കനത്ത ചൂട്; തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യു.എ.ഇ
ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ അനുവദിച്ച ഉച്ചവിശ്രമ നിയമം അവസാനിച്ചെങ്കിലും യു.എ.ഇയിൽ തുടരുന്ന കൊടും ചൂടിന്ശമനമായിട്ടില്ല
യു.എ.ഇയിൽ മധ്യാഹ്ന ഇടവേള നിയമം അവസാനിച്ചെങ്കിലും ചൂടിന്റെ കാഠിന്യം കുറഞ്ഞിട്ടില്ല. ഉച്ചക്ക് പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികൾ ഇതുകാരണം കൂടുതൽ ജാഗ്രത പുലർത്തേണ്ടി വരും. അടുത്ത ആഴ്ചയോടെ താപനിലയിൽ കാര്യമായ കുറവ് ഉണ്ടാകുമെന്നാണ്
വിലയിരുത്തൽ.
ഈ വർഷത്തെ ഉച്ചവിശ്രമം ശനിയാഴ്ചയാണ് അവസാനിച്ചത്. അതോടെ നിർമാണ മേഖലക്ക് കൂടുതൽ ഉണർവ് കൈവന്നു. തൊഴിലാളികളുടെ ജോലി സമയം രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാക്കിയാണ്
വീണ്ടും പുനഃക്രമീകരിച്ചിരിക്കുന്നത്. പകൽ ചൂട് തുടരുന്ന സാഹചര്യത്തിൽ പുറത്തു ജോലി ചെയ്യുന്നവർക്ക് ആവശ്യമായ സൗകര്യം ചെയ്തു കൊടുക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം.
രാവിലെ തുടങ്ങി ഇരുട്ടാകും വരെ നിർമാണ മേഖലകളിൽ ജോലി തുടരുന്ന സാഹചര്യമാണിപ്പോൾ. ചില പദ്ധതികൾ ഉടനടി പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിനായി അടിയന്തര ഘട്ടങ്ങളിൽ പ്രത്യേക അനുമതിയോടെ രാത്രിയും ജോലി ഉണ്ടാകും.
ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ അനുവദിച്ച ഉച്ചവിശ്രമ നിയമം അവസാനിച്ചെങ്കിലും യു.എ.ഇയിൽ തുടരുന്ന കൊടും ചൂടിന്
ശമനമായിട്ടില്ല. ഉച്ചയ്ക്ക് 12.30 മുതൽ മൂന്നു വരെയായിരുന്നു മധ്യാഹ്ന ഇടവേള അനുവദിച്ചിരുന്നത്. നിലവിലെ കൂടിയ ചൂട് വൈകാതെ കുറഞ്ഞേക്കും. ഏതായാലും ചൂട് സമയത്ത് ജോലി ചെയ്യുന്ന ഘട്ടത്തിൽ തൊഴിലാളികൾ സ്വീകരിച്ച മുൻകരുതൽ കുറച്ചു നാളുകൾ കൂടി തുടരണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്.
സൂര്യാഘാതവും നിർജലീകരണവും തടയാനാവശ്യമായ സുരക്ഷാ മുൻകരുതലാണ് ഇതിൽ പ്രധാനമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.