ആദ്യഘട്ടത്തിന് മാത്രം 3,897 കോടി രൂപ ചെലവ്; ഷവോമിയുടെ ഡ്രൈവറില്ലാ കാറുകളുടെ ആദ്യഘട്ടം വിജയം
ജൂണിൽ കമ്പനിയുടെ ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യയിലോടുന്ന ഒരു കാറിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു.
ഡ്രൈവറില്ലാ കാറുകൾ ( Automomous Driving, Self Driving) ലോകത്ത് തരംഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നവർ ഒരുപാടുണ്ട്. പക്ഷേ ഇന്നും ലോകത്ത് പൂർണ വിജയം നേടിയ ഓട്ടോണമസ് കാറുകൾ ഇല്ലായെന്ന് തന്നെ പറയാം. എന്നിരുന്നാലും ഓട്ടോണമസ് കാറുകൾ ലോകത്ത് ഓടുന്നുണ്ട്. അനുദിനം അതിന്റെ സാങ്കേതികവിദ്യകളും മാറുന്നുണ്ട്.
ഓട്ടോണമസ് കാറുകളുടെ ലോകത്ത് കഴിഞ്ഞ കുറേനാളുകളായി ഗവേഷണം നടത്തുന്ന ബ്രാൻഡാണ് മൊബൈൽ ഭീമനായ ഷവോമി. അവർ ഇപ്പോൾ അവരുടെ ആദ്യഘട്ടപരീക്ഷണത്തിന്റെ ഫലം പുറത്തുവന്നിരിക്കുകയാണ്. പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഒരു ഓട്ടോണമസ് ഡ്രൈവിങ് സൊലൂഷ്യൻ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് കമ്പനിയായ ഷവോമി. ലോകത്തെ മികച്ച 500 വിദഗ്ധർമാരെ ജോലിക്കെടുത്താണ് കമ്പനിയുടെ ഈ മേഖലയിലെ ഗവേഷണം മുന്നോട്ടുപോകുന്നത്.
2021 മാർച്ചിലാണ് ഷവോമി സ്മാർട്ട് ഇലക്ട്രിക് മേഖലയിലേക്ക് കടക്കുന്ന കാര്യം പ്രഖ്യാപിച്ചത്. 3,897 കോടി രൂപയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന് വേണ്ടി മാത്രം കമ്പനി മാറ്റിവെച്ചിരിക്കുന്നത്.
ജൂണിൽ കമ്പനിയുടെ ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യയിലോടുന്ന ഒരു കാറിന്റെ വീഡിയോ പുറത്തുവിട്ടിരുന്നു. യു ടേണുകൾ, റൗണ്ട് എബൗട്ടുകൾ, കയറ്റം ഇറങ്ങുക തുടങ്ങി വിവിധ രീതിയിലുള്ള ഘട്ടങ്ങളിലൂടെ പോകാൻ കഴിവുള്ളതാണ് ഇപ്പോൾ വികസിപ്പിച്ചിരിക്കുന്ന ഷവോമി ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യ.
സാങ്കേതികവിദ്യ കൂടുതൽ മികച്ചതാക്കാൻ ഇനിയും പണം നിക്ഷേപിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എന്ന് ഈ സാങ്കേതികവിദ്യയിൽ കാർ വിപണിയിലിറങ്ങുമെന്ന് വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.