'സിപിഎമ്മിന് ഒരു സീറ്റുപോലും കിട്ടില്ല'; കോൺഗ്രസുമായുള്ള സഖ്യം അവിശുദ്ധ കൂട്ടുകെട്ടെന്ന് ത്രിപുര സ്പീക്കർ
രാഷ്ട്രീയകൊലപാതകങ്ങൾ നടന്നത് സിപിഎം ഭരണത്തിലാണെന്നും സ്പീക്കർ
അഗർത്തല: ത്രിപുരയിൽ സിപിഎമ്മിന് ഒരു സീറ്റ് പോലും കിട്ടില്ലെന്നും കോൺഗ്രസ്-സിപിഎം സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണെന്നും സ്പീക്കർ രതൻ ചക്രവർത്തി. ആശയപരമായോ പാർട്ടി പരിപാടികളിലോ യോജിപ്പുള്ളവരല്ല സിപിഎം -കോൺഗ്രസ് പാർട്ടികളെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ത്രിപുരയിൽ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ സാഹചര്യത്തിലാണ് മീഡിയവണിനോട് ത്രിപുര സ്പീക്കറുടെ പ്രതികരണം.
രാഷ്ട്രീയകൊലപാതകങ്ങൾ നടന്നത് സിപിഎം ഭരണത്തിലാണ്. രാഷ്ട്രീയകൊലപാതകങ്ങൾക്ക് കാരണക്കാർ സിപിഎമ്മുമായി ഇപ്പോഴും സഹകരിക്കുന്നു. മുൻ മുഖ്യമന്ത്രി ബിപ്ലവ് കുമാറും മുഖ്യമന്ത്രി മാണിക് സാഹയും മികച്ചവരാണ്. പാർട്ടി ആവശ്യപ്പെട്ടത് കൊണ്ടാണ് ബിപ്ലവ് മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും മാറിയത്. പ്രതിപക്ഷത്തിനു സർക്കാരിനെ എതിർക്കാൻ ഒന്നുമില്ലാത്ത അവസ്ഥയാണെന്നും കോവിഡ് കാലത്ത് എല്ലാവിഭാഗം ജനങ്ങൾക്കും സർക്കാർ സഹായമെത്തിച്ചുവെന്നും രതൻ ചക്രവർത്തി പറഞ്ഞു.
ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഎം സീറ്റ് വിഭജന ക്രമീകരണം കഴിഞ്ഞ മാസം പ്രഖ്യാപിച്ചതുമുതൽ, തങ്ങൾ പൊതുശത്രുവായ ബി.ജെ.പിക്കെതിരെ ഒന്നിച്ചുപൊരുതുകയാണെന്ന് ആവർത്തിച്ചു പറയുകയാണ് ഇരുപാർട്ടികളും. മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ മണിക് സർക്കാരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സംയുക്ത റാലികളും സംയുക്ത വാർത്താ സമ്മേളനങ്ങളും സംഘടിപ്പിച്ചിരുന്നു.
ത്രിപുരയിൽ 13 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക. കോൺഗ്രസ് സിപിഎം സീറ്റ് ധാരണ അംഗീകരിക്കാൻ ചില നേതാക്കൾ മടിച്ചെങ്കിലും എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചതോടെ അവർ സ്വയം കീഴടങ്ങുകയായിരുന്നു. അതേസമയം ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന്റെ ഉന്നത നേതൃത്വം വിട്ടുനിൽക്കുകയാണ്. ഗാന്ധി കുടുംബം, മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുതിർന്ന നേതാക്കൾ, പ്രമുഖ ആദിവാസി നേതാക്കൾ, കനയ്യ കുമാർ ഇവരെല്ലാവരും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് വിട്ടുനിന്നു.
കോൺഗ്രസിന്റെ ലോക്സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി, പശ്ചിമ ബംഗാളിൽ നിന്നുള്ള എംപി ദീപ ദാസ് മുൻസി, സംസ്ഥാന ഇൻചാർജ് അജോയ് കുമാർ എന്നിവർ ഏതാനും റാലികളിൽ പങ്കെടുത്തു. ത്രിപുരയിലെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് നിരീക്ഷകരായ അസം എംപി അബ്ദുൾ ഖലീഖ്, ഡൽഹി സംസ്ഥാന നേതാവ് അരവിന്ദർ സിംഗ് ലൗലി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയ രാജ്യസഭാ എംപി മുകുൾ വാസ്നിക് എന്നിവർ ത്രിപുരയിൽ ഒരു ദിവസം മാത്രമാണ് ചെലവഴിച്ചത്.