ജെസ്‌നയുടെ തിരോധാനത്തിന് മൂന്ന് ആണ്ട്; നേരറിയുമോ സി.ബി.ഐ?

ജെസ്ന മരിയ ‍ജയിംസ് എന്ന 21 കാരിയെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്.

Update: 2021-03-22 16:21 GMT
Advertising

ആ കാത്തിരിപ്പിന് മൂന്നാണ്ട്

പ്രതീക്ഷയുടെ തിരിനാളം അണയാതെ ഇന്നും അവളുടെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ഒരു കുടുംബവും ഉറ്റവരും. വീടിനുള്ളിലെന്നും കളിചിരികളോടെ കഴിഞ്ഞിരുന്ന ജെസ്നയെന്ന പെൺകുട്ടിയുടെ തിരിച്ചുവരവിനായി ഉള്ളുരുകി പ്രാർഥനയോടെ കഴിയുകയാണ് അവർ. പത്തനംതിട്ട കൊല്ലമുള സന്തോഷ്‍കവല കുന്നത്തു വീട്ടിൽ ‍ജയിംസ് ജോസഫ്–ഫാൻസി ജയിംസ് ദമ്പതികളുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയവളായ ജെസ്ന മരിയ ‍ജയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. പൊലീസിന്റെ ക്രൈംഫയലിൽ കേരളത്തിൽ നടക്കുന്ന തിരോധാന കേസുകളിൽ ഒരു കേസുകൂടി എന്നതിന് അപ്പുറം വലിയ ചർച്ചകൾക്ക് വഴിവെച്ച ഒരു തിരോധാന കേസാണ് ജെസ്‌നയുടേത്. ലോക്കൽ പോലീസ് മുതൽ ഏറ്റവും ഒടുവിൽ സി.ബി.ഐയിൽ വരെ കേസിന്റെ അന്വേഷണം എത്തിനിൽക്കുമ്പോൾ അവളെ കണ്ടെത്താൻ ആവശ്യമായ ഒരു 'തുമ്പും' ആർക്കും കിട്ടിയില്ലന്നതാണ് സത്യം. എന്താണ് ജെസ്നക്ക് സംഭവിച്ചത്? അന്വേഷണത്തിൽ പിഴ പറ്റിയോ? തിരിച്ചു വരുമോ ജെസ്‌ന? നിരവധി ചോദ്യങ്ങൾ ഉത്തരം കിട്ടാതെ മൂന്ന് കൊല്ലമായി അലയുകയാണ്.

ജെസ്‌ന കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ കഴിഞ്ഞ 19നാണ് ഹൈക്കോടതിയെ അറിയിച്ചത്. ക്രിമിനൽ നടപടിച്ചട്ടം 154 പ്രകാരം കേസ് രജിസ്റ്റർചെയ്ത് സി.ബി.ഐ. കോടതിയിൽ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചു. കേസ് ഡയറിയും മറ്റ് കേസ് ഫയലുകളും സിബിഐക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസന്വേഷണത്തിന് വാഹന സൗകര്യം അടക്കം സംസ്ഥാന സർക്കാ‍ർ നൽകണമെന്നും സിബിഐ കോടതിയില്‍‍‍ ആവശ്യപ്പെട്ടു. ജസ്നയുടെ തിരോധാനത്തിന് അന്തർസംസ്ഥാന ബന്ധമുണ്ടെന്ന് കരുതുന്നതായി സിബിഐ കോടതിയില്‍‍‍ പറഞ്ഞു. ജസ്നയുടെ കാര്യത്തിൽ എന്തോ ഗുരുതരമായി സംഭവിച്ചെന്ന് കരുതുന്നുനെന്ന് കേന്ദ്ര സർക്കാരിനായി എഎസ്ജിയും പറഞ്ഞു.

എവിടെയാണ് അവൾ, എന്ത് സംഭവിച്ചു ?

സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിൽ തീ കോരിയിട്ടാണ് ജെസ്‌ന മറഞ്ഞത്. അവളുടെ തിരോ‍ധാനത്തിന് ഇന്ന് മൂന്നു വർഷം തികയുകയാണ്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും മാറിമാറി അന്വേഷണം നടത്തിയെങ്കിലും ജെസ്നയെ കണ്ടെത്താനായില്ലയെന്നത് ആശങ്കക്ക് ഇടയാക്കുന്നതാണ്. ജെസ്നയുടെ തിരോധാ‍നത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോൾ സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. പല തിരോധാന കേസുകളിലും സംഭവിച്ച പോലെ അന്വേഷണത്തിന് ഒടുവിൽ 'കണ്ടെത്താൻ സാധിച്ചില്ല' എന്ന പതിവ് അന്വേഷണ റിപ്പോർട്ട് സി.ബി.ഐ സമർപ്പിക്കില്ലെന്ന പ്രതീക്ഷയിലാണ് ഏവരും. ജെസ്‌ന തിരോധാനത്തിൽ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം മൂന്നിന് ഹൈക്കോടതി ജഡ്ജി വി.ഷർസിയുടെ വാഹനത്തിന് നേരെ കരി ഓയിൽ ആക്രമണം നടന്നിരുന്നു. ന്യായാധിപൻമാർക്ക് നേരെ ഇത്തരത്തിലാരു അസാധാരണ പ്രതിഷേധം ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യ സംഭവമായിരുന്നു.

