അമ്മ നാടുവിട്ടു; കുട്ടികളുമായി അച്ഛന്‍ യു.എ.ഇയിലെ ലേബര്‍ ക്യാമ്പില്‍
ശ്രീലങ്കന്‍ സ്വദേശിയായ ഭാര്യ നാടുവിട്ടതിനെത്തുടര്‍ന്ന് യു.എ.ഇയിലെ അജ്മാനില്‍ ലേബര്‍ ക്യാമ്പിലാണ് ബദറുദ്ദീന്‍ കുട്ടികള്‍ക്കൊപ്പം കഴിയുന്നത്.
തന്‍റെ രണ്ട് കുട്ടികള്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് തരപ്പെടുത്താന്‍ പാടുപെടുകയാണ് തമിഴ്നാട് സ്വദേശി ബദറുദ്ദീന്‍. ശ്രീലങ്കന്‍ സ്വദേശിനി യായ ഭാര്യ നാടുവിട്ടതിനെത്തുടര്‍ന്ന് യു.എ.ഇയിലെ അജ്മാനില്‍ ലേബര്‍ ക്യാമ്പിലാണ് ബദറുദ്ദീന്‍ കുട്ടികള്‍ക്കൊപ്പം കഴിയുന്നത്.
പന്ത്രണ്ട് തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ രണ്ട് മക്കളെ പോറ്റാന്‍ പാടുപെടുന്ന അച്ഛന്‍. മൂന്നുവയസുകാരന്‍ ആന്റണിയും ഒന്നരവയസുകാരി മേരിയും. മേരിക്ക് പത്തുമാസം പ്രായമുള്ളപ്പോള്‍ ഇവരെ ഉപേക്ഷിച്ച് പോയതാണ് ശ്രീലങ്കക്കാരി അമ്മ ആക്സിസ്ബ ഇസ്രാവേല്‍ ഫെര്‍ണാണ്ടോ. തന്റെ പണവും കുട്ടികളുടെ മുഴുവന്‍ രേഖകളുമായാണ് ഭാര്യ കടന്നതെന്ന് പറയുന്നു രാമേശ്വരം സ്വദേശിയായ ബദറുദ്ദീന്‍. പൊതുമാപ്പില്‍ കുട്ടികളുമായി ഇന്ത്യയിലേക്ക് പോകാനാണ് ബദറുദ്ദീന്റെ തീരുമാനം. അതിന് ശ്രീലങ്കന്‍ പാസ്പോര്‍ട്ടുള്ള ഈ കുട്ടികള്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് കിട്ടണം.
അധികൃതരുടെ നിര്‍ദേശപ്രകാരം കുട്ടികളുടെ ശ്രീലങ്കന്‍ പൗരത്വം റദ്ദാക്കി. പക്ഷേ, പൗരത്വം നല്‍കാന്‍ ഇന്ത്യ തയാറായിട്ടില്ല. ഗള്‍ഫില്‍ വെച്ച് പരിചയത്തിലായ ബദറുദ്ദീനും ആക്സിസ്ബയും 2014ല്‍ ശ്രീലങ്കയിലാണ് വിവാഹിതരായത്. അമ്മയില്ലാതെ കുട്ടികളെ പോറ്റാനുള്ള നെട്ടോട്ടത്തില്‍ ഉണ്ടായിരുന്ന ജോലിയും ബദറുദ്ദീന് നഷ്ടമായി. എങ്ങനെയെങ്കിലും സ്വന്തം മണ്ണിലേക്ക് മടങ്ങണമെങ്കില്‍ മക്കളുടെ പൗരത്വം തെളിയിക്കണം. കുട്ടികള്‍ക്കിനി അച്ഛന്റെ നാട്ടുകാരനാവണം. അതിന് ഇന്ത്യന്‍ അധികാരികള്‍ കനിയണം.