'സേവ്യർ' നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല! പക്കാലു പാപ്പിറ്റോ യൂണിവേഴ്‌സിന് പിന്നിൽ ആരാണ്?

പക്കാലു പാപ്പിറ്റോ അവസാനിച്ചയിടത്താണ് സേവ്യറിന്റെ തുടക്കം... സേവ്യർ അച്ചായൻ എന്ന് മലയാളികളും സേവ്യർ അങ്കിൾ എന്ന് പൊതുവെയും വിളിക്കുന്ന ഇയാൾ ശരിക്കും ആരാണ്?

Update: 2025-01-13 11:23 GMT
Editor : banuisahak | By : Web Desk
Advertising

സോഷ്യൽ മീഡിയ ലോകത്തിലേക്ക് അഗാധമായി ആഴ്ന്നിറങ്ങിയ ആളാണ് നിങ്ങളെങ്കിൽ 'സേവ്യറിനെ' കാണാതെ നിങ്ങൾക്ക് പോകാനാകില്ല. വൈറലായ ഏതൊരു മീമിന് താഴെയും ഉണ്ടാകും 'സേവ്യർ'... ലക്ഷക്കണക്കിന് ലൈക്കുകൾ വാരിക്കൂട്ടിയ ആ കമന്റിട്ടയാൾ ആരാണെന്ന് നോക്കിയാൽ കാണാം 'സേവ്യർ' എന്ന്. സേവ്യറിന്റെ യൂണിവേഴ്‌സ് ആയിരുന്നു ഒരു സമയത്ത് സോഷ്യൽ മീഡിയ. ആരാണ് ഈ സേവ്യർ അച്ചായൻ? ഹൂ ഈസ് ദിസ് മാൻ... പല ഭാഷകളിൽ തിരഞ്ഞുനോക്കിയിട്ടും കണ്ടെത്താൻ കഴിയാതെ പോയ സേവ്യർ ശരിക്കും ആരാണ്? 

സേവ്യർ ആരാണെന്ന് അറിയുന്നതിന് മുൻപ് 'പക്കാലു പാപ്പിറ്റോ'യെ കുറിച്ച് അറിയണം. പല മീമുകളും വന്നു, ട്രെൻഡിങ്ങായ പലതും വന്നു... ടിക്‌ടോക്ക് പോയി റീൽസ് വന്നു, ഇങ്ങനെ പലതും വന്നുപോയിട്ടും പക്കാലു പാപ്പിറ്റോ മാറ്റമില്ലാതെ തുടരുന്നു. 

തുടക്കം ഇവിടെ... 

2013ൽ ട്വിറ്ററിൽ (എക്‌സ്‌) 'ഹായ് ട്വിറ്റർ ഐ ആം സിംഗിൾ' എന്ന ഒരു ട്വീറ്റ് പ്രത്യക്ഷപ്പെടുന്നു. അതിലെന്താ ഇത്ര വലിയ കാര്യമെന്ന് ചിന്തിച്ചവരുടെ മുന്നിലേക്ക് നൂറുകണക്കിന് ഹിറ്റ് ട്വീറ്റുകളും മീമുകളുമായി എത്തി പക്കാലു പാപ്പിറ്റോ. ഈ ഒരു അജ്ഞാത അക്കൗണ്ടിൽ നിന്ന് വരുന്ന ട്വീറ്റ് റീഷെയർ ചെയ്യാനായി ഒരു ആരാധകക്കൂട്ടം തന്നെ പിന്നീട് സൃഷ്‌ടിക്കപ്പെട്ടതും ചരിത്രം.

പക്കാലു പാപ്പിറ്റോയുടെ ട്വീറ്റുകൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. നർമം മാത്രമായിരുന്നില്ല, ഡാർക്ക് കോമഡി എന്നും വിളിക്കാൻ കഴിയില്ല. സ്വയം കളിയാക്കുക എന്നതായിരുന്നു ഓരോ ട്വീറ്റിലെയും കാതലായ ഭാഗം. കുറേനാൾ കഴിഞ്ഞപ്പോൾ ഇതാരാണ് ഈ കക്ഷിയെന്ന കൗതുകം പതുക്കെ ആളുകളിൽ വന്നുതുടങ്ങി. ചില ട്വീറ്റുകളിൽ ചൊടിച്ച ആളുകൾ ഇവനെയൊന്ന് കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന മട്ടിൽ തപ്പിയിറങ്ങി. ഉപദ്രവകാരിയല്ലെങ്കിലും കുറിക്ക് കൊള്ളുന്ന ട്വീറ്റുകളാണ് പക്കാലു പാപ്പിറ്റോയിൽ നിന്ന് വന്നുകൊണ്ടിരുന്നത്.