ജെസ്‌നയും സഹോദരൻ ജെയ്സ് ജോൺ ജെയിംസും സഹോദരി ജെ‍ഫിയും

ദുരൂഹത‍യുടെ മൂന്നാണ്ട്

മൊബൈൽ ഫോൺ വീട്ടിൽ വെച്ചിട്ടായിരുന്നു രാവിലെ മുണ്ടക്കയം പുഞ്ചവയലിലെ പി‍തൃ സഹോദരിയുടെ വീട്ടിലേക്കു ജെസ്ന പോയത്. എരുമേലി വരെ എത്തിയതായി പലരിൽ നിന്നും വിവരം ലഭിച്ചിരുന്നു. പിന്നീട് ആരും ഇന്നേ വരെ അവളെ കണ്ടിട്ടില്ല. അവൾ തിരിച്ച് വന്നിട്ടുമില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്ന ജെ‍സ്നയ്ക്ക്, കാണാതാകുമ്പോൾ 21 വയസ്സായിരുന്നു. കാണാതായ ദിവസം പോകാൻ എല്ലാ സ്ഥലങ്ങളിലും അന്വേഷണം നടത്തിയിരുന്നു.എന്നാൽ,സ്ഥിതികരിക്കാത്ത വിവരങ്ങളാണ് പലയിടങ്ങളിലും നിന്നും ലഭിച്ചത്. എന്നാൽ, ജസ്‌നയെ കണ്ടെത്തിയെന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലെ രണ്ടാം വർഷ ബി.കോം. വിദ്യാർഥിനിയായിരുന്നു

തുമ്പു കണ്ടെത്താനാകാതെ അന്വേഷണ സംഘങ്ങൾ

ജെസ്‌നയുടെ തി‍രോധാനം നിയമസഭയിൽ ഉപ‍ക്ഷേപമായെത്തിയപ്പോൾ അന്വേഷണച്ചുമതല തിരുവല്ല ഡിവൈഎസ്പിക്കു കൈമാറുകയിരുന്നു. ജെസ്നയെ കണ്ടെത്താൻ അന്നത്തെ ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചെങ്കിലും പുരോഗതിയുണ്ടായില്ല. ഇതിന് പിറകെ വലിയ പ്രതിഷേധങ്ങളും അരങ്ങേറി. കുട്ടിയെ കണ്ടെത്തണമെന്ന ആവശ്യവുമായി നിരവധി സംഘടനകളും രംഗത്ത് വന്നു.

ജെസ്‌നയുടെ കോളജിൽ നടന്ന പ്രതിഷേധം

തുടർന്ന്, പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് കേസ് കൈമാറി. പിന്നീട് സൈബർ വിദഗ്ധരുടെ സഹായത്തോടെ പതിനായിരക്കണക്കിനു ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും ഫലമുണ്ടായില്ല. ചെ‍ന്നൈയിലും ബംഗളൂരുവിലും കോയമ്പത്തൂരിലും ജെ‍സ്നയെ കണ്ടതായി പ്രചാരണമുണ്ടായി. എന്നാൽ അതൊന്നും ശരിയല്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രതിഷേധങ്ങൾ ചൂട് പിടിച്ചതോടെ തിരോ‍ധാനം സംബന്ധിച്ച് ഇന്ത്യയൊട്ടാകെ അന്വേഷണം നീണ്ടു. പത്തനംതിട്ട മുൻ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഏറ്റവും ഒടുവിലായി അന്വേഷിച്ചത്. കെ.ജിയുടെ കൂടത്തായി കേസിലെ അന്വേഷണ മികവ് ജെസ്‌നയെ കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ നിരാശയായിരുന്നു ഫലം. ഉടൻ കണ്ടെത്താൻ സാധിക്കുമെന്ന തരത്തിൽ തരത്തിൽ ചില സൂചനകൾ ആ ഇടക്ക് പുറത്ത് വന്നെങ്കിലും എല്ലാം പഴയപടിയായി.

