സ്തനാര്‍ബുദ ബോധവത്കരണത്തിന്റെ ഭാഗമായി തലമുടി മുറിച്ച് ദുബെെയിലെ വിദ്യാര്‍ത്ഥിനികള്‍
അർബുദ രോഗികൾക്ക് വെപ്പുമുടി നിർമിക്കാനാണ് ഇൗ മുടിച്ചുരുളുകൾ ഉപയോഗിക്കുക. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് വിദ്യാർഥിനികൾ സ്കൂളിലെത്തിയത്.
സ്തനാർബുദത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ദുബൈയിൽ തലമുടി മുറിച്ചുമാറ്റി വിദ്യാർഥിനികൾ. ‘അൽഖൂസ് ജെംസ് ഒവർ ഓണ്‍ ഇന്ത്യൻ സ്കൂളി’ലെ വിദ്യാർഥിനികളാണ് വേറിട്ട പ്രവർത്തനത്തിലൂടെ മാതൃക സൃഷ്ടിച്ചത്.
കരുതലോടെ കാത്തുസൂക്ഷിച്ച നീളൻ മുടി മുറിച്ചുമാറ്റാൻ ഇൗ കൊച്ചുകൂട്ടുകാർക്ക് യാതൊരു സങ്കോചനവും തോന്നിയില്ല. സാമൂഹികമായ അവബോധം രൂപപ്പെടുത്തുന്നതിൽ വലിയൊരു ദൗത്യമായി മാറാൻ ഇതിനു സാധിക്കുമെന്ന ശുഭാപ്തിയിലായിരുന്നു അവർ. സ്തനാർബുദത്തിനെതിരെയുള്ള പോരാട്ടത്തിന് കരുത്തേകാൻ ഇതിലൂടെ സാധിക്കുമെന്നും അവർ പറഞ്ഞു. അർബുദ രോഗികൾക്ക് വെപ്പുമുടി നിർമിക്കാനാണ് ഇൗ മുടിച്ചുരുളുകൾ ഉപയോഗിക്കുക.
പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് വിദ്യാർഥിനികൾ സ്കൂളിലെത്തിയത്. 31 വിദ്യാർഥിനികളും മൂന്നു രക്ഷിതാക്കളും സംബന്ധിച്ചു. ഹെയർ ഫോർ ഹോപ് ഇന്ത്യ സ്ഥാപക പ്രേമി മാത്യു മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ ലളിതാ സുരേഷ്, കൊ ഒാർഡിനേറ്റർ നിഷാ ലാൽ എന്നിവർ പ്രസംഗിച്ചു.