ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; ഗസ്സയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 84 പേർ

ഗസ്സയിലെ ഭക്ഷ്യ ശേഖരം പൂർണ്ണമായും തീർന്നതായി ഐക്യരാഷ്‌ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം

Update: 2025-04-26 04:05 GMT
Editor : Lissy P | By : Web Desk

ഗസ്സ സിറ്റി: ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. 24 മണിക്കൂറിനിടെ 84 പേർ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെ മുതൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 12 പേരാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ടവരെ പാർപ്പിച്ചിരുന്ന കൂടാരത്തിനു നേരെ ഉണ്ടായ ആക്രമണത്തിൽ അഞ്ചംഗ കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. ഇവരിൽ മൂന്നുകുട്ടികളുണ്ട്‌. ജബാലിയയിൽ ഒരു കുടുംബത്തിലെ 19പേർ കൊല്ലപ്പെട്ടു. ഹമാസ് പ്രത്യാക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ അറിയിച്ചു.

ഗസ്സയിൽ ആളപായം കൂട്ടാൻ മാരക ശേഷിയുള്ള ബോംബുകൾ ഇസ്രായേൽ സേന ഉപയോഗിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. അതേസമയം, ഇസ്രയേലിന്റെ സമ്പൂർണ ഉപരോധം രണ്ടുമാസമാകവേ ഗസ്സയിലെ ഭക്ഷ്യശേഖരം പൂർണ്ണമായും തീർന്നതായി ഐക്യരാഷ്‌ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം വെളിപ്പെടുത്തി.ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ എത്തിക്കണമെന്ന് ഗസ്സയുടെയും ലോകത്തിന്റെയും അഭ്യർഥന മാനിക്കാതെയാണ്‌ ഇസ്രായേൽ ഉപരോധവും ആക്രമണവും ശക്തമായി തുടരുന്നത്‌.

Advertising
Advertising

മധ്യസ്ഥ രാജ്യങ്ങൾ സമർപ്പിച്ച വെടിനിർത്തൽ നിർദേശത്തിമേൽ അനൗപചാരിക ചർച്ച തുടരുമ്പോ​ഴും ഗസ്സയിൽ ആക്രമണത്തിൽ നിന്ന്​ പിറകോട്ടില്ലെന്ന നിലപാടിലാണ്​ ഇസ്രായേൽ. ഹമാസിനെ അമർച്ച ചെയ്യുകയും ബന്ദികളുടെ മോചനം ഉറപ്പാക്കുകയും പ്രധാന യുദ്ധലക്ഷ്യങ്ങൾ തന്നെയാണെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു.

അതേസമയം, ഗസ്സയിലെ സ്ഥിതിയെ കുറിച്ച്​ താൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചതായി യു.എസ്​ പ്രസിഡന്‍റ്​ ട്രംപ്​ അറിയിച്ചു. ഗസ്സ ജനതയോട്​ അനുഭാവം പുലർത്തമെന്ന്​ താൻ നിർദേശിച്ചതായും ട്രംപ്​ പ്രതികരിച്ചു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News