ഇസ്രായേൽ അനുകൂല ഗ്രൂപ്പുകൾ രംഗത്തെത്തി; പരസ്യക്യാമ്പയിനിൽ നിന്ന് ബെല്ല ഹദീദിനെ മാറ്റി അഡിഡാസ്

റെട്രോ സ്‌നീക്കറുകൾക്കായുള്ള പരസ്യത്തിൽ‍ നിന്നാണ് ഫലസ്‌തീൻ അനുകൂല സൂപ്പർ മോഡലിനെ ഒഴിവാക്കിയത്

Update: 2024-07-21 04:29 GMT
Advertising

മ്യൂണിക്: തങ്ങളുടെ പുതിയ സ്നീക്കറുകളുടെ പരസ്യക്യാമ്പയിനിൽ നിന്ന് ഫലസ്തീൻ-അമേരിക്കൻ മോഡൽ ബെല്ലാ ഹദീദിനെ മാറ്റി സ്‌പോർട്‌സ്‌വെയർ കമ്പനി അഡിഡാസ്. 1972ൽ മ്യൂണിക്കിൽ നടന്ന ഒളിമ്പിക്‌സിൻ്റെ സ്മരണയ്ക്കായി വീണ്ടും പുറത്തിറക്കിയ റെട്രോ സ്‌നീക്കറുകൾക്കായുള്ള പരസ്യത്തിൽ‍ നിന്നാണ് ഫലസ്‌തീൻ അനുകൂല സൂപ്പർ മോഡലിനെ ഒഴിവാക്കിയത്. അമേരിക്കൻ മോഡലുമായി ബന്ധപ്പെട്ട് ഇസ്രായേൽ അനുകൂല ഗ്രൂപ്പുകൾ രംഗത്തെത്തിയതോടെയാണ് അഡിഡാസിന്റെ പിന്മാറ്റം.

1972ലെ മ്യൂണിക്ക് ഗെയിംസിൽ, ഫലസ്തീൻ ബ്ലാക്ക് സെപ്റ്റംബർ ഗ്രൂപ്പിലെ തോക്കുധാരികൾ ഒളിമ്പിക് ഗ്രാമത്തിൽ അതിക്രമിച്ച് കയറി 11 ഇസ്രായേലി അത്ലറ്റുകളെയും ഒരു ജർമൻ പൊലീസ് ഓഫീസറെയും കൊലപ്പെടുത്തിയിരുന്നു. എസ്.എൽ 72 എന്ന ഷൂ ഈ ഒളിംപിക്സ് ഗെയിംസിലാണ് കായികതാരങ്ങൾ ആദ്യമായി ധരിച്ചത്. ഇവ വീണ്ടും പുറത്തിറക്കിയതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

'ചരിത്രസംഭവങ്ങളെ കുറിച്ച് തങ്ങൾ ബോധവാന്മാരാണ്. മനഃപൂർവമല്ലെങ്കിലും എന്തെങ്കിലും അസ്വസ്ഥതയോ വിഷമമോ ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു.'- അഡിഡാസിനെ ഉദ്ധരിച്ച് എ.എഫ്‌.പി റിപ്പോർട്ട് ചെയ്തു.

തന്റെ ഫലസ്തീൻ-മുസ്‌ലിം പാരമ്പര്യത്തെക്കുറിച്ച് നേരത്തെയും ബെല്ല ഹദീദ് തുറന്നുപറഞ്ഞിരുന്നു. ഫലസ്തീൻ റിയൽ എസ്റ്റേറ്റ് വ്യവസായിയായ മുഹമ്മദ് ഹദീദും ഡച്ച് മോഡൽ യൊലാൻഡ ഹദീദുമാണ് ബെല്ലയുടെ മാതാപിതാക്കൾ. ഒക്‌ടോബർ 7ലെ ഹമാസ് ആക്രമണത്തിന് ശേഷം, ഹദീദ് ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ ഇസ്രായേലിൻ്റെ ആക്രമണത്തെ വംശഹത്യ എന്നും വിശേഷിപ്പിച്ചു.

ഫ്രാൻസിലെ കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപറ്റിൽ കുഫിയ കൊണ്ട് നിർമിച്ച ഫ്രോക്ക് ധരിച്ചാണ് ബെല്ല ഹദീദ് എത്തിയത്. ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായിരുന്നു ഇത്. ചുവപ്പും വെള്ളയും കുഫിയകൊണ്ട് ഡിസൈൻ ചെയ്ത ഫ്രോക്കാണ് ബെല്ല ധരിച്ചിരുന്നത്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News