സാങ്കൽപിക കഥാപാത്രമാണെന്ന വിശ്വാസത്തിൽ ജീവിച്ചിരുന്ന ആളുകളുടെ മനഃസമാധാനം കളഞ്ഞ് ഒടുവിൽ അത് പുറത്തുവന്നു. പക്കാലു പാപ്പിറ്റോയെ കയ്യോടെ പൊക്കി! ഇന്ത്യക്കാരൻ തന്നെ, ഒരു കൺവീനിയൻസ് സ്റ്റോറിലെ ഒരു സാധാരണ ക്ലർക്കാണ്. മീമുകളുടെ വിക്കിപീഡിയയായ നോ യുവർ മീം ആണ് ഈ കണ്ടെത്തൽ നടത്തിയത്.

തന്റെ ജോലി പക്കാലു പാപ്പിറ്റോ അങ്ങേയറ്റം വെറുത്തിരുന്നു. ഒന്നിനും കൊള്ളാത്തവനാണെന്നും കഴിവില്ലാത്തവനാണെന്നും സ്വയം വിലയിരുത്തി. അങ്ങനെയാണ് സ്വയം അപകീർത്തിപ്പെടുത്തുന്ന ട്വീറ്റുകൾ പങ്കുവെക്കാൻ തുടങ്ങിയതത്രേ. പക്കാലുവിന്റെ അവസ്ഥ മനസിലാക്കിയിട്ടാണോ അതോ റിലേറ്റ് ചെയ്യാൻ കഴിഞ്ഞിട്ടാണോ ആളുകൾ ഈ ട്വീറ്റിന്റെ സ്ക്രീൻഷോട്ടുകൾ പങ്കുവെക്കാൻ തുടങ്ങി.

ഈ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ട്വിറ്ററിൽ പക്കാലു പാപ്പിറ്റോയുടെ അനുയായികൾ കൂടിയത്. ഇതോടെ പകാലു പപീറ്റോ അർബൻ നിഘണ്ടുവിലും ഇടം നേടി. 'പക്കാലു പാപ്പിറ്റോ' എന്നാൽ ഒരു പ്രവർത്തിയാണത്രെ... ഒട്ടകത്തെ പാലത്തിൽ ഇടിക്കുന്നത് പോലെ. അപ്പോഴൊരു സംതൃപ്‌തി തോന്നുമെങ്കിലും ഉണ്ടാകുന്ന അനന്തരഫലങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല എന്നും ഈ പക്കാലു പാപ്പിറ്റോ എന്ന പ്രവർത്തിയെ അർബൻ ഡിക്ഷണറി വിശദീകരിക്കുന്നുണ്ട്. 

അപ്പോൾ വാക്കിന്റെ അർഥം കിട്ടി, എന്താണ് ഉദ്ദേശിക്കുന്നതെന്നും കിട്ടി. പക്ഷേ, ആളാരാണ്? 

ഇന്ത്യക്കാരനാണോ?

പക്കാലു പാപ്പിറ്റോയുടെ പ്രൊഫൈൽ പിക്ച്ചർ ആണ് ആ അക്കൗണ്ടിന്റെ ആത്മാവ്. എവിടെയോ കണ്ട് നല്ല പരിചയമുണ്ടല്ലോ എന്ന് തോന്നിക്കുന്ന ഒരു മനുഷ്യൻ. തലമുടി സൈഡിലേക്ക് വകഞ്ഞ് വെച്ച് കട്ടിമീശയും കട്ടിപുരികവും എങ്ങോട്ടാണ് ആ നോട്ടം പോകുന്നതെന്ന് അറിയാൻ കഴിയാത്ത കണ്ണുകളും. ഇന്ത്യക്കാരൻ തന്നെയാണെന്നാണ് ഇതുവരെയും സോഷ്യൽ മീഡിയയിലെ വിശ്വാസം. കൺവീനിയൻസ് സ്റ്റോറിൽ ജോലി ചെയ്‌തിരുന്ന ആൾ ഒരു സമയം കഴിഞ്ഞപ്പോൾ വിദേശത്തായി. സോഷ്യൽ മീഡിയയിൽ തന്നെ പക്കാലു പാപ്പിറ്റോയുടെ ജോലിയെ കുറിച്ച് പല തിയറികളാണ് കറങ്ങിനടക്കുന്നത്. 

പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകളും ഈ ഫോട്ടോയും തമ്മിൽ യാതൊരു ബന്ധവും തോന്നില്ല, എന്നാൽ നല്ല ബന്ധമുണ്ട് താനും. പക്കാലു പാപ്പിറ്റോയുടെ ഫോട്ടോ ആദ്യം അത്ര രസിക്കാത്ത ആളുകളും ഉണ്ടായിരുന്നു. ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കാൻ ഉണ്ടാക്കിയ അക്കൗണ്ടാണെന്ന് ആരോപിച്ച് പലരും രംഗത്തെത്തുകയും പ്രതിഷേധിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ, ഈ ആരോപണങ്ങളിലൊന്നും പക്കാലു പാപ്പിറ്റോ വീണില്ല. തന്റെ ട്വീറ്റുകളുമായി മുന്നോട്ട് പോയി. നർമമല്ലാതെ മറ്റൊന്നും ആ ട്വീറ്റുകളിൽ കണ്ടെത്തുക അസാധ്യമായിരുന്നു. കാലംകഴിഞ്ഞപ്പോൾ പക്കാലു പാപ്പിറ്റോയെ ആളുകൾ ഒരുപോലെ ആസ്വദിച്ചുതുടങ്ങി. 

ഇതിനിടെ ഒരു ഇന്ത്യക്കാരൻ കൗമാരക്കാരന്റെ തലയിൽ ഉദിച്ചതാണ് പക്കാലു പാപ്പിറ്റോ എന്ന ഊഹാപോഹങ്ങളും എയറിലായി. അത് വെറും ഊഹാപോഹങ്ങൾ മാത്രമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. പക്കലുവിന്റെ ഒറിജിനൽ ഫേസ്ബുക്ക് പേജിന്റെ എബൗട്ട് സെക്ഷനിൽ 'Lee Nova എന്ന ഒരു പേജ് അറ്റാച്ച് ചെയ്‌തിട്ടുണ്ട്. ഈ പേജ് തുറന്നാൽ കാണുന്നത് ഒരു വെള്ളക്കാരനായ യുവാവിന്റെ ചിത്രമാണ്. അപ്പോൾ ഇവനാണ് പക്കാലുവിന്റെ പിന്നിലെന്ന് ഉറപ്പിക്കാനായി പല ശ്രമങ്ങളും നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ലോകമെമ്പാടുമുള്ള ആളുകൾ പിന്തുടരുന്ന ഒരു അക്കൗണ്ട് ആയിരുന്നിട്ട് കൂടി അഡ്‌മിൻ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. 

ഫോട്ടോയിൽ കാണുന്നയാൾ... 

പക്കാലു പാപ്പിറ്റോയുടെ ട്വീറ്റുകളുടെയെല്ലാം ഐഡന്റിറ്റി ആ മുഖമായിരുന്നു. ഇന്ത്യയിലും പുറംരാജ്യങ്ങളിലുമെല്ലാം പക്കാലു പാപ്പിറ്റോയുടെ മീമുകൾ തിരിച്ചറിയപ്പെടുന്നത് പ്രൊഫൈലിലുള്ള മുഖത്തിലൂടെയാണ്. ഒടുവിൽ കണ്ടെത്തി... ഐഐടി കാൺപൂർ കോളേജിലെ ഒരു ഫാക്കൽറ്റി അംഗമാണ്, പേര് ഓം പ്രകാശ്. അതെ പക്കാലു പാപ്പിറ്റോയുടെ മുഖം സാങ്കൽപികമല്ല, അതിനൊരു ഉടമസ്ഥനുണ്ട്. കഥാനായകൻ ഐഐടി കാൺപൂർ കോളേജിലെ ഓം പ്രകാശ് ആണെന്നാണ് പറയപ്പെടുന്നത്. 

ഇദ്ദേഹത്തിന്റെ ഫോട്ടോ ഐഐടി കാൺപൂർ വെബ്‌സൈറ്റിൽ ഇപ്പോഴും ലഭ്യമാണ്. സ്ഥാപനത്തിലെ സീനിയർ ടെക്‌നീഷ്യനാണെന്ന് വെബ്‌സൈറ്റിൽ കാണിക്കുന്നു. പൂർവവിദ്യാർത്ഥികളും പറയുന്നത് ഓം പ്രകാശിന്റെ ഐഡന്റിറ്റി മോഷ്‌ടിക്കപ്പെട്ടു എന്നാണ്. എങ്കിലും, ഈ വാദം സ്ഥിരീകരിക്കാൻ ഓം പ്രകാശിനോ സഹപാഠികൾക്കോ കഴിഞ്ഞിട്ടില്ല. ശരിക്കും പകാലുവും ഓം പ്രകാശും യഥാർത്ഥത്തിൽ ഒരാൾ തന്നെയാണോ? 

