വെളിച്ചം കുറഞ്ഞാലും പ്രശ്‌നമല്ല: ലോ ലൈറ്റിലും വ്യക്തതയോടെ കോൾ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
വാട്സ്ആപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് പതിപ്പുകളിൽ ലോ-ലൈറ്റ് മോഡ് ലഭ്യമാണ്.
ന്യൂയോര്‍ക്ക്: വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ നിന്നും വിഡിയോ കോളുകള്‍ ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിന് ലോ ലൈറ്റ് മോഡ് ഫീച്ചറുമായി വാട്സ്ആപ്പ്.
ജനപ്രിയമായ വാട്സ്ആപ്പ് വീഡിയോകോളുടെ പോരായ്മയായിരുന്നു കുറഞ്ഞ ലൈറ്റിലും മറ്റും വീഡിയോ കോളുകള്‍ ചെയ്യാനുള്ള പ്രയാസം. ചില ഫോണുകളിലെ ഫ്രണ്ട് ക്യാമറ ക്വാളിറ്റിയും വീഡിയോ കോളിനെ ബാധിക്കാറുണ്ട്.
ലോ ലൈറ്റ് മോഡ് അവതരിപ്പിക്കുന്നതോടെ, വ്യക്തമായ മുഖം ലഭിക്കുന്നതിനും ആശയവിനിമയം കൂടുതല്‍ ഫലപ്രദമായി നടത്താനും സാധിക്കുമെന്നാണ് വാട്‌സ്ആപ്പ് അവകാശപ്പെടുന്നത്.
വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ഇന്റര്‍ഫെയ്‌സിന്റെ വലതുവശത്ത് മുകളിലുള്ള ബള്‍ബ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം. വെളിച്ചമുള്ള സമയത്ത് ഈ ഫീച്ചര്‍ ടേണ്‍ ഓഫ് ചെയ്ത് വെയ്ക്കാനുള്ള സൗകര്യവുമുണ്ടാകും.
വാട്സ്ആപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് പതിപ്പുകളിൽ ലോ-ലൈറ്റ് മോഡ് ലഭ്യമാണ്. അതേസമയം വീഡിയോ കോളിൽ തന്നെ മികച്ച അനുഭവം നൽകാൻ വിവിധ ഫീച്ചറുകള്‍, വാട്‌സ്‌ആപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു. ടച്ച് അപ്പ് ഫീച്ചർ, ഫിൽട്ടറുകൾ ചേർക്കാനുള്ള ഓപ്‌ഷൻ, ബാക്ക്ഗ്രൗണ്ട് മാറ്റാനുള്ള ഫീച്ചർ തുടങ്ങിയവയാണ് വാട്‌സ്‌ആപ്പ് അവതരിപ്പിച്ചിരുന്നത്.
വീഡിയോ കോളിനിടെ പശ്ചാത്തലം (ബാക്ക്ഗ്രൗണ്ട്) മാറ്റാനും ഫിൽട്ടറുകള്‍ ചേർക്കാനും പുതിയ ഫീച്ചറിലൂടെ കഴിഞ്ഞിരുന്നു. വീഡിയോ കോൾ കൂടുതൽ രസകരമാക്കുന്ന തരത്തിലുള്ളതായിരുന്നു ഈ പുതിയ അപ്‌ഡേഷൻ.