നെല്‍സണ്‍ മണ്ടേലയുടെ നാട്ടിലെ കറുത്ത വിപ്ലവം
ബ്രിട്ടീഷ് കൊളോണിയലിസം അടിച്ചേല്‍പ്പിച്ച വര്‍ണവിവേചനത്തിനെതിരെ ധീരോദാത്തമായി പടപൊരുതിയ പാര്‍ട്ടിയാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്. എന്നാല്‍ പോയ വാരം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.
ബ്രിട്ടീഷ് കൊളോണിയലിസം അടിച്ചേല്‍പ്പിച്ച വര്‍ണവിവേചനത്തിനെതിരെ ധീരോദാത്തമായി പടപൊരുതിയ പാര്‍ട്ടിയാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് സമാനമായ ലക്ഷ്യങ്ങളോടെ, എന്നാല്‍, ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടില്ലാത്ത വര്‍ണവിവേചനത്തിനെതിരെ കൂടി രൂപീകരിക്കപ്പെട്ട ദക്ഷിണാഫ്രിക്കക്കാരുടെ ദേശീയ പ്രസ്ഥാനം. ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി, വെള്ളക്കാര്‍ ദക്ഷിണാഫ്രിക്ക വിട്ട് പോയില്ല. പകരം, ന്യൂനപക്ഷമായ വെള്ളക്കാരുടെ നേതൃത്വത്തില്‍ കറുത്തവര്‍ഗക്കാരെ ഭരിച്ചു. കറുത്തവരെ പ്രത്യേക മേഖലകളിലേക്ക് മാറ്റി പാര്‍പ്പിച്ചു കൊണ്ട് ആധുനിക ലോകത്തെ ഏറ്റവും നൃശംസമായ വംശീയതക്കും വര്‍ണവെറിക്കും തുടക്കമിട്ടു ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ ഭരണകൂടം. വര്‍ണവിവേചനത്തിനെതിരെ അഹിംസാ സമരം തുടര്‍ന്ന വന്ന ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പിന്നീട് നിരോധിക്കപ്പെട്ടു. ഭരണകൂടത്തിനെതിരെ അവര്‍ ഗറില്ല യുദ്ധമാരംഭിച്ചു. നെല്‍സണ്‍ മണ്ടേലയുള്‍പ്പടെയുള്ളവരുടെ ധീരോദാത്തമായ ചെറുത്ത് നില്‍പും ജയില്‍ വാസവുമെല്ലാം ലോകശ്രദ്ധ പിടിച്ചു പറ്റി. 1994ല്‍ വര്‍ണവിവേചനം അവസാനിക്കുകയും ദക്ഷിണാഫ്രിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് പൌരത്വവും വോട്ടവകാശവും ലഭിക്കുകയും ചെയ്തു. ഇന്ന് ദക്ഷിണാഫ്രിക്ക തദ്ദേശവാസികളായ കറുത്തവര്‍ഗക്കാരുടേത് കൂടിയാണ്.
1994ല്‍ ജനാധിപത്യം സ്ഥാപിതമായത് മുതല്‍ ദക്ഷിണാഫ്രിക്ക ഭരിക്കുന്ന പാര്‍ട്ടിയാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഭൂരിപക്ഷമായ കറുത്തവര്‍ഗക്കാരുടെ പാര്‍ട്ടിയാണത്. പ്രതിപക്ഷമായ ഡെമോക്രാറ്റിക് അലയന്‍സാകട്ടെ, വെളുത്തവര്‍ഗക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്നവരാണെന്ന് ആക്ഷേപമുണ്ട്. വര്‍ണവിവേചനത്തിനെതിരെ നിലകൊണ്ട വെള്ളക്കാര്‍ തന്നെ സ്ഥാപിച്ചതാണീ പാര്‍ട്ടി. വെള്ളക്കാരുടെ മുന്‍കയ്യില്‍ രൂപംകൊണ്ട നിരവധി ചെറു പാര്‍ട്ടികള്‍ ഇതില്‍ ലയിച്ചു. 2000ലാണ് ഡെമോക്രാറ്റിക് അലയന്‍സ് ആ പേര് സ്വീകരിച്ചത്. അവരാണ് ഇന്ന് ദക്ഷിണാഫ്രിക്കയിലെ പ്രമുഖ പ്രതിപക്ഷം. ലിബറല്‍ ഡെമോക്രാറ്റുകളാണ് ഇവര്‍. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസാകട്ടെ, പ്രത്യയശാസ്ത്രപരമായി ഇന്ത്യയിലെ കോണ്‍ഗ്രസിനെ പോലെ സോഷ്യലിസ്റ്റ് ചായ്‌വുള്ള സെന്‍ട്രിസ്റ്റുകളും.