തുമ്പുണ്ടാക്കാൻ സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിനും കഴിഞ്ഞില്ല. അന്വേഷണത്തിൽ കേരള പൊലീസ് പൂർണമായി പരാജയപ്പെട്ടതിനെ തുടർന്ന് ജെസ്നയുടെ സഹോദരൻ ‍ജെ‍യ്സ് ജോണും കെഎ‍സ്‍യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തും ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ജെസ്ന കേസിൽ സിബിഐ തിരുവനന്തപുരം യൂണിറ്റ് മേധാവി നന്ദകുമാർ നായർ എഫ്ഐആർ സമർപ്പിച്ചിട്ടുണ്ട്.

പൊലീസ് അന്വേഷിക്കാൻ മടിച്ചെന്ന് ആക്ഷേപം

കാണാതായിയെന്ന് സംശയം തോന്നിയ ഉടൻ ലോക്കൽ പോലീസിൽ പരാതി നൽകിയിരുന്നു.

എരുമേലി പൊലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി നൽകുന്നത്. വെച്ചൂച്ചിറ സ്റ്റേഷനിൽ പരാതി നൽകാനായിരുന്നു നിർദേശം. പരാതി കൈമാറിയേക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും അതുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. പെൺകുട്ടി ആരുടെയെങ്കിലും കൂടെ പോയതായിരിക്കും, കുറച്ചു ദിവസം കഴിയുമ്പോൾ തിരിച്ചു വരുമെന്ന തരത്തിലായിരുന്നു പൊലീസിന്റെ പ്രതികരണം.ഇത് ഏറെ നിരാശയിലാക്കി. പി‍തൃ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞു ജെസ്ന കൊല്ല‍മുളയിൽ നിന്ന് രാവിലെ 9ന് ഓട്ടോയിൽ പുറപ്പെട്ടു. പിന്നെ എരുമേലി ബസിൽ കയറി. എരുമേലി ബസ് സ്റ്റാൻഡിൽനിന്നു മുണ്ട‍ക്കയത്തേക്കുളള്ള ബസിൽ കയറി‍യതായാണു വിവരം.

സി സി ടി വിയിലെ പെൺകുട്ടി ജെസ്‌നയോ ?

മുണ്ടക്കയം പാതയിലെ കണ്ണി‍മലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യം ജെസ്നയുടെ ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. ജെസ്നയെ കാണാതായി ഒരാഴ്ചയ്ക്കുള്ളിലായിരുന്നു ഇത്. ഇതേ സ്ഥലത്തുള്ള ഒരു വീട്ടിലെ സിസിടിവിയിൽനിന്നും സമാന ദൃശ്യവും ലഭിച്ചു. ദൃശ്യങ്ങളിലുള്ളത് ജെസ്‍നയാണോയെന്ന് സ്ഥിരീകരിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ജെസ്ന മുണ്ടക്കയത്ത് എത്തിയോ എന്നതു സംബന്ധിച്ചും പൊലീസിന് ഒരു തെളിവും ലഭിച്ചിട്ടില്ല. മുണ്ടക്കയം സ്റ്റാൻഡിൽനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ജെ‍സ്നയോടു സാമ്യമുള്ള ഒരു പെൺകുട്ടിയെ കണ്ടതായും പ്രചാരണമുണ്ടായി. ജെ‍സ്നയോടു സാമ്യമുള്ള പെൺകുട്ടി നടന്നു വരുന്ന ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടു പേർ കൂടി ഉണ്ടെന്നതു വ്യക്തമാണ്. ഈ ദൃശ്യങ്ങൾ ആരുടേതെന്ന് ഇപ്പോഴും വ്യക്തമല്ല. ആ പെൺകുട്ടി ആരാണെന്നും തിരിച്ചറിഞ്ഞിട്ടില്ല.

നേരറിയാൻ സി.ബി.ഐ

ഇനി ഈ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയും സിബിഐയിലാണ്. വർഷങ്ങൾക്ക് മുമ്പ് ആലപ്പഴയിൽ നിന്നും കാണാതായ രാഹുലിന്റെ തിരോധാനം കേസ് അന്വേഷിച്ച് കണ്ടെത്താനാവാതെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചപ്പോലെ ആവില്ലെന്നാണ് പ്രതീക്ഷ . 2017 ജൂലൈ 5നാണ് ജെസ്‌നയുടെ അമ്മ ‍ഫാൻസി ‍ജയിംസ് വൈറൽ ന്യൂ‍മോണിയ ബാധിച്ചു മരിക്കുന്നത്. പിന്നീട് ഉണ്ടായ എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്താണ് ജീവിച്ചത്. ഒന്നാം വർഷ പരീക്ഷയിൽ 90% മാർക്കുണ്ടായിരുന്നു ജെസ്നയ്ക്ക്. ജെസ്നയുടെ തി‍രോധാന രഹസ്യത്തിന്റെ ചുരുള‍ഴിക്കാൻ സിബിഐക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

കേസിന്റെ നാൾവഴി

2018 മാർച്ച് 22- ജെസ്‌നയെ കാണാനില്ലെന്ന് അച്ഛൻ ജെയിംസ്, വെച്ചൂച്ചിറ, എരുമേലി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.

