ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ തുടങ്ങുന്നത് 500 രൂപയില്‍; സെക്കന്റില്‍ 600 എം.ബി വരെ വേഗത: റിപ്പോര്‍ട്ട്
ഒരു മാസത്തെ കാലാവധിയിലുള്ള പ്ലാനുകളില്‍ 600 എം.ബി.പി.എസ് വരെ വേഗതയില്‍ സേവനം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്ത് 4ജി വിപ്ലവം സൃഷ്ടിച്ച റിലയന്‍സിന്റെ ജിയോ ഇപ്പോള്‍ അതിവേഗ പാതയിലാണ്. കഴിഞ്ഞ ജൂലൈയില്‍ പ്രഖ്യാപിച്ച ജിയോയുടെ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം ഉടന്‍ എത്തുമെന്നാണ് സൂചനകള്‍.
അടുത്ത മാസങ്ങളില്‍ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലാണ് ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് പരീക്ഷണയോട്ടം തുടങ്ങുക. ഘട്ടംഘട്ടമായാണ് ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിക്കുകയെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി അറിയിച്ചു. എന്നാല്‍ കൃത്യമായൊരു തിയതി റിലയന്‍സ് പുറത്തുവിട്ടിട്ടില്ല. ആദ്യഘട്ടത്തില്‍ 29 നഗരങ്ങളിലാണ് ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിക്കുക.
ഒരു മാസത്തെ കാലാവധിയിലുള്ള പ്ലാനുകളില്‍ 600 എം.ബി.പി.എസ് വരെ വേഗതയില്‍ സേവനം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിവ്യൂ ഓഫറിന്റെ കീഴില്‍ മൂന്നു മാസത്തേക്ക് 100 ജി.ബി ഡാറ്റ നല്‍കുന്ന പ്ലാനായിരിക്കും ആദ്യം അവതരിപ്പിക്കുക. സ്പെഷ്യല്‍ പ്ലാന്‍, സ്‍പീഡ് ബേസ്ഡ് പ്ലാന്‍, ഉപഭോക്താവിന്റെ ആവശ്യപ്രകാരമുള്ള അണ്‍ലിമിറ്റഡ് പ്ലാന്‍ എന്നിങ്ങനെ മൂന്നു തരം താരിഫുകളാണ് ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് അവതരിപ്പിക്കുക. ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാന്‍ 500 രൂപയുടേതാണ്. 30 ദിവസത്തെ കാലാവധിയില്‍ സെക്കന്റില്‍ 50 എം.ബി വേഗതയില്‍ 300 ജി.ബി ഡാറ്റ ലഭിക്കുന്ന പ്ലാനായിരിക്കും ഇതെന്ന് ഒരു പ്രമുഖ ടെക് വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
അതുപോലെ 750 രൂപ, 999 രൂപ പ്ലാനുകളില്‍ യഥാക്രമം 450 ജി.ബി, 600 ജി.ബി ഡാറ്റയായിരിക്കും ലഭിക്കുക. 999 രൂപയുടെ പ്ലാനില്‍ സെക്കന്റില്‍ 100 എം.ബി വേഗത ലഭിക്കും. ഇത് കൂടാതെ 1299 രൂപ, 1500 രൂപ എന്നിങ്ങനെയുള്ള പ്ലാനുകളും ഉണ്ടാകും. 2000 രൂപ, 3500 രൂപ, 4000 രൂപ തുടങ്ങിയ പ്ലാനുകളില്‍ യഥാക്രമം സെക്കന്റില്‍ 100 എം.ബി, 200 എം.ബി, 400 എം.ബി വേഗതയാണ് ലഭിക്കുക. 5500 രൂപയുടെ പ്ലാനില്‍ സെക്കന്റില്‍ 600 എം.ബി വേഗതയില്‍ 300 ജി.ബി ഡാറ്റ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.