26 വർഷം മുൻപ് കാണാതായ '19കാരൻ' അയൽവീട്ടിലെ ഭൂഗര്‍ഭ അറയില്‍ ജീവനോടെ!

പൊന്നുമകനു വേണ്ടിയുള്ള കണ്ണുകഴച്ചുള്ള കാത്തിരിപ്പ് ബാക്കിയാക്കി 2013ൽ ഒമറിന്റെ മാതാവ് മരിക്കുകയും ചെയ്തു

Update: 2024-05-17 16:51 GMT
Editor : Shaheer | By : Web Desk
Advertising

അൾജിയേഴ്‌സ്: അൾജീരിയയിൽ ആഭ്യന്തര യുദ്ധം കൊടുമ്പിരികൊള്ളുന്ന കാലം. ഉത്തര അൾജീരിയൻ നഗരമായ ജെൽഫയിൽ രാവിലെ സ്‌കൂളിലേക്കു പോയ 19കാരൻ ഒമർ ബിൻ ഒമ്രാൻ വൈകീട്ട് ഏറെ വൈകിയിട്ടും വീട്ടിലേക്കു തിരിച്ചുവന്നില്ല. പരിഭ്രാന്തരായ വീട്ടുകാർ സ്‌കൂളിലും ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം തിരച്ചിൽ നടത്തിയിട്ടും ഒരു വിവരവും ലഭിച്ചില്ല. പൊലീസിനെ അറിയിച്ചും ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. മകനു വേണ്ടിയുള്ള കാത്തിരിപ്പ് മാസങ്ങളും വർഷങ്ങളും പിന്നിട്ടു. നിരാശ തന്നെ ഫലം. മകൻ യുദ്ധത്തിനിടയിൽ കൊല്ലപ്പെടുകയോ ആരെങ്കിലും തട്ടിക്കൊണ്ടുപോകുകയോ ചെയ്തതാകാമെന്ന് മനസിനെ വിശ്വസിപ്പിച്ചു കഴിഞ്ഞു അമ്മയും അച്ഛനും കുടുംബവുമെല്ലാം. എന്നാൽ, ഇപ്പോൾ കൃത്യം 26 വർഷങ്ങൾക്കുശേഷം വീട്ടിൽനിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെയുള്ള അയൽവാസിയുടെ വീട്ടിൽനിന്ന് അവനെ കണ്ടെത്തുന്നു!

ഒരു സിനിമാക്കഥ കേട്ട പോലെ, വായിച്ച പോലെ തോന്നുന്നുണ്ടല്ലേ..!? എന്നാൽ, അങ്ങനെ എഴുതിത്തള്ളേണ്ട. ഇതൊരു ഞെട്ടിപ്പിക്കുന്ന ജീവിതകഥയാണ്. 1990കളിലെ ആഭ്യന്തര യുദ്ധക്കാലത്ത് കാണാതായ ഒമർ ബിൻ ഒമ്രാൻ എന്ന അന്നത്തെ 19കാരനെ തറവാട്ടുവീട്ടിന്റെ തൊട്ടയൽപ്പക്കത്തെ വീട്ടില്‍ ഒരു ഭൂഗര്‍ഭ അറയില്‍ വൈക്കോൽകൂനയ്ക്കകത്തുനിന്നു കണ്ടെത്തിയ വാർത്തയാണിപ്പോൾ അൾജീരിയയിലെ ചായക്കടയിലും അങ്ങാടിയിലും അടുക്കളയിലുമെല്ലാം ചർച്ച. അൾജീരിയൻ നിയമമന്ത്രാലയം തന്നെയാണ് ഒമറിന്റെ അത്ഭുതകരമായ 'അതിജീവനക്കഥ' പുറത്തുവിട്ടിരിക്കുന്നത്. ഒരു ചതിയുടെ കഥ കൂടിയാണ് ഇതിലൂടെ ചുരുളഴിയുന്നത്.

കുട്ടിക്കാലത്ത് കഴിഞ്ഞിരുന്ന വീടിന്റെ 200 മീറ്റർ മാത്രം അകലെയുള്ള വീട്ടിലായിരുന്നു ഇത്രയും കാലം പുറംലോകമറിയാതെ രണ്ടര പതിറ്റാണ്ടുകാലം ഒമർ കഴിഞ്ഞത്. ഇപ്പോൾ 61 വയസുള്ള, തൊട്ടടുത്തുള്ള എൽഗുവേദിദിലെ നഗരസഭാ കാര്യാലയത്തിലെ സുരക്ഷാ ജീവനക്കാരനാണ് ഇത്രയും കാലം അവനെ വീട്ടിൽ പുറംലോകത്തിന് ഒരു സൂചനയും നൽകാതെ ഒളിപ്പിച്ചിരുന്നത്. മേയ് 12നാണ് ഇയാളുടെ വീട്ടിലെ വൈക്കോൽകൂനയ്ക്കിടയിൽനിന്ന് പൊലീസ് ഒമറിനെ കണ്ടെടുക്കുന്നത്.

