ഒരു ദിവസം ഒരു ലക്ഷത്തിനു മുകളിൽ; ട്രംപിൻ്റെ വിജയത്തിനു പിന്നാലെ എക്സിൽ വൻ കൊഴിഞ്ഞുപോക്ക്
മസ്ക് ഉടമയായതിനു ശേഷമുള്ള ഏറ്റവും വലിയ കൊഴിഞ്ഞുപോക്കാണിതെന്ന് റിപ്പോർട്ട്
വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വൻ കൊഴിഞ്ഞുപോക്ക്. ട്രംപ് വിജയിച്ചതിനു പിന്നാലെ ഒരു ദിവസം കൊണ്ട് 1,15,000ലധികം പേരാണ് എക്സ് വിട്ടു പോയതെന്നാണ് റിപ്പോർട്ട്. ട്രംപിൻ്റ വിജയത്തിൽ സുപ്രധാന പങ്കാണ് എക്സ് ഉടമയായ ശതകോടീശ്വരൻ ഇലോൺ മസ്ക് വഹിച്ചത്.
മസ്ക് ഉടമയായതിനു ശേഷമുള്ള ഏറ്റവും വലിയ കൊഴിഞ്ഞുപോക്കാണിതെന്നും സിഎൻഎന്നിൻ്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എക്സിൻ്റെ ഈ വർഷത്തെ ഏറ്റവും ഉയർന്ന വെബ് ട്രാഫിക്കിനും ആ ദിവസം സാക്ഷ്യം വഹിച്ചു. ആപ്പിൾ ആപ്പ് സ്റ്റോറിൻ്റെ യുഎസ് പട്ടികയിൽ എക്സിൻ്റെ എതിരാളിയായ ബ്ലൂസ്കൈ ഈ ആഴ്ച ഒന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ ദിവസം പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയനും എക്സിൽ നിന്ന് പിൻവാങ്ങിയിരുന്നു. വിഷം വമിക്കുന്നതും വംശീയത നിറഞ്ഞതുമാണ് എക്സെന്നായിരുന്നു ഗാർഡിയൻ ഇതിനു കാരണമായി പറഞ്ഞത്. 10.7 മില്യൺ ഫോളോവേഴ്സായിരുന്നു ഗാർഡിയന് എക്സിൽ ഉണ്ടായിരുന്നത്. മസ്ക് എക്സ് ഉടമയായതിനുശേഷം പിൻവാങ്ങുന്ന ആദ്യ ബ്രിട്ടീഷ് മാധ്യമമായി ഗാർഡിയൻ മാറി. ദി ഗാർഡിയൻ അപ്രസക്തമാണെന്നായിരുന്നു മസ്ക് ഇതിനു പ്രതികരണമായി എക്സിൽ കുറിച്ചത്.
അതേസമയം, എക്സിൻ്റെ എതിരാളികളായ ബ്ലൂസ്കൈയുടെ ഉപയോക്താക്കളിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ 90 ദിവസത്തിനിടെ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിയായി വർധിച്ചു. കഴിഞ്ഞയാഴ്ച മാത്രം ഒരു മില്യണിലധികം പുതിയ യൂസേഴ്സ് സൈനപ്പ് ചെയ്തെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ എക്സ് ഉപയോക്താക്കളുടെ എണ്ണം ബ്ലൂസ്കൈയേക്കാൾ എത്രയോ കൂടുതലാണ്.
ട്രംപ് സർക്കാരിൽ മസ്കിന് സുപ്രധാന ചുമതല നൽകിയിട്ടുണ്ട്. യുഎസ് സർക്കാരിൽ കാര്യക്ഷമതാ വകുപ്പിൻ്റെ((DOGE) ചുമതലയാണ് നൽകിയിരിക്കുന്നത്. ഇന്ത്യൻ വംശജന്‍ വിവേക് രാമസ്വാമിയും വകുപ്പിലുണ്ട്. ഇരുവരും ചേര്‍ന്നാണ് വകുപ്പിനെ മുന്നോട്ടുകൊണ്ടുപോകുക. അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവുകൾ നിയന്ത്രിക്കുക, ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കുക എന്നിവ ഇവരുടെ ചുമതലകളിൽ ഉൾപ്പെടുന്നു.
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയതിന് പിന്നാലെ മസ്കിനെ പുകഴ്ത്തി ട്രംപ് രംഗത്തെത്തിയിരുന്നു. മസികിനെ 'സൂപ്പർ ജീനിയസ്' എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹത്തിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് നന്ദിപറയുകയും ചെയ്തിരുന്നു. ട്രംപിൻ്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഇലോൺ മസ്ക്, സുപ്രധാന സ്റ്റേറ്റായിരുന്ന പെൻസിൽവാനിയയിൽ ഉൾപ്പെടെ രണ്ടാഴ്ചയോളം പ്രചാരണം നയിച്ചിരുന്നു.
2022ൽ ട്വിറ്ററിനെ ഇലോൺ മസ്ക് എറ്റെടുത്ത ശേഷമാണ് എക്സ് എന്ന് പേരുമാറ്റിയത്. ഇതിന് പിന്നാലെ പ്ലാറ്റ്ഫോമിന്‍റെ വിശ്വാസ്യതയിൽ വൻ ഇടിവു സംഭവിച്ചതായി വ്യാപക വിമർശനമുയർന്നിരുന്നു.