പരസ്യമില്ലാതെ യൂട്യൂബ് കാണുന്നവരാണോ? എന്നാൽ, ഇനി വീഡിയോ പോസ് ചെയ്താലും നിങ്ങളെ തേടി പരസ്യം എത്തും
വീഡിയോ കാണ്ടുകൊണ്ടിരിക്കുന്നതിനിടെ പോസ് ചെയ്താലും ഇനി പരസ്യങ്ങൾ കാണേണ്ടിവരും.
സ്ഥിരമായി യൂട്യൂബ് കാണുന്നവർക്കറിയാം പരസ്യങ്ങൾ എത്രത്തോളം ശല്യമാകുന്നുണ്ടെന്ന്. 10 മിനിറ്റുള്ള വീഡിയോ കണ്ടുതീർക്കാൻ മൂന്നു നാല് പരസ്യങ്ങളിലൂടെ കടന്നുപോകേണ്ട അവസ്ഥയാണ്. എങ്കിൽ, ഇതാ യൂട്യൂബ് നിങ്ങളെ കൂടുതൽ പരസ്യങ്ങൾ കാണിക്കാനുള്ള പുതിയ വഴി ഒരുക്കി കൊണ്ടിരിക്കുകയാണ്. എങ്ങനെയാണന്നല്ലേ? വീഡിയോ കാണ്ടുകൊണ്ടിരിക്കുന്നതിനിടെ പോസ് ചെയ്താലും ഇനി പരസ്യങ്ങൾ കാണേണ്ടിവരും. അതെ, പോസ് ചെയ്ത വീഡിയോകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് യൂട്യൂബ്. വരും ആഴ്ചകളിൽ തന്നെ ‘പോസ് ആഡ്സ്’ യൂട്യൂബിൽ നിങ്ങൾ കണ്ട് തുടങ്ങിയേക്കും.
കഴിഞ്ഞ വർഷത്തെ യൂട്യൂബിൻ്റെ ബ്രാൻഡ്‌കാസ്റ്റ് ഇവൻ്റിൽ പ്രഖ്യാപിച്ചത് പ്രകാരം സ്മാർട്ട് ടിവികളിലെ യൂട്യൂബ് ആപ്പിൽ പോസ് പരസ്യങ്ങൾ പൈലറ്റ് ടെസ്റ്റിങ്ങിലാണ് എന്നാണ്. പോസ് പരസ്യങ്ങളുടെ ടെസ്റ്റിങ് വിജയകരമായെന്നും ഇത് കമ്പനിക്ക് ഏറെ ഗുണം ചെയ്തുവെന്നും ശ്രദ്ധയാകർഷിക്കുകയും ചെയ്തതായി ഗൂഗിളിൻ്റെ വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായ ഫിലിപ്പ് ഷിൻഡ്‌ലർ അഭിപ്രായപ്പെട്ടു. കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ താൽക്കാലികമായി നിർത്തുമ്പോഴായിരിക്കും ഈ പരസ്യങ്ങൾ കാണിക്കുക. വീഡിയോ പോസ് ചെയ്യുമ്പോൾ പരസ്യങ്ങൾ പ്ലെയറിൽ കാണിക്കും. വീഡിയോ തുടർന്ന് കാണുന്നതിന് ‘പോസ് പരസ്യം’ സ്കിപ് ചെയ്യേണ്ടതായി വരും.
’പോസ് ആഡ്സ്’ എന്ന് മുതൽ എത്തുമെന്ന് ഗൂഗിൾ സൂചനകളൊന്നും നൽകിയിട്ടില്ല. പരീക്ഷണങ്ങൾ വിജയിച്ചതായി പറഞ്ഞതിനാൽ വരും ദിവസങ്ങളിൽ തന്നെ പോസ് ആഡ്സ് എത്തും. കഴിഞ്ഞ വർഷം സ്കിപ്പ് ചെയ്യാൻ കഴിയാത്ത 30 സെക്കൻഡ് പരസ്യങ്ങൾ അവതരിപ്പിച്ച് യൂസർമാർക്ക് തലവേദന സൃഷ്ടിച്ച യൂട്യൂബ് പരസ്യങ്ങൾ പ്രദർശിപ്പിക്കാനായി പുതിയ വഴികൾ തേടികുയാണ്. പരസ്യങ്ങളൊന്നുമില്ലാതെ സുഖമായി യൂട്യൂബ് കാണാൻ പ്രീമിയം അക്കൗണ്ടുകൾ അവതരിപ്പിച്ചിരുന്നു. മൂന്ന് മാസം സൗജന്യമായി തന്നെ യൂട്യൂബ് പ്രീമിയം ഉപയോഗിക്കുകയും കൂടാതെ, ബാക്ക്ഗ്രൗണ്ട് പ്ലേയ്ബാക്കും അധിക ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കുകയും ചെയ്യും. ഇതിനിടയിലാണ് ഇപ്പോൾ വീഡിയോ പോസ് ചെയ്താലും പരസ്യം കാണേണ്ടി വരുമെന്ന് യൂട്യൂബ് അറിയിക്കുന്നത്.