ദുബൈ റേസിങ് സീസൺ സമ്മാനത്തുക 40 ദശലക്ഷം ഡോളറിലധികമാക്കി ഉയർത്തി
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുള്ളതിനാൽ കുതിരയോട്ട മത്സരം വിപുലമായി തന്നെ നടത്തിയേക്കും.
ദുബൈ റേസിങ് സീസൺ സമ്മാനത്തുക 40 ദശലക്ഷം ഡോളറിലധികമാക്കി ഉയർത്തി. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുള്ളതിനാൽ കുതിരയോട്ട മത്സരം വിപുലമായി തന്നെ നടത്തിയേക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മത്സരാര്‍ത്ഥികളെത്തുന്ന കുതിരയോട്ട മത്സരത്തിന്റെ സമ്മാനത്തുകയാണ് വർധിപ്പിച്ചത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നിർദേശ പ്രകാരമാണ് 2021-22വർഷത്തെ സീസണിലേക്ക് വൻ തുക പ്രഖ്യാപിച്ചത്. ആഭ്യന്തര റേസിങ് സീസൺ 2.3 മില്യൺ ഡോളറും 2022 ദുബൈ ലോകകപ്പ് കാർണിവൽ 7.5 മില്യൺ ഡോളറിലധികവും വിലമതിക്കുന്നതാണ്. അടുത്ത വർഷം മാർച്ച് 26ന് നടക്കുന്ന ദുബൈ ലോകകപ്പിൽ എല്ലാ വിഭാഗങ്ങൾക്കും കുറഞ്ഞത് ഒരു മില്യൺ ഡോളർ സമ്മാനത്തുക ലഭിക്കും.
ആഗോള തലത്തിൽ തന്നെ കുതിരയോട്ട മൽസരങ്ങളെ പിന്തുണക്കുന്നതിനു കൂടിയാണ് ശൈഖ് മുഹമ്മദ് ബിൻ റാശിദിന്റെ നിർദേശപ്രകാരം സമ്മാനത്തുക വർധിപ്പിച്ചതെന്ന് ദുബൈ റേസിങ് ക്ലബ് ബോർഡ് ചെയർമാൻ ശൈഖ് റാശിദ് ബിൻ ദൽമൂഖ്ബിൻ ജുമാ ആല മക്തൂം പറഞ്ഞു. 2021-22വർഷത്തെ സീസൺ നവംബർ നാലിനാണ് ആരംഭിക്കുക.