കഠിനമായ വയറുവേദന; യുവാവിനെ സ്‌കാൻ ചെയ്ത ഡോക്ടർമാർ ഞെട്ടി, വയറ്റിൽ ജീവനുള്ള ഈൽ!
മലദ്വാരത്തിലൂടെയാണ് ഈൽ യുവാവിന്റെ ശരീരത്തിലേക്ക് എത്തിയതെന്നാണ് സംശയിക്കുന്നത്
വിയറ്റ്‌നാം: വിയറ്റ്‌നാമിലെ വടക്കൻ ക്വാങ് നിൻ പ്രവിശ്യയിലെ 34 കാരനായ യുവാവ് കടുത്ത വയറുവേദനയുമായാണ് ആശുപത്രിയിലെത്തിയത്. ഹായ് ഹാ ജില്ലാ മെഡിക്കൽ സെന്ററിലെ ഡോക്ടർമാർ ഇയാളെ പരിശോധിക്കുകയും എക്‌സറേയും സ്‌കാനിങ്ങും നടത്തുകയും ചെയ്തു. പരിശോധനയിൽ അടിവയറിൽ എന്തോ ഒരു വസ്തു കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഇത് മൂലം 'പെരിടോണിറ്റിസ്' എന്ന അണുബാധ ഉണ്ടാകുകയും ചെയ്തിരിക്കുന്നു. അതാണ് വയറുവേദനക്ക് കാരണം.. തുടർന്ന് ഉടൻ തന്നെ യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.
ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ഡോക്ടർമാർ ശരിക്കും ഞെട്ടിയത്. ഏകദേശം 30 സെന്റീമീറ്റർ നീളമുള്ള ജീവനുള്ള ഈൽ (ആരല്‍) അയാളുടെ വയറിനുള്ളിൽ ഡോക്ടർമാർ കണ്ടെത്തി. മലദ്വാരത്തിലൂടെയാണ് ഈൽ യുവാവിന്റെ ശരീരത്തിലേക്ക് എത്തിയതെന്നാണ് സംശയിക്കുന്നത്. ഈൽ മലാശയത്തിലൂടെ പ്രവേശിച്ച് വൻകുടലിലെത്തുകയും അവിടെ സുഷിരമുണ്ടാക്കുകയും ചെയ്തു.
ഡോക്ടർമാർ ഈലിനെയും കുടലിന്റെ ഒരു ഭാഗവും നീക്കം ചെയ്തതായി 'ദി ന്യൂസ് ഔട്ട്‌ലെറ്റ്' റിപ്പോർട്ട് ചെയ്യുന്നു. വയറ്റിൽ നിന്ന് നീക്കം ചെയ്ത ഈലിന് ജീവനുണ്ടായിരുന്നു എന്നതും ഡോക്ടർമാരെ അതിശയപ്പെടുത്തുന്നു. ഈലിനെ ജീവനോടെ തന്നെയാണ് വയറ്റിൽ നിന്ന് നീക്കം ചെയ്തത്. ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും യുവാവ് സുഖം പ്രാപിച്ച് വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇതൊരു അസാധാരണ സംഭവമാണെന്ന് ഡോ. ഫാം മാൻ ഹംഗ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.