2018 ഏപ്രിൽ- ജെസ്‌നയെ കണ്ടെത്തുന്നവർക്ക് പോലീസ് രണ്ടുലക്ഷം രൂപ പാരിദോഷികം പ്രഖ്യാപിച്ചു. തിരുവല്ല ഡിവൈ.എസ്.പി. ചന്ദ്രശേഖരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.

2018 മേയ് 15- ഐ.ജി. മനോജ് ഏബ്രഹാം തലവനായി പ്രത്യേക അന്വേഷണം തുടങ്ങുമെന്ന് അറിയിപ്പ്. കുട്ടിയെ കണ്ടെത്തുന്നവർക്കുള്ള പ്രതിഫലം അഞ്ചുലക്ഷം രൂപയാക്കി ഉയർത്തി.

2018 മേയ് 27- മനോജ് ഏബ്രഹാം അന്വേഷണം ഏറ്റെടുത്തു.

2018 മേയ് 22- പത്തനംതിട്ട ഡി.സി.സി. വിഷയം ഏറ്റെടുത്ത് എസ്.പി.ഓഫീസ് മാർച്ച് നടത്തി.

മേയ് 28- കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞനിലയിൽ കണ്ട മൃതദേഹം ജെസ്‌നയുടെതെന്ന് സംശയിച്ചു. പിന്നീട് ഇത് ജെസ്‌നയല്ലെന്ന് സ്ഥിരീകരിച്ചു.

2018 ജൂൺ 2- കുട്ടിയെ ബംഗളൂരുവിൽ കണ്ടതായി വിവരം പരന്നതിനാൽ പോലീസ് അവിടെ എത്തി.എന്നാൽ,അത് ജെസ്‌ന അല്ലായിരുന്നു.

ജൂൺ 21- ജെസ്‌ന മാറിനിൽക്കുന്നതോ മനപൂർവം ആരെങ്കിലും മാറ്റി നിർത്തിയിരിക്കുന്നതോ ആകാമെന്ന് അച്ഛൻ. നുണപരിശോധന അടക്കം എന്തിനും താൻ തയ്യാറെന്നും അദ്ദേഹം പറഞ്ഞു.

2018 ജൂലായ്‌ 5- പോലീസ് സൈബർ സംഘം വിപുലീകരിച്ചു. ഒരു ലക്ഷത്തിലധികം ഫോൺകോളുകൾ പരിശോധിച്ചു. 250 പേരെ ചോദ്യംചെയ്തു.

2018 ഒാഗസ്റ്റ്- മഹാപ്രളയം വന്നതോടെ കേസന്വേഷണം ഇഴഞ്ഞു.

2018 ഒക്ടോബർ 2- കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ടോമിൻ ജെ.തച്ചങ്കരി നേതൃത്വം നൽകി.

2020 ഏപ്രിൽ 28- ക്രൈംബ്രാഞ്ച് സംഘത്തിന് നിർണായക വിവരം കിട്ടിയതായി വാർത്ത. പക്ഷേ, പ്രതികരിക്കാൻ സംഘം വിസമ്മതിച്ചു.

2020 ഫെബ്രുവരി 13- ക്രൈംബ്രാഞ്ച് സംഘത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പത്തനംതിട്ട എസ്.പി. കെ.ജി.സൈമൺ.പിന്നീട് കെ.ജി.സൈമണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും അന്വേഷണം നടത്തി.

2020 ഡിസംബർ 30- ജെസ്‌ന എവിടെയുണ്ടെന്ന് അറിയാമെന്ന് എ.ഡി.ജി.പി. ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു. പക്ഷേ, കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞു. സമാന പ്രസ്താവന പത്തനംതിട്ട എസ്.പി.യായിരുന്ന കെ.ജി.സൈമണും നടത്തി. പക്ഷേ, അദ്ദേഹവും കൂടുതൽ വിവരം മാധ്യമങ്ങൾക്ക് നൽകിയില്ല.

2021 ഫെബ്രുവരി- ജെസ്‌നയെ കണ്ടെത്താൻ ഒരു സംഘടന ഹേബിയസ് കോർപസ് ഹർജി നൽകി. പിന്നീട് സാങ്കേതിക കാരണങ്ങളാൽ പിൻവലിച്ചു.

2021 ഫെബ്രുവരി 2- ഹൈക്കോടതി ജഡ്ജിയുടെ കാറിൽ, എരുമേലി സ്വദേശി കരിഓയിൽ ഒഴിച്ചു.

2021 ഫെബ്രുവരി 19- തിരോധാന കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

Tags:    

Similar News