നിയമസഭയില്‍ ടി.പിയുടെ ബാഡ്ജ് ധരിച്ചതില്‍ വിവാദം; മരണം വരെ നെഞ്ചിലുണ്ടാവുമെന്ന് രമ
രമ ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചത് ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു
സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വടകര എം.എല്‍.എ കെ.കെ രമ ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചത് ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍. പിന്നാലെ നിലപാട് വ്യക്തമാക്കി രമ രംഗത്തെത്തി. സ്പീക്കറുടെ കസേര മറിച്ചിട്ട് കാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ സത്യപ്രതിജ്ഞാ ലംഘനത്തെക്കുറിച്ച് പറയുന്നതെന്ന് രമ ചോദിച്ചു.
വസ്ത്രത്തിന്റെ ഭാഗമായാണ് താന്‍ ആ ബാഡ്ജ് ധരിച്ചത്. തൂക്കിക്കൊല്ലാന്‍ വിധിക്കുന്നെങ്കില്‍ അത് ചെയ്യട്ടെ-രമ പറഞ്ഞു. പിന്നാലെ 'നെഞ്ചിലുണ്ടാവും, മരണം വരെ' എന്ന അടിക്കുറിപ്പോടെ സത്യപ്രതിജ്ഞാ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് രമ നിലപാട് വ്യക്തമാക്കി.
വടകരയില്‍ നിന്ന് യു.ഡി.എഫ് പിന്തുണയോടെ ജയിച്ച് വന്ന രമ സി.പി.എമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. സത്യപ്രതിജ്ഞാ ദിവസം രമ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാങ്കേതിക പ്രശ്‌നത്തിന്റെ പേരില്‍ കൈരളി ചാനല്‍ സംപ്രേഷണം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പി.ആര്‍.ഡി നല്‍കിയ ലൈവ് സംപ്രേഷണത്തില്‍ മറ്റു ചാനലുകള്‍ക്കൊന്നും തടസം നേരിട്ടിരുന്നില്ല.