ജിമെയിലിനെ വെല്ലാൻ എക്സ്മെയിൽ വരുന്നൂ; സ്ഥിരീകരിച്ച് ഇലോൺ മസ്ക്

ജിമെയിലിന്റെ പ്രവർത്തനം ഗൂഗിൾ നിർത്തുകയാണെന്ന പ്രചാരണമുണ്ടായിരുന്നു

Update: 2024-02-23 14:17 GMT
Advertising

പുതിയ മെയിൽ സംവിധാനം ‘എക്സ്മെയിൽ’ ഉടൻ ആരംഭിക്കുമെന്ന് എക്സ് സി.ഇ.ഒ ഇലോൺ മസ്ക്. ഗൂഗിളിന്റെ ജിമെയിലാകും എക്സ്മെയിലിന്റെ പ്രധാന എതിരാളി. ജിമെയിലിന്റെ പ്രവർത്തനം ഗൂഗിൾ നിർത്തുകയാണെന്ന കിംവദന്തി കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് ഗൂഗിൾ രംഗത്തുവരികയും ചെയ്തു. ഇതിനിടയിലാണ് മസ്കിന്റെ പ്രഖ്യാപനം വരുന്നത്.

എക്സ്മെയിൽ എന്നാണ് വരികയെന്ന് എക്‌സിന്റെ സെക്യൂരിറ്റി എഞ്ചിനീയറിംഗ് ടീമിലെ മുതിർന്ന അംഗമായ നഥാൻ മക്‌ഗ്രാഡി എക്സിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് മസ്ക് ഉടൻ വരുമെന്ന് അറിയിച്ചത്. അതേസമയം, ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ മസ്‌ക് നൽകിയിട്ടില്ല. എക്സ് ആപ്പുമായി ഇതിനെ ബന്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. കൂടാതെ എക്സ് എ.ഐയുടെ സേവനവും ഇതിൽ ലഭ്യമാകാൻ ഇടയുണ്ട്.

എക്സ്മെയിൽ ഗൂഗിളിന് ​വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. 2024ലെ കണക്കനുസരിച്ച് ആഗോളതലത്തിൽ 1.8 ബില്യണിലധികം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയ ഇമെയിൽ സേവനമാണ് ജിമെയിൽ.

എന്നാൽ, കഴിഞ്ഞദിവസമാണ് ജിമെയിൽ സേവനം ഗൂഗിൾ നിർത്തുകയാണെന്ന പോസ്റ്റ് എക്സിൽ വൈറലായത്. ‘ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബന്ധിപ്പിച്ച്, തടസ്സങ്ങളില്ലാത്ത ആശയവിനിമയം പ്രാപ്തമാക്കി, എണ്ണമറ്റ ബന്ധങ്ങൾ വളർത്തിയെടുത്തശേഷം ജിമെയിൽ യാത്ര അവസാനിപ്പിക്കുകയാണ്. 2024 ആഗസ്റ്റ് ഒന്ന് മുതൽ ജിമെയിൽ ഔദ്യോഗികമായി അസ്തമിക്കും’-എന്നായിരുന്നു പോസ്റ്റ്.

എന്നാൽ, ജിമെയിൽ എവിടേക്കും പോകുന്നില്ലെന്നും ഇവിടത്തന്നെ ഉണ്ടാകുമെന്നും അറിയിച്ച് ഗൂഗിൾ എക്സിൽ പോസ്റ്റിട്ടിരുന്നു. ജനുവരിയിൽ ജിമെയിലിൽ പുതിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്റർഫേസിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരുന്നു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News