പ്രതിയും സഹോദരനും തമ്മിലുള്ള കുടുംബവഴക്കാണിപ്പോൾ 26 വർഷം പഴക്കമുള്ളൊരു ചതിയുടെ കഥയാണിപ്പോൾ 'ജീവനോടെ' പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഇരുവരും തമ്മിൽ ഏറെനാളായി സ്വത്തുതർക്കമുണ്ടായിരുന്നു. ജ്യേഷ്ഠൻ ഒരുനിലയ്ക്കും വഴങ്ങാതായതോടെയാണ് സഹോദരൻ അവസാനത്തെ 'അടവ് പുറത്തെടുക്കുകയായിരുന്നു'. ദിവസങ്ങൾക്കുമുൻപ് സോഷ്യൽ മീഡിയയിൽ ലൈവിട്ടാണു സംഭവകഥകൾ ഓരോന്നായി സഹോദരൻ പുറത്തുവിട്ടത്. ഈ കഥകളിൽ ആദ്യമൊക്കെ എല്ലാവർക്കും സംശയം തോന്നിയെങ്കിലും പൊലീസും അധികൃതരുമെല്ലാം ചേർന്ന് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.

വൈക്കോൽകൂനയിൽനിന്നു പുറത്തുവരുമ്പോൾ ആ കൗമാരക്കാരന്റെ കോലം ആകെ മാറിയിട്ടുണ്ട്. 19കാരന്റെ ആ നിഷ്‌കളങ്ക ഭാവമില്ല ഇപ്പോൾ. മീശയും താടിയും തിങ്ങിനിറഞ്ഞ് ദൈന്യത മുറ്റിയ, കൊടുംപീഡകളുടെയും നിസ്സഹായതയുടെയും മുറിവുകൾ ബാക്കിനിൽക്കുന്ന മുഖവുമായാണു പുറംലോകത്തിന്റെ വെളിച്ചത്തിലേക്ക് ഒമർ കണ്ണുതുറക്കുന്നത്. ഇതിനിടയിൽ ആ ക്രൂരനായ അയല്‍ക്കാരന്‍ ദുര്‍മന്ത്രവാദത്തിലൂടെ സംസാരശേഷി ഇല്ലാതാക്കിയെന്നും യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനാല്‍ ഉറക്കെക്കരയാനോ ഒന്നു ശബ്ദമുയർത്തി സഹായാഭ്യർഥന നടത്താനോ ആയില്ല ഒമറിനെന്ന് അൽജസീറ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടയിൽ പൊന്നുമകനു വേണ്ടിയുള്ള കണ്ണുകഴച്ചുള്ള കാത്തിരിപ്പ് ബാക്കിയാക്കി ഉമ്മ 2013ൽ മരണത്തിനു കീഴടങ്ങിയിരുന്നു. അയൽക്കാരന്റെ 'തടങ്കലിൽ' കഴിയുമ്പോഴും വല്ലപ്പോഴുമൊക്കെ വീട്ടുകാരെ അകലെനിന്നു കണ്ടിട്ടിട്ടുണ്ടെന്നു യുവാവ് വെളിപ്പെടുത്തിയതായി അൾജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഉറക്കെ ശബ്ദമുയർത്താനുള്ള ശേഷി നഷ്ടപ്പെട്ടതിനാൽ ഒന്ന് ഉറക്കെ വിളിക്കാനായില്ലെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്.

ഒമറിന്റെ ആരോഗ്യത്തിൽ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. ആവശ്യമായ ആരോഗ്യ പരിചരണങ്ങളുമായി ഡോക്ടർമാർ സജീവമാണ്. മാനസിക വിദഗ്ധരും ഇദ്ദേഹത്തെ പരിശോധിച്ചു വേണ്ട പരിചരണങ്ങൾ നൽകുന്നുണ്ട്.

ഇതിനിടയിൽ, ഒമറിനെ കണ്ടെത്തിയ വിവരം അറിഞ്ഞു പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ പിടിയിലായി. മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ അൾജീരിയൻ ഭരണകൂടം അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരമൊരു കൃത്യത്തിലേക്ക് ഇയാളെ നയിച്ചതെന്താണെന്നൊന്നും ഇതുവരെ വ്യക്തമായിട്ടില്ല. ഇതേക്കുറിച്ചുള്ള വിവരങ്ങളും ഇത്രയും കാലത്തെ ഒമറിന്റെ അജ്ഞാതജീവിതവുമെല്ലാം വരും ദിവസങ്ങളിൽ ചുരുളഴിയുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

അൾജീരിയൻ ചരിത്രത്തിലെ 'ഇരുണ്ട ദശകമായാണ്' 1990കൾ അറിയപ്പെടുന്നത്. രാജ്യത്ത് ചോരച്ചാലൊഴുകിയ ആ ആഭ്യന്തര യുദ്ധത്തിൽ രണ്ടു ലക്ഷത്തോളം പേർക്കു ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 20,000ത്തോളം പേരെ ഭീകരസംഘങ്ങൾ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുണ്ട്. 1992നും 1998നും ഇടയിൽ മാത്രം 8,000ത്തോളം അൾജീരിയക്കാരെ കാണാതായിട്ടുണ്ടെന്നാണു വിവരം.

Summary: Algerian boy missing for 26 years found held in neighbour's home cellar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News