾ പേ വാലറ്റ് ആപ്പുമായി ലയിപ്പിക്കുമെന്ന അഭ്യൂഹങ്ങളും പുതിയ ആപ്പ് പുറത്തിറക്കിയതോടെ അവസാനിച്ചു. പണമിടപാടുകൾക്കായുള്ള പ്രാഥമിക ആപ്പായി ഇന്ത്യയിൽ ഗൂഗിൾ പേ തുടരുമെന്ന് ആൻഡ്രോയിഡ് ജനറൽ മാനേജറും ഇന്ത്യ എൻജിനീയറിങ് ലീഡുമായ റാം പാപട്ല പറഞ്ഞു. പല രാജ്യങ്ങളിലും ഗൂഗിൾ പേക്ക് പകരം ഗൂഗിൾ വാലറ്റിലേക്ക് മാറിയതാണ് ഇത്തരം പ്രചാരണത്തിലേക്ക് നയിച്ചത്.
എയർ ഇന്ത്യ, ഇൻഡിഗോ, ബി.എം.ഡബ്ല്യു, ഫ്ലിപ്കാർട്ട്, കൊച്ചി മെട്രോ, പി.വി.ആർ, ഇനോക്സ് തുടങ്ങിയ സ്ഥാപനങ്ങൾ വാലറ്റിനുവേണ്ടി ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. കൂടുതൽ സ്ഥാപനങ്ങളെ പങ്കാളികളാക്കാൻ ശ്രമം തുടരുന്നതായും റാം പാപട്ല അറിയിച്ചു.