ആ അക്കൗണ്ട് എവിടെ?

പക്കാലു പാപ്പിറ്റോ എന്ന് സെർച്ച് ചെയ്‌താൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എണ്ണമറ്റ അക്കൗണ്ടുകൾ കാണാൻ കഴിയും. ഇതിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടുകളുമുണ്ട്. എന്നാൽ, പകാലു പാപ്പിറ്റോയുടെ (@pakalupapito) അക്കൗണ്ടുകൾ 2018ൽ അപ്രതീക്ഷിതമായി സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നു. ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങി എല്ലാ സോഷ്യൽ മീഡിയയിൽ നിന്നും പകാലു പാപ്പിറ്റോ അപ്രത്യക്ഷമായി. പകാലു പാപ്പിറ്റോയുടെ ഉടമസ്ഥൻ എന്ന് വിശ്വസിക്കപ്പെടുന്ന ലീ നോവ എന്ന പേജും കാണാതായി. എന്നാൽ ആ മീമുകളും ട്വീറ്റും പലരീതിയിൽ ഇന്നും നിലനിൽക്കുന്നു. 2025ൽ എത്തിനിൽക്കുമ്പോൾ പകാലു പാപ്പിറ്റോ എവിടെ പോയി എന്ന ചോദ്യത്തിന് പ്രസക്‌തിയില്ല. കാരണം അയാൾ ഇവിടെത്തന്നെയുണ്ട്... സേവ്യർ എന്നുകേട്ടാൽ തെളിയുന്ന മുഖവും പക്കാലു പാപ്പിറ്റോയുടെ മുഖവും ഒന്നുതന്നെ. 

സേവ്യറിന്റെ വരവ് 

പക്കാലു പാപ്പിറ്റോ അവസാനിച്ചയിടത്താണ് സേവ്യറിന്റെ തുടക്കം.  പക്കാലുവിന്റെ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റവൻ എന്ന് സോഷ്യൽ മീഡിയ വാഴ്ത്തുന്ന സേവ്യർ. ഇദ്ദേഹത്തിന്റെ കമന്റുകൾക്കാണ് ഫാൻസ്‌. ഉരുളക്കുപ്പേരി പോലെയുള്ള മറുപടികൾക്ക് ലൈക്കുകൾ ലക്ഷങ്ങളാണ്. സേവ്യർ അച്ചായൻ എന്ന് മലയാളികളും സേവ്യർ അങ്കിൾ എന്ന് പൊതുവെയും വിളിക്കുന്ന ഇയാൾ ശരിക്കും ആരാണ്? പക്കാലു പാപ്പിറ്റോയുടെ പിന്നിലുള്ളവർ തന്നെയാണോ സേവ്യറിന് പിന്നിലും? 

ആൾ ഒന്ന് തന്നെയാണെങ്കിലും പല പ്രൊഫൈലുകളിൽ പല രീതിയിലാണ് സേവ്യർ എത്തുന്നത്. ചിലതിൽ പുരികങ്ങളിൽ മാറ്റം, ചിലതിൽ ചിരിയിൽ മാറ്റം. സേവ്യർ അങ്കിൾ പക്കാലു പാപ്പിറ്റോയുടെ ഗിമ്മിക് പകർപ്പാണെന്നാണ് റെഡ്‌ഡിറ്റിൽ ആളുകൾ പറയുന്നത്. പക്കാലു പാപ്പിറ്റോയുടെ ഏഴയലത്ത് എത്തില്ലെന്നും പൊതുവായി അഭിപ്രായങ്ങൾ ഉണ്ട്. ഇതിനിടെ 2023ൽ കോവിഡിന്റെ സമയത്ത് പ്ലാറ്റ്‌ഫോം വിടേണ്ടി വന്നതാണെന്നും തിരിച്ചുവരവ് നടത്തുമെന്നും പറഞ്ഞ് ഒരു നീണ്ട ത്രെഡ് സേവ്യർ അങ്കിൾ പങ്കുവെച്ചിരുന്നു. അപ്പോൾ പക്കാലുവും സേവ്യറും ഒരാളാണോ?

ഒരു ചുരുളിയിൽ പെട്ടിരിക്കുകയാണ് നമ്മൾ. ഒരു മീം പാരമ്പര്യം തുടങ്ങിവെച്ചിട്ട് അയാൾ പോയോ? അതോ നമുക്കിടയിൽ തന്നെയുണ്ടോ...? 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News