ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാന് വിട; പത്ത് നാൾ ദു:ഖാചരണം
വ്യാഴാഴ്ച മുതൽ മൂന്ന് ദിവസം ദുബൈ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കില്ല
ദുബൈ ഉപ ഭരണാധികാരിയും യുഎഇ ധനകാര്യ വ്യവസായ മന്ത്രിയുമായിരുന്ന ശൈഖ് ഹംദാൻ ബിൻ റാശിദ് അൽ മക്തൂം അന്തരിച്ചു. ശൈഖ് ഹംദാൻ 1971 ൽ യുഎഇയുടെ ആദ്യത്തെ ധനകാര്യ വ്യവസായ മന്ത്രിയായി. യു.എ.ഇ സമ്പദ് ഘടനക്ക് ദിശാബോധം പകരുന്നതിലും മുന്നേറ്റം ഉറപ്പാക്കുന്നതിലും നിർണായക പങ്ക് വഹിച്ച നേതാവ് കൂടിയാണ് വിടവാങ്ങുന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് തന്റെ പ്രിയ സഹോദരന്റെ വിയോഗ വാർത്ത പങ്കുവെച്ചത്.
ശൈഖ് റാശിദ് ബിൻ സഈദ് അൽ മക്തൂമിന്റെ രണ്ടാമത്തെ മകനാണ് ശൈഖ് ഹംദാൻ. 1945 ഡിസംബർ 25ന് ജനനം.
അൽ-അഹ്ലിയ സ്കൂളിൽ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് കേംബ്രിഡ്ജിലെ ബെൽ സ്കൂൾ ഓഫ് ലാംഗ്വേജസിൽ ഉപരി പഠനം.
ദുബൈ മുനിസിപ്പാലിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു. ദുബൈ മുനിസിപാലിറ്റി, ആൽ മക്തൂം ഫൗണ്ടേഷൻ, ദുബൈ അലൂമിനിയം ആൻഡ് നാചുറൽ ഗ്യാസ് കമ്പനി, ദുബൈ വേൾഡ് ട്രേഡ് സെൻറർ തുടങ്ങിയ ഉന്നത സ്ഥാപനങ്ങളുടെ മേധാവി എന്നനിലയിലും വലിയ സംഭാവനയാണ് നൽകിയിട്ടുണ്ട്.
യുഎഇ സുവർണ ജൂബിലി ആഘോഷ പരിപാടികൾക്കൊരുങ്ങുന്ന വേളയിലുള്ള ശൈഖ് ഹംദാന്റെ വിയോഗം സ്വദേശികളിലും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിലും കണ്ണീർ പടർത്തി. ദുബൈയിൽ പത്തു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്നു ദിവസം ദുബൈയിലെ സർക്കാർ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും.