'ഫാസിസത്തിനും അപ്പാർത്തീഡിനുമെതിരെ'; ഇസ്രായേലിൽ നെതന്യാഹു ഭരണകൂടത്തിനെതിരെ ആയിരങ്ങളുടെ പ്രതിഷേധം
രാജ്യത്തിന്റെ 74 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലതുപക്ഷവും മത യാഥാസ്ഥിതികവുമായ ഗവൺമെൻറ് അധികാരത്തിലെത്തി ദിവസങ്ങൾക്കകമാണ് പ്രതിഷേധം
ടെൽഅവീവ്: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗവൺമെൻറിന്റെ നയങ്ങൾ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിൽ ആയിരങ്ങളുടെ പ്രതിഷേധം. രാജ്യത്തിന്റെ 74 വർഷത്തെ ചരിത്രത്തിൽ ഏറ്റവും വലതുപക്ഷവും മത യാഥാസ്ഥിതികവുമായ ഗവൺമെൻറ് അധികാരത്തിലെത്തി ദിവസങ്ങൾക്കകമാണ് ശനിയാഴ്ച ടെൽഅവീവിൽ പ്രതിഷേധം നടന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിൽ കൂടുതൽ നിയമവിരുദ്ധ കുടിയേറ്റങ്ങൾ നടത്താനും രാജ്യത്തെ കോടതിയെ ദുർബലപ്പെടുത്താനും ഗവൺമെൻറ് ലക്ഷ്യമിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇസ്രായേലി പാർലമെൻറിലെ ഇടതുപക്ഷ - ഫലസ്തീനി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.
ജനാധിപത്യം അപകടത്തിൽ, ഫാസിസത്തിനും അപ്പാർത്തീഡിനുമെതിരെ ഒന്നിച്ച്, വീട്, മെച്ചപ്പെട്ട ജീവിതസാഹചര്യം തുടങ്ങിയ മുദ്രാവാക്യങ്ങളും പ്രതിഷേധകർ ഉയർത്തി. രാജ്യത്തെ സുപ്രിംകോടതിയെ ദുർബലപ്പെടുത്തുന്ന തരത്തിൽ നിയമമന്ത്രി യാരിവ് ലെവിൻ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളെയും പ്രതിഷേധകർ വിമർശിച്ചു. അറബികൾക്കും ജൂതർക്കും ഇതര വിഭാഗക്കാരും ഇസ്രായേലിൽ സമാധാന പൂർണമായി ജീവിക്കാൻ സാഹചര്യമൊരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
1996 മുതൽ 1999 വരെയും 2009 മുതൽ 2021 വരെയും രാജ്യത്തെ നയിച്ച 73 കാരനായ നെതന്യാഹു, ഇസ്രായേൽ കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചയാളാണ്.
'Against Fascism and Apartheid'; Thousands protest against the Netanyahu government in Israel