എട്ട് പതിറ്റാണ്ട് നീണ്ട വര്‍ണവിവേചനത്തിനും മര്‍ദ്ദകഭരണകൂടത്തിനുമെതിരെ ഐതിഹാസികമായി സമരം ചെയ്ത പാര്‍ട്ടിയാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്. അതിന്റെ നേതാവ് നെല്‍സണ്‍ മണ്ടേല നീണ്ട 27 വര്‍ഷമാണ് അതിന് വേണ്ടി ജയിലില്‍ കഴിഞ്ഞത്. വര്‍ണവെറിയന്‍ ഭരണകൂടത്തെ താഴെയിറക്കിയ ശേഷം ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ നെല്‍സണ്‍ മണ്ടേല ആദ്യ പ്രസിഡന്റായി. നെല്‍സണ്‍ മണ്ടേലക്ക് ശേഷം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിച്ച ജേക്കബ് സുമ പ്രഖ്യാപിച്ചത്, യേശു തിരിച്ചെത്തും വരെ ദക്ഷിണാഫ്രിക്ക ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ഭരിക്കുമെന്നായിരുന്നു. ഇത് വരെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ടര്‍മാര്‍ അത് തെളിയിക്കും വിധം എഎന്‍സിയെ പിന്തുണച്ചു പോന്നു.
എന്നാല്‍, പോയ വാരം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ എഎന്‍സിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. തലസ്ഥാനമായ പ്രിട്ടോറിയയിലും നെല്‍സണ്‍ മണ്ടേല ബേയിലും പാര്‍ട്ടി തോറ്റു. ജോഹനസ്ബര്‍ഗില്‍ കഷ്ടി കടന്നു കൂടുകയായിരുന്നു. വലിയ തോതിലുള്ള വോട്ട് നഷ്ടം രാജ്യത്തെമ്പാടും പാര്‍ട്ടിക്കുണ്ടായി. ഇതിനര്‍ത്ഥം എഎന്‍സി രാജ്യത്തെമ്പാടും തൂത്തെറിയപ്പെട്ടു എന്നല്ല. 2019ല്‍ പൊതുതെരഞ്ഞടുപ്പ് നടക്കാനിരിക്കുകയാണ് ദക്ഷിണാഫ്രിക്കയില്‍. തീര്‍ച്ചയായും പ്രതിപക്ഷത്തിന് ആത്മവിശ്വാസം പകരുന്നതാണ് ഈ തെരഞ്ഞെടുപ്പു ഫലം. എഎന്‍സിക്ക് ആശങ്കയും. യേശു വരും വരെ ദക്ഷിണാഫ്രിക്ക ഭരിക്കാന്‍ തങ്ങള്‍ക്കാവുമോയെന്ന് ജേക്കബ് സുമ ആവര്‍ത്തിക്കേണ്ടി വരും.
ഇത് വളരെ പെട്ടെന്നുണ്ടായ മാറ്റമല്ല. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ഏറെ നാളായി ക്ഷയിച്ചു വരികയാണ്. അഴിമതിയും സ്വജനപക്ഷപാതിത്തവും തന്നെ കാരണം. സ്വാഭാവികമായും ഇതോടെ പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പിസവും വളര്‍ന്നു. തൊഴിലില്ലായ്മയാകട്ടെ, ഇരുപത്താറ് ശതമാനം. സാമ്പത്തിക അസമത്വമാണ് ദക്ഷിണാഫ്രിക്ക നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. എണ്‍പത് ശതമാനം വരുന്ന കറുത്തവര്‍ഗക്കാരുടെ കയ്യില്‍ സമ്പത്തിന്റെയോ ഭൂമിയുടെയോ വ്യവസായത്തിന്റെയോ ഇരുപത് ശതമാനം പോലുമില്ല. ഇത് വര്‍ധിച്ച തോതിലുള്ള അശാന്തിയിലേക്കാണ് ദക്ഷിണാഫ്രിക്കയെ കൊണ്ടു പോകുന്നത്. കറുത്തവര്‍ഗക്കാര്‍ക്കിടയില്‍ വെള്ളക്കാരോടും വിദേശികളോടുമുള്ള അസഹിഷ്ണുതയും വെറുപ്പും വര്‍ധിച്ചു വരുന്നു. ഈ സാഹചര്യത്തിലാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവജന നേതാവായിരുന്ന ജൂലിയസ് മെലെമയുടെ നേതൃത്വത്തില്‍ പുതിയ ഒരു രാഷ്ട്രീയ കക്ഷി രൂപം കൊള്ളുന്നത്. പേര് എകണോമിക് ഫ്രീഡം ഫൈറ്റേഴ്സ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ രാജ്യത്തെ സാമ്പത്തിക അസമത്വം അവസാനിപ്പിക്കാനും ഭൂപരിഷ്കരണം നടപ്പാക്കാനും വേണ്ടി രൂപം കൊണ്ടതാണീ പാര്‍ട്ടി. 2013ലാണ് ഈ പാര്‍ട്ടി രൂപം കൊണ്ടത്. തീവ്ര ഇടത് നിലപാടുകളാണ് പാര്‍ട്ടിയുടേത്. എന്നാല്‍, മെലെമയെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങളും നിരീക്ഷകരും മറ്റൊരു ചിത്രമാണ് നല്‍കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഫാഷിസ്റ്റ് എന്നാണ് മെലെമയെ അവര്‍ വിളിക്കുന്നത്. വെള്ളക്കാര്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്നാരോപിച്ചാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് മെലെമയെ പുറത്താക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ നിരവധി കേസുകളുമുണ്ട്.
ദക്ഷിണാഫ്രിക്കയുടേതിന് സമാനമായ രാഷ്ട്രീയ സാഹചര്യങ്ങളുണ്ടായിരുന്ന സിംബാബ്‌വേയില്‍ വെള്ളക്കാരുടെ ഭരണകൂടത്തിന് അന്ത്യം കുറിച്ച് റോബര്‍ട്ട് മുഗാബെ മൂന്ന് പതിറ്റാണ്ടായി തന്റെ ഭരണം തുടരുന്നു. മുഗാബെ സിംബാബ്‌വെയില്‍ നടപ്പാക്കിയ ഭൂപരിഷ്കരണവും ദേശസാല്‍കരണ നടപടികളും ദക്ഷിണാഫ്രിക്കയിലും വരണമെന്നാണ് മെലെമയും കൂട്ടരും ആവശ്യപ്പെടുന്നത്. എന്നാല്‍, ഇതിനെ വെള്ളക്കാര്‍ക്കെതിരായ നീക്കമായാണ് പാശ്ചാത്യ ലോകം കാണുന്നത്. അതുകൊണ്ട് തന്നെ, മെലെമയും പാര്‍ട്ടിയും പാശ്ചാത്യ ലോകത്ത് സ്വീകാര്യരാവാന്‍ യാതൊരു സാധ്യതയുമില്ല.
എന്തായാലും, വര്‍ണവിവേചനത്തിന് ശേഷം സാമൂഹ്യ പുരോഗതിയില്‍ ഒരടി പോലും മുന്നോട്ട് പോകാത്ത ദക്ഷിണാഫ്രിക്കയിലെ ജനങ്ങള്‍ അതിന് കാരണക്കാരായി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കാണാന്‍ തുടങ്ങിയിരിക്കുന്നു. അഴിമതിക്കാരായ അതിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. എകണോമിക് ഫ്രീഡം ഫൈറ്റേഴ്സ് പാര്‍ട്ടി പോലുള്ളവരുയര്‍ത്തുന്ന രാഷ്ട്രീയ ആവശ്യങ്ങളെ അവഗണിച്ച് ഇനി അവര്‍ക്ക് മുന്നോട്ട് പോകാനാവില്ല. പോയ പ്രാദേശിക തെരഞ്ഞെടുപ്പില്‍ അവരുണ്ടാക്കിയ മുന്നേറ്റം അതിന് തെളിവാണ്. എന്തായാലും ദക്ഷിണാഫ്രിക്കയിലുണ്ടാകുന്ന അത്തരമൊരു മാറ്റം ഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളിലും സ്വാധീനം ചെലുത്തുമെന്നുറപ്പാണ്.